ഹൈ വോൾട്ടേജ് റാപ്പ് ഗാനങ്ങളിലൂടെ മലയാളി ആസ്വാദകരെ ആവേശം കൊള്ളിക്കുന്ന പ്രമുഖ മല്ലു റാപ്പറാണ് ഫെജോ (ഫെബിൻ ജോസഫ്). തന്റേതായ വരികളിലൂടെ മലയാളം റാപ്പ് സംഗീത മേഖലയിൽ സ്വന്തം സാമ്രാജ്യം തീർത്ത ഫെജോ, ഇന്ന് ഇൻഡസ്ട്രിയിലെ മുൻനിര റാപ്പർമാരിൽ ഒരാളാണ്.
മോഹൻലാൽ ചിത്രമായ ‘തുടരും’ എന്ന സിനിമയിലെ ‘തലയുടെ വിളയാട്ടം’ എന്ന ഗാനത്തിലൂടെയാണ് ഫെജോ മലയാള സിനിമയിൽ തരംഗമാകുന്നത്. ‘കൂട്ടിലിട്ട തത്ത’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം. ഹേയ് നിമ, ആയിരം ഓറ, എന്തരോ മഹാനുഭാവുലു, വഴികാട്ടി , ഓണം മൂഡ്, എന്നിവയാണ് ഫെജോയുടെ ഹിറ്റ്ലിസ്റ്റുകൾ.
ഫെജോയുടെ ഗാനങ്ങളിലെ വരികൾ തന്നെയാണ് അദ്ദേഹത്തെ റാപ്പർമാരുടെ ഇടയിൽ വ്യത്യസ്തനാക്കി മാറ്റുന്നത്. ഇപ്പോൾ തന്റെ റാപ്പ് ഗാനങ്ങൾക്ക് വേണ്ടി വരികൾ എഴുതുന്നതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഫെജോ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
‘റാപ്പർമാർ അവരുടെ സ്വന്തം വരികൾ തന്നെ പാടണം, അത് അവരുടെ ഐഡന്റിറ്റിയാണ്. അവരുടെ പേനയിൽ നിന്ന് വരുന്ന വാക്കുകളാണ് അവരുടെ വ്യക്തിത്വം നിശ്ചയിക്കുന്നത്. എന്നെ റാപ്പ് ചെയ്യാൻ വിളിക്കുമ്പോൾ തന്നെ വരികൾ എനിക്ക് തന്നെ എഴുതണം എന്ന് ഞാൻ നിർബന്ധം പറയാറുണ്ട്. ഇനി അങ്ങനെ പറ്റില്ലെങ്കിൽ ഞാൻ ആ പ്രൊജക്റ്റ് ഏറ്റെടുക്കാറില്ല. കാരണം, നമ്മുടേതായ ഒരു കയ്യൊപ്പ് കൂടി അതിൽ ഉണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ ചെയ്തിട്ടുള്ള എല്ലാ റാപ്പുകളും അങ്ങനെ തന്നെയാണ്.
പക്ഷെ സിനിമയിൽ പാട്ട് പാടാൻ വിളിക്കുമ്പോൾ, അത് നേരത്തെ തന്നെ അവർ റെഡിയാക്കി വെച്ചിട്ടുണ്ടാകും. സാധാരണ പാട്ടുകാരുടെ ജോലി കുറച്ച് എളുപ്പമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, റാപ്പർമാർ ആ കോമ്പോസിഷനിൽ ഉടനീളം പങ്കാളികളാകണം. വരികൾ എഴുതണം, അതിന്റെ ഫ്ലോ ജഡ്ജ് ചെയ്യണം, അത് പാടുകയും വേണം. എന്നാൽ സിംഗേഴ്‌സിന് പരിപാടി കുറച്ചുകൂടി എളുപ്പമാണ്. നേരത്തെ തന്നെ റെഡിയാക്കി വെച്ചത് നോക്കി പാടുക മാത്രമാണ് അവർ ചെയ്യുന്നത്. ഒരു റാപ്പർക്ക് ഉള്ളത്ര പണി അവർക്കില്ല. എങ്കിലും ഞാൻ ഈ പ്രോസസ് ആസ്വദിക്കുന്നുണ്ട്’, ഫെജോ പറയുന്നു.
Content Highlight: Rapper Fejo insists on writing his own lyrics