പരാശക്തി ഒരു തീയാണ്.. അത് കെടുത്താൻ പുറത്തുനിന്നും ശക്തികൾ ശ്രമിക്കുന്നുണ്ട്: രവി മോഹൻ
Malayalam Cinema
പരാശക്തി ഒരു തീയാണ്.. അത് കെടുത്താൻ പുറത്തുനിന്നും ശക്തികൾ ശ്രമിക്കുന്നുണ്ട്: രവി മോഹൻ
നന്ദന എം.സി
Monday, 5th January 2026, 4:31 pm

പൊങ്കൽ റിലീസിനൊരുങ്ങുകയാണ് ശിവകാർത്തികേയൻ നായകനായും രവി മോഹൻ പ്രതിനായകനായും എത്തുന്ന ‘പരാശക്തി’. വിജയ് നായകനായെത്തുന്ന ജനനായകൻ ചിത്രത്തിനൊപ്പം ക്ലാഷ് റിലീസായാണ് പരാശക്തി ഇറങ്ങുന്നത്. ഇതോടെ പൊങ്കൽ ബോക്‌സ് ഓഫീസ് പോരാട്ടം കടുപ്പമാകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ഇതിനിടെ, ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് രവി മോഹൻ സംവിധായിക സുധ കൊങ്കരയെയും സിനിമയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Parashakthi, Official Poster, Photo: IMDb

‘ഒരു നല്ല പുരുഷൻ ഉള്ളപ്പോൾ സ്ത്രീകൾക്ക് സെയിഫ് ആയ ഫീൽ ഉണ്ടാകുന്നതുപോലെ, ഒരു നല്ല സ്ത്രീയായതുകൊണ്ട് ഒരു പുരുഷനായ എനിക്ക് സെറ്റിൽ അതീവ സുരക്ഷിതമായ ഫീലിങ്ങാണ് സുധ കൊങ്കര മാമിന്റെ കൂടെ വർക്ക് ചെയ്യുമ്പോൾ ഉണ്ടായത്. യാതൊരു ഈഗോയും ഇല്ലാത്ത വ്യക്തിയാണ് സുധ മാം,’ രവി മോഹൻ പറഞ്ഞു.

താൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്ന് സുധ മാമിന്റെ സ്ക്രിപ്റ്റ്, രണ്ടാമത് സുധ മാം ആയതുകൊണ്ടുമാണ്. ഒരു നല്ല ഡയറക്ടറുടെ കൂടെ വർക്ക് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Parashakthi, Official Poster, Photo: IMDb

‘പരാശക്തി’യെ തമിഴ് സിനിമയുടെ ഒരു ‘ഗോൾഡ്’ എന്നും വിശേഷിപ്പിച്ച രവി മോഹൻ , ഗോൾഡിനെ നശിപ്പിക്കാൻ പല ശക്തികളും ഉണ്ടാകും. പക്ഷേ അത് ഒരിക്കലും നശിക്കില്ലെന്നും, പരാശക്തി ഒരു തീയാണ്. ഈ തീ നശിപ്പിക്കാൻ പുറത്തുനിന്ന് ആളുകൾ ശ്രമിക്കും. പക്ഷേ ഇത് ഡെയ്ഞ്ചർ ആയ തീയല്ല, ദൈവത്തിന്റെ സ്നേഹമുള്ള തീയാണ്. അതാണ് പരാശക്തിയുടെ ശക്തി, എന്നും അദ്ദേഹം പറഞ്ഞു.

1965 ലെ തമിഴ് നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത് അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ രാജേന്ദ്രൻ എന്ന വിദ്യാർത്ഥി നേതാവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശിവകാർത്തികേയന്റെ കഥാപാത്രത്തെ സൃഷ്ട്ടിച്ചത്.

Parashakthi, Official Poster, Photo: IMDb

വിജയ്യുടെ അവസാന ചിത്രമായ ജനനായകനൊപ്പം റിലീസാകുന്ന ‘പരാശക്തി’ സൂരറൈ പൊട്രിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ശിവകാർത്തികേയനോടൊപ്പം ബേസിൽ ജോസഫ്, അഥർവ, ശ്രീലീല തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ശ്രീലീലയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.

Content Highlight: Ravi Mohan talks about the movie Parasakti

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.