പടിയിറക്കി വിട്ടത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്വന്തം ചാമ്പ്യനെ; ടി-20യുടെ കിരീടം വെച്ച രാജാവായി റാഷിദ് ഖാന്‍
Sports News
പടിയിറക്കി വിട്ടത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്വന്തം ചാമ്പ്യനെ; ടി-20യുടെ കിരീടം വെച്ച രാജാവായി റാഷിദ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th February 2025, 12:30 pm

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ റാഷിദ് ഖാന്‍. എസ്.എ-20യില്‍ കഴിഞ്ഞ ദിവസം നടന്ന പാള്‍ റോയല്‍സ് – എം.ഐ കേപ്ടൗണ്‍ മത്സരത്തില്‍ എം.ഐ നായകന്‍ കൂടിയായ റാഷിദ് ഖാന്‍ ഈ നേട്ടത്തിലെത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോയെ മറികടന്നാണ് റാഷിദ് ഖാന്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. റോയല്‍സിനെതിരായ മത്സരത്തിന് മുമ്പ് ബ്രാവോയുടെ നേട്ടത്തിനൊപ്പമെത്തിയ റാഷിദ് ഖാന്‍ ദുനിത് വെല്ലാലാഗയെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

457 ഇന്നിങ്‌സില്‍ നിന്നും 633 വിക്കറ്റുകളുമായാണ് റാഷിദ് ഖാന്‍ ഒന്നാമതെത്തിയത്. 631 വിക്കറ്റുകളാണ് രണ്ടാം സ്ഥാനത്തുള്ള ബ്രാവോക്കുള്ളത്.

18.07 ശരാശരിയിലും 16.6 സ്‌ട്രൈക്ക് റേറ്റിലുമാണ് റാഷിദ് ഖാന്‍ പന്തെറിയുന്നത്. 6.49 എന്ന മികച്ച എക്കോണമിയാണ് താരത്തിനുള്ളത്. 2022ല്‍ ബിഗ് ബാഷ് ലീഗില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെതിരെ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായി 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

കരിയറില്‍ നാല് ടി-20 ഫൈഫറുകള്‍ നേടിയ താരം 16 ഫോര്‍ഫറുകളും സ്വന്തമാക്കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന് പുറമെ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ്, ബാന്ദ്-ഇ-അമിര്‍ ഡ്രാഗണ്‍സ്, ബാര്‍ബഡോസ് ട്രൈഡന്റ്സ്, കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍ ഹീറ്റ്, ഗുജറാത്ത് ടൈറ്റന്‍സ്, ഗയാന ആമസോണ്‍ വാറിയേഴ്സ്, ഐ.സി.സി വേള്‍ഡ് ഇലവന്‍, കാബൂള്‍ സ്വനാന്‍, ലാഹോര്‍ ഖലന്ദേഴ്സ്, എം.ഐ കേപ് ടൗണ്‍, എം.ഐ ന്യൂയോര്‍ക്ക്, സ്പീന്‍ ഘര്‍ ടൈഗേഴ്സ്, സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയ്റ്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, സസക്‌സ്, ട്രെന്റ് റോക്കറ്റ്‌സ് ടീമുകള്‍ക്ക് വേണ്ടിയാണ് റാഷിദ് കളത്തിലിറങ്ങിയത്.

 

അതേസമയം, പാള്‍ റോയല്‍സിനെതിരായ മത്സരം വിജയിച്ച് റാഷിദ് ഖാനും സംഘവും തങ്ങളുടെ ആദ്യ എസ്.എ 20 ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. ആദ്യ രണ്ട് സീസണിലും അവസാന സ്ഥാനത്ത് തലകുനിച്ചുനിന്നതിന് ശേഷമാണ് കേപ്ടൗണ്‍ കിരീടപ്പോരാട്ടത്തിനൊരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേപ്ടൗണ്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി. റിയാന്‍ റിക്കല്‍ടണ്‍ (27 പന്തില്‍ 44), ഡെവാള്‍ഡ് ബ്രെവിസ് (30 പന്തില്‍ പുറത്താകാതെ 44), റാസി വാന്‍ ഡെര്‍ ഡസന്‍ (32 പന്തില്‍ 40), ഡെലാനോ പോട്ഗീറ്റര്‍ (17 പന്തില്‍ പുറത്താകാതെ 32) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് 160ന് പുറത്തായി. 26 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡേവിഡ് മില്ലറും 28 പന്തില്‍ 31 റണ്‍സടിച്ച ദിനേഷ് കാര്‍ത്തിക്കുമാണ് ചെറുത്തുനിന്നത്.

കേപ്ടൗണിനായി കഗീസോ റബാദ, റാഷിദ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്, കോര്‍ബിന്‍ ബോഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജോര്‍ജ് ലിന്‍ഡെ ഒരു വിക്കറ്റും സ്വന്തമാക്കി.

 

Content Highlight: Rashid Khan surpassed Dwayne Bravo to become the leading wicket taker in T20