അടുത്തിടെ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇന്റര്‍നാഷണല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇരു താരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് യുവ ഇന്ത്യന്‍ താരം രവി ബിഷ്‌ണോയി.
രോഹിത്തിന്റെയും വിരാടിന്റെയും വിരമിക്കല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നും അവര്‍ രണ്ടുപേരും ഇന്ത്യയ്ക്കു വേണ്ടി ചെയ്തതിന് അടുത്തുപോലും ആരും എത്തില്ലെന്നും സ്പിന്നര്‍ പറഞ്ഞു. മാത്രമല്ല അവര്‍ക്ക് ഇനി ഏകദിനത്തില്‍ വിടവാങ്ങല്‍ മത്സരം ലഭിച്ചേക്കാമെന്നും അവര്‍ എപ്പോള്‍ വിരമിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ബിഷ്‌ണോയി കൂട്ടിച്ചേര്‍ത്തു. കൂടാതെ ഇരുവരുടെയും തീരുമാനങ്ങള്‍ എപ്പോഴും ഞെട്ടിക്കുന്നതായിരുന്നെന്നും താരം പറഞ്ഞു.
‘അവരുടെ വിരമിക്കല്‍ ഞെട്ടിപ്പിക്കുന്നതാണ്! അവര്‍ കളിക്കളത്തില്‍ നിന്ന് വിരമിക്കുന്നത് കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ഇതിഹാസങ്ങള്‍ കളിക്കളത്തില്‍ നിന്ന് പുറത്തുപോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു, അത് നല്ലതായിരിക്കും, പക്ഷെ അവര്‍ രണ്ടുപേരും ഇന്ത്യയ്ക്കു വേണ്ടി ചെയ്തതിന് അടുത്തുപോലും ആരും ഇല്ല.
അവര്‍ക്ക് ഒരു വിടവാങ്ങല്‍ ലഭിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്, പക്ഷേ ഇനി അവര്‍ക്ക് ഏകദിനങ്ങളില്‍ അവസരം ലഭിച്ചേക്കാം. അവര്‍ എപ്പോള്‍ വിരമിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. അവര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അത് ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോള്‍ ആ രണ്ട് സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്നു, പക്ഷേ ആരാണ് അത് നിറവേറ്റുക?,’ രവി ബിഷ്ണോയ് പറഞ്ഞു.
അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരാടും രോഹിത്തും ടി20യില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ടി20 ടൂര്‍ണമെന്റാണിത്.