തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രത്തന്‍ ഖേല്‍കറെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറയായി നിയമിച്ച നടപടി ബംഗാളിലേതിന് സമമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
ബംഗാളിലെ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കെ.സി വേണുഗോപാല്‍ പ്രതികരിക്കാതിരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്നും അദ്ദേഹം പറഞ്ഞു. എന്തോക്കെയാണ് ഡീലെന്നെല്ലാം നമുക്ക് നോക്കാം, ഓരോന്നോരോന്നായി പുറത്ത് വരുന്നുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
‘കെ.സി വേണുഗോപാലിന് കേരളത്തെപ്പറ്റി പറയാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിന് അകത്തുതന്നെ പ്രശ്‌നങ്ങള്‍ ഉണ്ട്. ശക്തമായി ന്യായീകരിക്കാനോ എതിര്‍ക്കാനോ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല,’ എം.വി ഗോവിന്ദന്‍ പറഞ്ഞു.
പതിനായിരക്കണക്കിന് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദം നല്‍കാത്ത കമ്മീഷന്റെ ഭാഗമാണ് രത്തന്‍ ഖേല്‍ക്കര്‍ എന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. ഡീല്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തില്‍ ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രത്തന്‍ ഖേല്‍ക്കറുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണത്തിലുള്ളവര്‍ തീരുമാനിക്കുമെന്നായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പശ്ചിമ ബംഗാളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് കുമാര്‍ അഗര്‍വാളെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും തമ്മിലുള്ള നഗ്‌നമായ ഒത്തുകളിയുടെയും കൂട്ടുകെട്ടിന്റെയും പ്രതിഫലനമാണ് നിയമനമെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. സമാന നടപടി കേരളത്തില്‍ ഉണ്ടായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍.
അതേസമയം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി രത്തന്‍ ഖേല്‍ക്കര്‍ ചുമതലയേറ്റു. വി.ഡി സതീശന്റെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു അവദി ദിവസമായിട്ടും ഇന്ന് തന്നെ ചുമതലയേറ്റത്.
Content Highlight: Ratan Khelkar’s appointment; Congress’ double standards: Will check if there was a deal, M.V. Govindan