ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
ഇപ്പോള്‍ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. സ്‌പോര്‍ട്‌സ് സ്റ്റാറിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് ശാസ്ത്രി ഈ കാര്യം പറഞ്ഞത്. വിരാടിന് രണ്ട് വര്‍ഷം ഇനിയും ബാക്കിയുണ്ടായിരുന്നെന്ന് തനിക്കുറപ്പായിരുന്നെന്നും ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാടിനെ കാണാന്‍ ആഗ്രഹിച്ചെന്നും ശാസ്ത്രി പറഞ്ഞു. പക്ഷെ വിരമിക്കാനുള്ള കാരണം അവന് നന്നായി അറിയാമെന്നും മാനസികമായ ബുദ്ധിമുട്ടുകള്‍കൊണ്ടാകാം വിരാട് വിരമിച്ചതിന് കാരണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും രണ്ട് വര്‍ഷം വിരാടിന് ബാക്കിയുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സമ്മറില്‍ അവന്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. പര്യടനത്തില്‍ അവനെ ക്യാപ്റ്റനാക്കുന്നത് നല്ല ആശയമായിരുന്നു. പക്ഷേ എന്തുകൊണ്ടാണ് അവന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ടീമിലെ മറ്റേതൊരു കളിക്കാരനെയും പോലെ വിരാട് ഫിറ്റാണ്, എന്നാല്‍ മാനസിക ബുദ്ധിമുട്ടുകളാവാം വിരമിക്കല്‍ തീരുമാനമെടുക്കാന്‍ അവനെ പ്രേരിപ്പിച്ചത്.
അവന് തന്റെ ശരീരത്തെക്കുറിച്ച് ഏറ്റവും നന്നായി അറിയാമായിരുന്നു, പക്ഷേ മനസായിരുന്നു നിര്‍ണായക പങ്ക് വഹിച്ചിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിര്‍ണായക ഘട്ടത്തില്‍ വിരാട് കരിയര്‍ വെട്ടിക്കുറയ്ക്കുന്നത് ഞാന്‍ തള്ളിക്കളയില്ല,’ രവി ശാസ്ത്രി സ്‌പോര്‍ട്സ്റ്റാറിന് വേണ്ടി എഴുതി.
2014ല്‍ എം.എസ്. ധോണിയില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് എട്ട് വര്‍ഷക്കാലം ഇന്ത്യയെ വിജയകരമായി നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിത്തന്ന നായകന്‍ കൂടിയാണ് വിരാട്.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്.
Content Highlight: Ravi Shastri Talking About Virat Kohli’s Retirement