രോഹിത് ശര്‍മ്മ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ആരംഭിച്ചതാണ് ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ചകള്‍. കഴിഞ്ഞ ദിവസം ബി.സി.സി.ഐ ഇന്ത്യ എ സ്‌ക്വാഡ് പ്രഖ്യാപിച്ചതോടെ പുതിയ ക്യാപ്റ്റനെയും അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ശുഭ്മന്‍ ഗില്‍ നായകനായേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ഗില്ലിന് പുറമെ ജസ്പ്രീത് ബുംറ, കെ.എല്‍ രാഹുല്‍, റിഷബ് പന്ത് എന്നിവരെയും പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പല സീനിയര്‍ താരങ്ങളും ഈ സ്ഥാനത്തേക്ക് ഇവരില്‍ പലരുടെയും പേരുകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ദേശീയ മാധ്യമങ്ങള്‍ ജസ്പ്രീത് ബുംറയെ പരിക്ക് കാരണം ക്യാപ്റ്റനായി പരിഗണിക്കുന്നില്ലെന്നും ഗില്ലിനാണ് കൂടുതല്‍ സാധ്യതകള്‍ എന്നും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് പിന്നാലെ പരിചയ കുറവുണ്ടെന്നും പ്ലെയിങ് ഇലവനില്‍ പോലും സ്ഥാനം ഉറപ്പില്ലാത്ത താരത്തെയാണോ ക്യാപ്റ്റനായി പരിഗണിക്കുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതോടൊപ്പം വിദേശ രാജ്യങ്ങളില്‍ താരത്തിന് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. ഗില്ലിന് എല്ലാ ഗുണങ്ങളുണ്ടെന്നും ഐ.പി.എല്‍ ഫ്രാഞ്ചൈസിയെ നയിച്ചുകൊണ്ട് ക്യാപ്റ്റന്മാരായി അവര്‍ക്ക് പരിചയമുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
വിദേശത്ത് ഗില്‍ റണ്‍സ് നേടിയിട്ടില്ലെന്ന് ചിലര്‍ പറഞ്ഞേക്കാമെന്നും താന്‍ അവരോട് വിദേശത്ത് എത്രമാത്രം ചെയ്തിട്ടുണ്ടെന്ന് ചോദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവനെ കളിക്കാന്‍ അനുവദിക്കൂയെന്നും അപ്പോള്‍ ഗില്‍ റണ്‍സ് നേടുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഐ.പി.എല്ലില്‍ അവരുടെ ഫ്രാഞ്ചൈസിയെ നയിച്ചുകൊണ്ട് ക്യാപ്റ്റന്മാരായി അവര്‍ക്ക് ഇപ്പോള്‍ പരിചയമുണ്ട്. അത് ഒരു മാറ്റമുണ്ടാക്കുന്നു. ശുഭ്മന്‍ ഗില്‍ ഞാന്‍ കണ്ടിട്ടുള്ള മികച്ച കളിക്കാരില്‍ ഒരാളാണ്. അവന് എല്ലാ ഗുണങ്ങളുമുണ്ട്. അവന് സമചിത്തത, ശാന്തത എന്നിവയുണ്ട്.
വിദേശത്ത് അവന്‍ റണ്‍സ് നേടിയിട്ടില്ലെന്ന് ചിലര്‍ പറഞ്ഞേക്കാം. പക്ഷേ ആ വിഷയം എപ്പോഴും ഉയര്‍ന്നുവരുന്നു. ചിലപ്പോള്‍ ഞാന്‍ അവരോട് പറയും, പോയി നിങ്ങളുടെ സ്വന്തം റെക്കോര്‍ഡ് നോക്കൂ, നിങ്ങള്‍ വിദേശത്ത് എത്രമാത്രം ചെയ്തിട്ടുണ്ട്?
അവനെ കളിക്കാന്‍ അനുവദിക്കൂ, വിദേശത്ത് റണ്‍സ് നേടട്ടെ, അപ്പോള്‍ അവന്‍ റണ്‍സ് നേടും. അവന്‍ ഒരു ക്ലാസ് കളിക്കാരനാണ്,’ ശാസ്ത്രി പറഞ്ഞു.
ഇന്ത്യക്കായി ടെസ്റ്റില്‍ ഗില്‍ 32 മത്സരങ്ങളില്‍ നിന്ന് 1893 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. റെഡ് ബോളില്‍ താരത്തിന് 35.05 ആവറേജും 59.92 സ്‌ട്രൈക്ക് റേറ്റുമാണുള്ളത്.
Content Highlight: Ravi Shastri slams the critics of Shubhman Gill