തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് രവി മോഹന്‍. സഹോദരനായ മോഹന്‍ രാജ സംവിധാനം ചെയ്ത ജയം എന്ന ചിത്രത്തിലൂടെയാണ് രവി സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കിയ താരം തമിഴില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്താനും അദ്ദേഹത്തിന് സാധിച്ചു.
കരിയറിന്റെ തുടക്കത്തില്‍ രവി നായകനായെത്തിയ ചിത്രങ്ങള്‍ പലതും തെലുങ്കില്‍ ഹിറ്റായ സിനിമകളുടെ റീമേക്കുകളായിരുന്നു. ആ ചിത്രങ്ങളെല്ലാം തമിഴില്‍ ഹിറ്റാവുകയും ചെയ്തു. മലയാളത്തില്‍ നിന്ന് ഏതെങ്കിലും സിനിമ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് രവി മോഹന്‍. ഒരുപാട് സിനിമകള്‍ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് രവി മോഹന്‍ പറഞ്ഞു.
അതിലൊന്ന് മോഹന്‍ലാല്‍ നായകനായ കിലുക്കമാണെന്നും ആ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിത്തമുള്ള പെരുമാറ്റം കണ്ടിരിക്കാന്‍ നല്ല രസമാണെന്നും അദ്ദേഹം പറയുന്നു. തമിഴില്‍ പ്രഭു, കാര്‍ത്തിക് എന്നിവരുടെ പെര്‍ഫോമന്‍സുകള്‍ ഒന്നിച്ചതുപോലെയാണ് കിലുക്കത്തില്‍ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ തോന്നിയതെന്നും രവി പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു രവി മോഹന്‍.
‘ഒരുപാട് മലയാളം സിനിമകള്‍ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കാരണം, മലയാളത്തില്‍ ഇറങ്ങുന്നതില്‍ പലതും ഗംഭീര സിനിമകളാണ്. എന്നെ വല്ലാതെ അട്രാക്ട് ചെയ്യുന്ന സിനിമകളാണ് കൂടുതലും. അതില്‍ റീമേക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സിനിമകളിലൊന്നാണ് കിലുക്കം. ലാല്‍ സാര്‍ അപാര പെര്‍ഫോമന്‍സാണ് ആ സിനിമയില്‍ നടത്തിയത്.
അദ്ദേഹത്തിന്റെ ആ കുട്ടിത്തമുള്ള പെര്‍ഫോമന്‍സ് കണ്ടിരിക്കാന്‍ തന്നെ രസമാണ്. തമിഴില്‍ രണ്ട് നടന്മാര്‍ക്ക് മാത്രമേ അതുപോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കുള്ളൂ. പ്രഭു സാറും കാര്‍ത്തിക് സാറുമാണ് ആ നടന്മാര്‍. പക്ഷേ, ലാല്‍ സാറിന്റെ പെര്‍ഫോമന്‍സെന്ന് പറഞ്ഞാല്‍ ഈ രണ്ട് പേരുടെയും ഒരു മിക്‌സ് പോലെയാണ്. കിലുക്കം എന്റെ ഓള്‍ ടൈം ഫേവറെറ്റാണ്.
അതുപോലെ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയും റീമേക്ക് ചെയ്യണമെന്നുണ്ട്. ജയറാം സാറാണ് ആ പടത്തില്‍ നായകന്‍. എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണത്. കമല്‍ സാറാണ് ആ പടത്തിന്റെ ഡയറക്ടര്‍. നല്ല കഥയും ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സുമാണ് ആ സിനിമയില്‍. വേറെയും സിനിമകള്‍ റീമേക്ക് ചെയ്യണമെന്നുണ്ട്. ടോപ്പില്‍ ഉള്ള രണ്ട് സിനിമകള്‍ ഇതാണ്,’ രവി മോഹന്‍ പറയുന്നു.
Content Highlight: Ravi Mohan saying he wishes to remake Kilukkam movie in Tamil