വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ഇംഗ്ലണ്ട് ചാമ്പ്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ചാമ്പ്യന്‍സിനെതിരെ തകര്‍പ്പന്‍ വിജയം നേടിയതോടെയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനെ മറികടന്ന് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് ഒന്നാമതെത്തിയത്.
ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ രവി ബൊപ്പാരയുടെ മികവില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ചാമ്പ്യന്‍സിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ചാമ്പ്യന്‍സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടാന്‍ സാധിച്ചത്.
ഓപ്പണര്‍ റോണി താലൂക്ദാറിന്റെയും ലോവര്‍ ഓര്‍ഡറില്‍ അബു ജായെദിന്റെയും ചെറുത്തുനില്‍പിലാണ് ബംഗ്ലാദേശ് ചാമ്പ്യന്‍സ് മോശമല്ലാത്ത സ്‌കോറിലെത്തിയത്.
37 പന്ത് നേരിട്ട താലൂക്ദാര്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും അടക്കം 44 റണ്‍സ് നേടി. 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടക്കം പുറത്താകാതെ 31 റണ്‍സാണ് ജായെദ് അടിച്ചെടുത്തത്.
ഫസല്‍ മഹ്‌മൂദ് (16 പന്തില്‍ 26), ജഹുറുല്‍ ഇസ്‌ലാം (18 പന്തില്‍ 16) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.
ഇംഗ്ലണ്ട് ചാമ്പ്യന്‍സിനായി സമിത് പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. റയാന്‍ സൈഡ്‌ബോട്ടം രണ്ട് വിക്കറ്റെടുത്തപ്പോള്‍ മോണ്ടി പനേസര്‍, അജ്മല്‍ ഷഹസാദ്, ടോണി റോളണ്ട് ജോണ്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
165 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനായി ക്യാപ്റ്റന്‍ രവി ബൊപ്പാര തകര്‍ത്തടിച്ചു. ഡേവിഡ് മലന്‍ (11 പന്തില്‍ 18), ജേസണ്‍ റോയ് (ഒമ്പത് പന്തില്‍ 15), സമിത് പട്ടേല്‍ (15 പന്തില്‍ 12) എന്നിവര്‍ക്കൊപ്പം വലുതും ചെറുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയാണ് ബൊപ്പാര ടീമിനെ ഒറ്റയ്ക്ക് ഷോള്‍ഡര്‍ ചെയ്തത്.
45 പന്ത് നേരിട്ട് പുറത്താകാതെ 77 റണ്‍സാണ് നായകന്‍ അടിച്ചെടുത്തത്. ആറ് സിക്‌സറും അഞ്ച് ഫോറും ഫോറും അടക്കം 171.11 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
17 പന്തില്‍ 37 റണ്‍സുമായി ഫില്‍ മസ്റ്റാഡും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് 23 പന്ത് ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
നേരത്തെ, ഇന്ത്യ ചാമ്പ്യന്‍സിനെതിരെയും രവി ബൊപ്പാര തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. 46 പന്തില്‍ ആറ് സിക്‌സറിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 83 റണ്‍സാണ് ബൊപ്പാര അടിച്ചെടുത്തത്.
മത്സരത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് വിജയിക്കുകയും ചെയ്തിരുന്നു.
ബൊപ്പാരയ്ക്ക് പുറമെ സമിത് പട്ടേല്‍ (44 പന്തില്‍ 57), ഫില്‍ മസ്റ്റാര്‍ഡ് (20 പന്തില്‍ 31) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍സ് 192 റണ്‍സ് നേടി.
View this post on InstagramA post shared by World Championship Of Legends | WCL (@worldchampionshipoflegends)
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ചാമ്പ്യന്‍സ് അംബാട്ടി റായിഡു (31 പന്തില്‍ 47), പിയൂഷ് ചൗള (23 പന്തില്‍ 34*), റോബിന്‍ ഉത്തപ്പ (12 പന്തില്‍ 31), റിഷി ധവാന്‍ (28 പന്തില്‍ 29) എന്നിവരുടെ കരുത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 21 റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു.
നാളെയാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ് ഗെയ്‌ലിന്റെ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സാണ് എതിരാളികള്‍.
Content Highlight: Ravi Bopara’s brilliant batting performance in World Championship of Legends