ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ക്ലാഷായിരുന്നു 2023ല്‍ കാണാന്‍ സാധിച്ചത്. പ്രഭാസ്- പ്രശാന്ത് നീല്‍ കോമ്പോയിലെത്തിയ സലാറിനൊപ്പം ഷാരൂഖ് ഖാന്റെ ഡങ്കി ക്ലാഷിന് വന്നത് സിനിമാലോകത്തെ ഞെട്ടിച്ചു. എന്നാല്‍ രണ്ട് ചിത്രങ്ങളും ശരാശരി വിജയം മാത്രമാണ് സ്വന്തമാക്കിയത്. 270 കോടി ബജറ്റിലെത്തിയ സലാര്‍ 610 കോടി നേടിയപ്പോള്‍ 120 കോടിയിലൊരുങ്ങിയ ഡങ്കി 470 കോടിയിലൊതുങ്ങി.
എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം സലാറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ പ്രഭാസിന്റെ അടുത്ത സിനിമക്കും ബോളിവുഡില്‍ നിന്ന് മറ്റൊരു വമ്പന്‍ ചിത്രം ക്ലാഷിനൊരുങ്ങുകയാണ്. പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന രാജാ സാബിനാണ് ബോളിവുഡില്‍ നിന്ന് വെല്ലുവിളി വന്നിരിക്കുന്നത്.
രണ്‍വീര്‍ സിങ് നായകനായെത്തുന്ന ധുരന്ധര്‍ ആണ് രാജാ സാബുമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഉറി എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ചിത്രം സ്‌പൈ ആക്ഷന്‍ ഴോണറിലാണ് ഒരുങ്ങുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
1970കളില്‍ നടന്ന സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. കഥാപാത്രത്തിനായി ബോഡിബില്‍ഡിങ് നടത്തിയ രണ്‍വീര്‍ സിങ്ങിനെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. രണ്‍വീറിന് പുറമെ വന്‍ താരനിര ധുരന്ധറില്‍ അണിനിരക്കുന്നുണ്ട്. സഞ്ജയ് ദത്ത്, മാധവന്‍ എന്നിവര്‍ക്കൊപ്പം ഛാവയിലൂടെ ഗംഭീര കംബാക്ക് നടത്തിയ അക്ഷയ് ഖന്നയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
സാറാ അര്‍ജുനാണ് ചിത്രത്തിലെ നായിക. ഹനുമാന്‍കൈന്‍ഡ് ഒരുക്കിയ റാപ്പ് സോങ് ടീസര്‍ വീഡിയോയെ കൂടുതല്‍ മികച്ചതാക്കുന്നു. വയലന്‍സിന്റെ അതിപ്രസരം ചിത്രത്തിലുടനീളം ഉണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇതുവരെ പരീക്ഷിക്കാത്ത ഹൊറര്‍ കോമഡി ഴോണറുമായി എത്തുന്ന പ്രഭാസിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് ധുരന്ധറിന്റെ ടീസര്‍ വ്യക്തമാക്കുന്നത്.
ഏറെക്കാലത്തിന് ശേഷം കൂള്‍ ലുക്കില്‍ പ്രഭാസ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് രാജാസാബെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. റിദ്ധി കുമാര്‍, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സഞ്ജയ് ദത്തും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. എസ്. തമനാണ് ചിത്രത്തിന്റെ സംഗീതം. ടോളിവുഡും ബോളിവുഡും തമ്മിലുള്ള ക്ലാഷില്‍ ആര് വിജയിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Ranveer Singh’s Dhurandhar movie going to clash with Raja Saab movie starring Prabhas