| Monday, 16th February 2026, 3:16 pm

ചരിത്രം സൃഷ്ടിച്ച് റാഷിദ് ഖാന്‍; ലോക ക്രിക്കറ്റില്‍ ഇങ്ങനെയൊരു സംഭവമാദ്യം!

ഫസീഹ പി.സി.

ടി – 20 ക്രിക്കറ്റില്‍ ചരിത്രം സൃഷ്ടിച്ച് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. കുട്ടി ക്രിക്കറ്റില്‍ 700 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്പിന്നര്‍ മയിസ്ട്രോ സ്വന്തമാക്കിയത്. 2026 ടി – 20 ലോകകപ്പില്‍ യു.എ..ഇ ക്കെതിരെയുള്ള മത്സരത്തിലെ പ്രകടനമാണ് താരത്തിന് ഈ ചരിത്ര നേട്ടം സമ്മാനിച്ചത്.

മത്സരത്തില്‍ റാഷിദ് നാല് ഓവര്‍ എറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മുഹമ്മദ് അര്‍ഫാന്റെ വിക്കറ്റാണ് താരം നേടിയത്. വെറും 24 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം. അതോടെയാണ് അഫ്ഗാന്‍ സ്പിന്നര്‍ തന്റെ പേര് ക്രിക്കറ്റ് ചരിത്രത്തില്‍ സ്വര്‍ണലിപിയില്‍ എഴുതി ചേര്‍ത്തത്.

അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന് പുറമെ, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്സ്, ബാന്‍ഡ്-ഇ-അമീര്‍ ഡ്രാഗണ്‍സ്, ബാര്‍ബഡോസ് ട്രൈഡന്റ്സ്, കോമില്ല വിക്ടോറിയന്‍സ്, ഡര്‍ബന്‍ ഹീറ്റ്, ഗുജറാത്ത് ടൈറ്റന്‍സ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ഐ.സി.സി വേള്‍ഡ് ഇലവന്‍, കാബൂള്‍ സ്വാനന്‍, ലാഹോര്‍ ഖലന്ദര്‍സ്, എം.ഐ കേപ് ടൗണ്‍, എം.ഐ എമിറേറ്റ്സ്, എം.ഐ ന്യൂയോര്‍ക്ക്, ഓവല്‍ ഇന്‍വിന്‍സിബിള്‍സ്, സ്പീന്‍ ഘര്‍ ടൈഗേഴ്സ്, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സസെക്സ്, ട്രെന്റ് റോക്കറ്റ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് റാഷിദ് ഇത്രയും വിക്കറ്റുകള്‍ അക്കൗണ്ടിലെത്തിച്ചത്.

മത്സരത്തില്‍ റാഷിദിന് പുറമെ, അസ്മതുള്ള ഒമര്‍സായ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റുകളും നേടി. ഇവരുടെ പ്രകടനത്തില്‍ യു.എ.ഇയെ ഒമ്പത് വിക്കറ്റിന് 160 റണ്‍സ് എന്ന സ്‌കോറില്‍ ഒതുക്കാന്‍ അഫ്ഗാന് സാധിച്ചു.

ഇബ്രാഹിം സദ്രാന്‍. Photo: Afghanistan Cricket Board/x.com

യു.എ.ഇക്കായി സൊഹൈബ് ഖാനും അലിഷന്‍ ഷറഫുവും തിളങ്ങി. സൊഹൈബ് 48 പന്തില്‍ 68 റണ്‍സും ഷറഫു 31 പന്തില്‍ 40 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനായി ഇബ്രാഹിം സദ്രാന്‍ 41 പന്തില്‍ 53 റണ്‍സ് നേടി തിളങ്ങി. ഒപ്പം ഒമര്‍സായ് 21 പന്തില്‍ പുറത്താവാതെ 40 റണ്‍സും ഡാര്‍വിഷ് അബ്ദുല്‍ റസൂലി 23 പന്തില്‍ 33 റണ്‍സും സംഭാവന ചെയ്തു. ഇതോടെ അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റിന് വിജയിച്ചു.

Content Highlight: Rashid Khan became first bowler to complete 700 wickets in T20 cricket

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more