| Wednesday, 12th March 2025, 6:38 pm

സ്‌കൂളില്‍ പഠിക്കുമ്പോഴേ ഞാന്‍ ആ നടന്റെ ആരാധകനായിരുന്നു; ഇടികളുടെ എണ്ണം നോക്കിയാണ് പടം കാണാന്‍ പോകുക: രവീന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1980കളില്‍ മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടനാണ് രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്ന് തമിഴ്നാട്ടില്‍ അറിയപ്പെട്ടിരുന്ന താരം ഒരുഘട്ടത്തില്‍ കമല്‍ ഹാസന് പോലും വെല്ലുവിളിയായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത താരം ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ തിരച്ചുവരിവ് നടത്തി. ചിത്രത്തിലെ ‘മ്ലേച്ഛന്‍ രവി’ എന്ന കഥാപാത്രം തരംഗമായി മാറി.

സിനിമയോടുള്ള തന്റെ പ്രിയത്തെ കുറിച്ച് സംസാരിക്കുകയാണ് രവീന്ദ്രന്‍. സ്‌കൂളില്‍ പഠിക്കുമ്പോഴേ താനൊരു എം.ജി.ആര്‍ ആരാധകനാണെന്നും ഇടിപ്പടങ്ങളോടായിരുന്നു താത്പര്യമെന്നും രവീന്ദ്രന്‍ പറയുന്നു.

അക്കാലത്തെല്ലാം സിനിമകള്‍ പരസ്യം ചെയ്തിരുന്നതും ഇടികളുടെ എണ്ണം വെച്ചാണെന്നും അത് നോക്കിയാണ് താന്‍ സിനിമക്ക് കയറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രവീന്ദ്രന്‍.

ഐ ഈറ്റ് സിനിമ, ഡ്രിങ്ക് സിനിമ, സ്ലീപ് സിനിമ –  രവീന്ദ്രന്‍

‘ഞാന്‍ ജനിച്ചത് ദല്‍ഹിയിലാണ്. അമ്മ അവിടെ ഡോക്ടറായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴേ ഞാനൊരു എം.ജി.ആര്‍ ആരാധകനാണ്. ഇടിപ്പടങ്ങളോടായിരുന്നു പ്രിയം. ഇടികളുടെ എണ്ണം നോക്കിയാണ് പടം കാണാന്‍ പോകുക. അന്ന് സിനിമകള്‍ പരസ്യം ചെയ്തിരുന്നതും ഇടികളുടെ എണ്ണം വെച്ചാണ്.

പിന്നീട് ക്യാമ്പസ് കാലത്ത് ആര്‍ട്ട് സിനിമകളുടെ വേലിയേറ്റമുണ്ടായി. അന്നാണ് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും കേള്‍ക്കുന്നത്. ആദ്യം പുനെയിലും പിന്നീട് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ചു. സിനിമയിലേക്ക് വന്നപ്പോള്‍ വീട്ടുകാര്‍ക്ക് ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആദ്യ സിനിമയുടെ വിജയത്തോടെ അത് ഇല്ലാതായി.

ഞാന്‍ സിനിമ എന്ന മാധ്യമത്തെയാണ് ഇഷ്ടപ്പെട്ടത്. അഭിനയിക്കുക, സിനിമ പഠിപ്പിക്കുക, കാണുക എന്നതെല്ലാം എനിക്ക് ഇഷ്ടമാണ്

എല്ലാതരത്തിലുമുള്ള സിനിമകളുടെയും ഭാഗമാകാന്‍ ശ്രമിച്ചിട്ടുണ്ട്. സത്യജിത്ത് റായുടെ ക്യാമറാമാനായ സുമന്ദ് റോയിക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. ഞാന്‍ സിനിമ എന്ന മാധ്യമത്തെയാണ് ഇഷ്ടപ്പെട്ടത്. അഭിനയിക്കുക, സിനിമ പഠിപ്പിക്കുക, കാണുക എന്നതെല്ലാം എനിക്ക് ഇഷ്ടമാണ്.

സിനിമ കണ്ട് ഭ്രമം കയറി ഇതിലേക്ക് എത്തിപ്പെട്ടൊരാളാണ് ഞാന്‍. ഇപ്പോഴും ഒരു ദിവസം കുറഞ്ഞത് രണ്ട് സിനിമയെങ്കിലും കാണും. എല്ലാ ഫെസ്റ്റിവലുകളിലും പങ്കെടുക്കും. അതാണെന്റെ സന്തോഷം. ഐ ഈറ്റ് സിനിമ, ഡ്രിങ്ക് സിനിമ, സ്ലീപ് സിനിമ,’ രവീന്ദ്രന്‍ പറയുന്നു.

Content highlight: Raveendran talks about his passion for cinema

We use cookies to give you the best possible experience. Learn more