ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പിന് നാളെയാണ് തുടക്കമാവുന്നത്. ടൂര്‍ണമെന്റിനായി ഇന്ത്യന്‍ താരങ്ങള്‍ യു. എ.ഇയില്‍ എത്തി പരിശീലനമാരംഭിച്ചിട്ടുണ്ടെങ്കിലും ടീം കോമ്പിനേഷനെ കുറിച്ച് യാതൊരു സൂചനയുമില്ല. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ, ഇറങ്ങുകയാണെങ്കില്‍ ഏത് റോളിലാവും എത്തുകയെന്നുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ചര്‍ച്ച.
ഇപ്പോള്‍ താരത്തിന്റെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ടീം പരിശീലകനുമായ രവി ശാസ്ത്രി. സഞ്ജു ടോപ് ഓര്‍ഡറില്‍ അപകടകാരിയാണെന്നും ഓപ്പണറായി തന്നെ ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗില്‍ മറ്റാര്‍ക്കെങ്കിലും പകരം ടീമില്‍ എത്തട്ടെയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
‘സഞ്ജു ടോപ് ത്രീയില്‍ ഏറ്റവും അപകടകാരിയായ താരമാണ്. അവിടെയാണ് അവന്‍ മത്സരങ്ങള്‍ വിജയിപ്പിക്കുന്നത്. അതുകൊണ്ട് അവനെ അവിടെ തന്നെ കളിപ്പിക്കണം. ഗില്ലിനായി താരത്തിനെ മാറ്റുന്നത് എളുപ്പമുള്ള കാര്യമല്ല. ടി – 20യില്‍ ഇന്ത്യക്കായി സഞ്ജുവിന് മികച്ച ട്രാക്ക് റെക്കോര്‍ഡാണുള്ളത്.
അവന്‍ ശുഭ്മന്‍ ഗില്ലിന് പോലും വെല്ലുവിളിയാകാന്‍ പോന്ന കളിക്കാരനാണ്. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ മറ്റാരെങ്കിലും മാറ്റണം. പക്ഷേ, സഞ്ജു ഓപ്പണറായി ഇറങ്ങണം. അവന്‍ അപകടകാരിയാണ്, ഒരു മാരക കളിക്കാരനാണ്. സഞ്ജുവൊരു മാച്ച് വിന്നറാണ്,’ ശാസ്ത്രി പറഞ്ഞു.
ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും അനിശ്ചിതത്തിലാണ്. ശുഭ്മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തിയതാണ് ഇതിന് കാരണം. മലയാളി താരത്തിന് പകരം ഓപ്പണിങ്ങില്‍ ഗില്‍ എത്തിയേക്കുമെന്നാണ് പുറത്ത് വന്ന പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
എന്നാല്‍ മധ്യനിരയില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയ്ക്കുവേണ്ടി നേരത്തെ മധ്യനിരയില്‍ കളിച്ച താരമാണ് സഞ്ജു. വിക്കറ്റ് കീപ്പര്‍ കം ഫിനിഷര്‍ റോളില്‍ സഞ്ജു കളത്തില്‍ എത്തും എന്നാണ് പല സീനിയര്‍ താരങ്ങളും പറയുന്നത്. എന്നാല്‍, ഇതിന് ടീമില്‍ ഉള്‍പ്പെട്ട ജിതേഷ് ശര്‍മ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ടൂര്‍ണമെന്റില്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കാന്‍ കൂടുതല്‍ സാധ്യത ജിതേഷിനാണെന്ന് കഴിഞ്ഞ ദിവസം ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിശീലന സെക്ഷനില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ജിതേഷ് ശര്‍മ ഏറെനേരം നെറ്റ്സില്‍ പ്രാക്ടീസ് ചെയ്തിരുന്നു. എന്നാല്‍ സഞ്ജു ത്രോ-ഡൗണിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ട്.
അതേസമയം, ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ 10നാണ്. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.