ഇതുപോലൊന്ന് ഇതാദ്യം; ടി-20 ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ ഇവന്‍ മാറ്റിമറിച്ചു
Sports News
ഇതുപോലൊന്ന് ഇതാദ്യം; ടി-20 ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ ഇവന്‍ മാറ്റിമറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th August 2025, 7:56 pm

ടി-20 ഫോര്‍മാറ്റില്‍ 650 വിക്കറ്റ് പൂര്‍ത്തിയാക്കി റാഷിദ് ഖാന്‍. ദി ഹണ്‍ഡ്രഡില്‍ ലണ്ടന്‍ സ്പിരിറ്റിനെതിരെ നടന്ന മത്സരത്തില്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് റാഷിദ് ഖാനെ തേടി ഈ ചരിത്ര നേട്ടമെത്തിയത്.

ടി-20യില്‍ 650 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമാണിത്. ലോര്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടിയതിന് പിന്നാലെയാണ് റാഷിദ് ഖാനെ തേടി ഈ ഐതിഹാസിക നേട്ടമെത്തിയത്.

കരിയറില്‍ പന്തെറിഞ്ഞ 478 ഇന്നിങ്‌സില്‍ നിന്നും 651 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. കരിയറിലിതുവരെ 11,022 പന്തുകളെറിഞ്ഞ താരം 48.54 ശരാശരിയിലും 16.9 സ്‌ട്രൈക്ക് റേറ്റിലുമാണ് വിക്കറ്റ് വീഴ്ത്തുന്നത്.

ടി-20 കരിയറില് 17 തവണ നാല് വിക്കറ്റ് സ്വന്തമാക്കിയ അഫ്ഗാന്‍ സ്പിന്‍ വിസാര്‍ഡ് നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും തന്റെ പേരിലെഴുതിച്ചേര്‍ത്തിട്ടുണ്ട്. 6/17 ആണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ് ബൗളിങ് ഫിഗര്‍.

അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിനും ഓവല്‍ ഇന്‍വിന്‍സിബിള്‍സിനും പുറമെ ഐ.സി.സി വേള്‍ഡ് ഇലവന്‍, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്സ്, ബാന്ദ്-ഇ-അമീര്‍ ഡ്രാഗണ്‍സ്, ബാര്‍ബഡോസ് ട്രൈഡന്റ്സ്, കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍ ഹീറ്റ്, ഗുജറാത്ത് ടൈറ്റന്‍സ്, ഗയാന ആമസോണ്‍ വാറിയേഴ്സ്, കാബൂള്‍ സ്വാനന്‍, ലാഹോര്‍ ഖലന്ദേഴ്‌സ്, എം.ഐ കേപ് ടൗണ്‍, എം.ഐ ന്യൂയോര്‍ക്ക്, സ്പീന്‍ ഘര്‍ ടൈഗേഴ്സ്, സെന്റ് കീറ്റ്സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സസെക്സ്, ട്രെന്റ് റോക്കറ്റ്സ് എന്നിവര്‍ക്കായും ടി-20 ഫോര്‍മാറ്റില്‍ റാഷിദ് ഖാന്‍ പന്തെറിഞ്ഞിട്ടുണ്ട്.

അതേസമയം, ദി ഹണ്‍ഡ്രഡില്‍ റാഷിദ് ഖാന്റെ ബൗളിങ് മികവില്‍ ലണ്ടന്‍ സ്പിരിറ്റിനെ തകര്‍ത്ത് ഓവല്‍ ഇന്‍വിന്‍സിബിള്‍സ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്‍വിന്‍സിബിള്‍സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സ്പിരിറ്റ് 80 റണ്‍സിന് പുറത്തായി. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ലണ്ടന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. 14 പന്തില്‍ 21 റണ്‍സ് നേടിയ ആഷ്ടണ്‍ ടര്‍ണറാണ് ടോപ് സ്‌കോറര്‍. റയാന്‍ ഹിഗ്ഗിന്‍സ് (14 പന്തില്‍ 12), വെയ്ന്‍ മാഡ്‌സണ്‍ (11 പന്തില്‍ പത്ത്) എന്നിവരാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

റാഷിദ് ഖാന് പുറമെ സാം കറനും ഇന്‍വിന്‍സിബിള്‍സിനായി മൂന്ന് വിക്കറ്റെടുത്തു. ജോര്‍ഡന്‍ ക്ലാര്‍ക് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, നഥാന്‍ സോടെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്‍വിന്‍സിബിള്‍സ് അനായാസം ചെറിയ ടോട്ടല്‍ മറികടക്കുകയായിരുന്നു. ആറ് വിക്കറ്റും 31 പന്തും ശേഷിക്കവെയാണ് ടീം വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനൊപ്പം മൂന്ന് ക്യാച്ചും കൈപ്പിടിയിലൊതുക്കിയ റാഷിദ് ഖാനെയാണ് കളിയിലെ താരമായി തെരഞ്ഞെടുത്തത്.

 

Content Highlight: Rashid Khan completed 650 T20 wickets