തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് രവി മോഹന്‍. സഹോദരനായ മോഹന്‍ രാജ സംവിധാനം ചെയ്ത ജയം എന്ന ചിത്രത്തിലൂടെയാണ് രവി സിനിമാലോകത്തേക്ക് കടന്നുവന്നത്. ആദ്യചിത്രം തന്നെ സൂപ്പര്‍ഹിറ്റാക്കിയ താരം തമിഴില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്താനും അദ്ദേഹത്തിന് സാധിച്ചു.
തമിഴ് താരം സിദ്ധാര്‍ത്ഥിനെക്കുറിച്ച് സംസാരിക്കുകയാണ് രവി മോഹന്‍. ഒരുപാട് കാലമായി തങ്ങള്‍ സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാണ് പരിചയപ്പെട്ടതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും എപ്പോള്‍ വിളിച്ചാലും വരുന്ന സുഹൃത്തുക്കളിലൊരാളാണ് സിദ്ധാര്‍ത്ഥെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ഹിറ്റ് സിനിമകള്‍ പലതും സിദ്ധാര്‍ത്ഥിന്റെ തെലുങ്ക് ചിത്രങ്ങളുടെ റീമേക്കാണെന്നും അദ്ദേഹം പറയുന്നു.
ഓരോ സിനിമ ചെയ്ത് കഴിഞ്ഞാലും അത് റിലീസിന് മുമ്പ് തനിക്ക് കാണിച്ചുതരുന്ന സ്വഭാവം സിദ്ധാര്‍ത്ഥിനുണ്ടെന്ന് രവി മോഹന്‍ പറഞ്ഞു. എത്ര നടന്മാര്‍ അങ്ങനെ ചെയ്യുമെന്ന് തനിക്ക് അറിയില്ലെന്നും അത്രക്ക് വലിയ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നും താരം കൂട്ടിച്ചേര്‍ത്തു. സിദ്ധാര്‍ത്ഥിന്റെ പുതിയ ചിത്രമായ 3BHKയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിദ്ധാര്‍ത്ഥും ഞാനും ഒരുപാട് കാലമായി സുഹൃത്തുക്കളാണ്. എന്നുതൊട്ടാണ് ഞങ്ങള്‍ സുഹൃത്തുക്കളായതെന്ന് അറിയില്ല. പക്ഷേ, എപ്പോള്‍ വിളിച്ചാലും ആദ്യം വരുന്ന ഫ്രണ്ട്‌സില്‍ ഒരാളാണ് അവന്‍. ഞാന്‍ ചെയ്ത ഹിറ്റ് പടങ്ങളില്‍ പലതും അവന്റെ പടത്തിന്റെ റീമേക്കാണ്. തെലുങ്കില്‍ അവന്‍ ഹിറ്റടിക്കുമ്പോള്‍ ആ പടം റീമേക്ക് ചെയ്ത് തമിഴില്‍ ഞാന്‍ ഹിറ്റടിക്കും.
ഓരോ സിനിമയും റിലീസിന് മുമ്പ് എനിക്ക് കാണിച്ച് തരും. എത്ര നടന്മാര്‍ ഇങ്ങനെ ചെയ്യാറുണ്ട്. എന്റെ അറിവില്‍ അങ്ങനെ ആരുമില്ല. ചില സമയത്ത് പടത്തിന്റെ കഥ കേട്ടിട്ട് അവന്‍ എന്നെ വിളിക്കും. എന്നിട്ട്, ‘മച്ചീ, ഒരു അടിപൊളി കഥ കേട്ടു. ഒരു കാര്യം ചെയ്യാം, ആ കഥ തെലുങ്കില്‍ ഞാന്‍ ചെയ്യാം, തമിഴില്‍ നീയത് റീമേക്ക് ചെയ്‌തോ’ എന്ന് പറയും. അങ്ങനൊരുത്തനാണവന്‍,’ രവി മോഹന്‍ പറയുന്നു.
എട്ട് തോട്ടാക്കള്‍ക്ക് ശേഷം ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശരത് കുമാറും സിദ്ധാര്‍ത്ഥും നായകന്മാരായെത്തുന്ന ചിത്രത്തില്‍ മീത രഘുനാഥ്, ദേവയാനി, ഗൗരി കിഷന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ ശ്രദ്ധേയനായ അമൃത് രാംനാഥാണ് ചിത്രത്തിന്റെ സംഗീതം. ജൂലൈ 4ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Ravi Mohan about his friendship with Siddharth