മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ആളുകള്‍ കാത്തിരുന്ന ചിത്രമായിരുന്നു ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പിറന്ന ദൃശ്യം 3. ഏപ്രില്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ടും മെയ് 21ലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രമെന്നതിലുപരി മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ത്രില്ലര്‍ ഫ്രഞ്ചൈസിലെ ചിത്രം ഓപ്പണിങ് ഡേ കളക്ഷനടക്കം മലയാള സിനിമയിലെ സകല ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള ചിത്രമാണ്.
ന്നാ താന്‍ കേസ് കൊട്. Photo: Jio Hotstar
ദൃശ്യം 3 മാറ്റിവെച്ചതോടെ മാര്‍ച്ച് 26 ന് പുറത്തിറങ്ങാനിരിക്കുന്ന പ്രതിഛായക്കും ഏപ്രില്‍ രണ്ടിന് വരാനിരിക്കുന്ന വാഴ 2 വിനും വലിയ അവസരമാണ് ബോക്‌സ് ഓഫീസില്‍ ലഭിച്ചിരിക്കുന്നത്. പോസിറ്റീവ് റെസ്‌പോണ്‍സ് ലഭിച്ചാല്‍ ഇരുചിത്രങ്ങള്‍ക്കും മികച്ച കളക്ഷന്‍ തിയേറ്ററില്‍ നിന്നും നേടാന്‍ സാധിക്കും. എന്നാല്‍ ദൃശ്യം 3 സൃഷ്ടിച്ച വലിയ ഒഴിവിലേക്ക് മറ്റൊരു മത്സരാര്‍ത്ഥി കൂടി കടന്നുവരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ഒരു ദുരൂഹസാഹചര്യത്തില്‍ ഏപ്രില്‍ ആദ്യ ആഴ്ച്ചയോ രണ്ടാമത്തെ ആഴ്ച്ചയോ തിയേറ്ററിലെത്തുമെന്നാണ് സിനിമാ പേജുകളില്‍ നിന്നും ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവിരം. ‘ന്നാ താന്‍ കേസ് കൊട്’, ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട രതീഷ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേകുന്ന ചിത്രങ്ങളിലൊന്നാണ്.
ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി നേരത്തേ പുറത്തുവന്ന പോസ്റ്ററുകളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തേ ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് അപ്‌ഡേഷനുകളൊന്നും പുറത്തുവന്നിരുന്നില്ല.
ഒരു ദുരൂഹസാഹചര്യത്തില്‍. Photo: Magic Frames
രതീഷിന്റെ ന്നാ താന്‍ കേസ് കൊട് തിയേറ്ററുകളില്‍ വലിയ വിജയമായിരുന്നെങ്കിലും ഇതിന്റെ സ്പിന്‍ ഓഫായി വന്ന ‘സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ തിയേറ്ററുകളില്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമായിരുന്നു. ഇതിനകം പുറത്തുവന്ന ഒരു ദുരൂഹ സാഹചര്യത്തിലെ പോസ്റ്ററില്‍ സംവിധായകന്‍ എന്നെഴുതുന്നതിന് പകരം കോണ്‍സെപ്റ്റ് ബൈ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ എന്നെഴുതിയതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
Content Highlight: Ratheesh Balakrishna Pothuval directed movie Oru Durooha sahacharyathil may release in April