മലിംഗ വീണു, ഇന്ത്യന്‍ ബൗളര്‍മാര്‍ കാതങ്ങളകലെ; ടി-20യിലെ അത്യപൂര്‍വ റെക്കോഡുമായി സ്പിന്‍ മജീഷ്യന്‍
Sports News
മലിംഗ വീണു, ഇന്ത്യന്‍ ബൗളര്‍മാര്‍ കാതങ്ങളകലെ; ടി-20യിലെ അത്യപൂര്‍വ റെക്കോഡുമായി സ്പിന്‍ മജീഷ്യന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 12:28 pm

 

അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പര അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്. രണ്ടാം മത്സരത്തിലെ നാല് വിക്കറ്റ് നേട്ടമടക്കം എട്ട് വിക്കറ്റാണ് താരം പരമ്പരയില്‍ സ്വന്തമാക്കിയത്.

ഈ പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും അഫ്ഗാന്‍ സ്പിന്‍ മജീഷ്യനെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ക്ലീന്‍ ബൗള്‍ഡിലൂടെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം എന്ന നേട്ടമാണ് റാഷിദ് നേടിയത്.

ലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് റാഷിദ് ഖാന്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.

 

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം ബൗള്‍ഡ് വിക്കറ്റുള്ള ബൗളര്‍മാര്‍

(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)

റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 45

ലസിത് മലിംഗ – ശ്രീലങ്ക – 43

ബിലാല്‍ ഹാസുന്‍ – ഉഗാണ്ട – 43

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 36

വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 34

ഈ നേട്ടത്തില്‍ ഇന്ത്യന്‍ താരങ്ങളെ ബഹുദൂരം പിറകിലാക്കിയാണ് റാഷിദ് ഖാന്‍ മുമ്പിലോടുന്നത്.

ടി-20യില്‍ ഏറ്റവുമധികം ബൗള്‍ഡ് വിക്കറ്റുള്ള ഇന്ത്യന്‍ താരങ്ങള്‍

ജസ്പ്രീത് ബുംറ – 29

ഭുവനേശ്വര്‍ കുമാര്‍ – 23

യൂസ്വേന്ദ്ര ചഹല്‍ – 15

അക്‌സര്‍ പട്ടേല്‍ – 15

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് റാഷിദ് ഖാന്‍. 2015ല്‍ കരിയര്‍ ആരംഭിച്ച അഫ്ഗാന്‍ സ്പിന്നര്‍ 85 മത്സരത്തില്‍ നിന്നും 138 വിക്കറ്റാണ് നേടിയത്.

 

14.27 എന്ന മികച്ച ആവറേജിലും 6.07 എന്ന എക്കോണമിയിലുമാണ് റാഷിദ് പന്തെറിയുന്നത്. അഞ്ച് തവണ നാല് വിക്കറ്റ് നേട്ടവും രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. 2016-17 സീസണില്‍ അയര്‍ലന്‍ഡിനെതിരെ മൂന്ന് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ന്യൂസിലാന്‍ഡ് താരം ടിം സൗത്തിയും (157) ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസനും (140) ആണ് നിലവില്‍ റാഷിദിന് മുമ്പിലുള്ളത്.

 

Content highlight: Rashid Khan surpassed Lasith Malinga to hold the record of most bowled wickets in T20I