| Monday, 8th September 2025, 8:54 pm

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വജ്രായുധം അവന്‍; സൂപ്പര്‍ താരത്തെക്കുറിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

2025ലെ ഏഷ്യാ കപ്പ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ഇതോട ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ ടീമും. 15 അംഗ സ്‌ക്വാഡുമായി ദുബായില്‍ ഇന്ത്യ പരിശീലന സെഷന്‍ തുടരുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് ഇന്ത്യ തെരഞ്ഞടുത്തത്.

അറ്റാക്കിങ് പേസര്‍ ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് യൂണിറ്റാണ് ഇന്ത്യയുടേത്. ടീമില്‍ സ്പിന്‍ ബൗളിങ്ങിന് ശക്തി പകരാന്‍ വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവുമുണ്ട്. ഇപ്പോള്‍ കുല്‍ദീപിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിന് ടീമിനായി പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രി പറഞ്ഞത്.

‘കുല്‍ദീപ് ഇപ്പോള്‍ തന്റെ ഏറ്റവും മികച്ച ഫോമിലാണെന്ന് തോന്നുന്നു. ഐ.പി.എല്ലില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു, നിര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ ഇന്ത്യയുടെ സാഹചര്യങ്ങളും കരുത്തും കാരണം ടീമില്‍ ഇടം നേടാന്‍ അവന് കഴിഞ്ഞില്ല. പക്ഷേ ഏഷ്യാ കപ്പില്‍ വരുണിനും അക്സര്‍ പട്ടേലിനുമൊപ്പം അദ്ദേഹം ഒരു നിര്‍ണായക ഘടകമായിരിക്കും,’ രവി ശാസ്ത്രി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 2017ല്‍ അരങ്ങേറ്റം നടത്തിയ കുല്‍ദീപ് 40 മത്സരങ്ങളാണ് കളിച്ചത്. 69 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയതും. 5/ 17 എന്ന മികച്ച ബൗളിങ് പ്രകടനവും ചൈന മാന്‍ ബൗളര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ നിന്ന് 181 വിക്കറ്റുകളും സ്പിന്നര്‍ നേടി.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്

Content Highlight: Ravi Shastri Praises Kuldeep Yadav

We use cookies to give you the best possible experience. Learn more