| Wednesday, 25th March 2026, 9:38 am

രണ്‍വീര്‍ മാപ്പ് പറയണം; ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണം; കാന്താര 2 വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതി

നിഷാന. വി.വി

ബെംഗളൂരു: കാന്താര 2 സിനിമയുമായി ബന്ധപ്പെട്ട് ദൈവകോലത്തെ അപമാനിച്ചുവെന്ന കേസില്‍ നടന്‍ രണ്‍വീര്‍ സിങ് മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി.

രണ്‍വീര്‍ ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കണമെന്നും സെലിബ്രറ്റികള്‍ക്ക് മതവികാരങ്ങളെ മാനിക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2025 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങില്‍ കാന്താര സിനിമയിലെ ദൈവകോലത്തെ അനുകരിച്ചതാണ് കേസിനാസ്പദമായ സംഭവം.

ഇത് വലിയ വിവാദമായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തലാണ് രണ്‍വീര്‍ സിങ്ങിനെതിരെ പരാതി നല്‍കിയത്.

ബെംഗളൂരു ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്‍വീര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് രണ്‍വീറിന്റെ പ്രവൃത്തിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രണ്‍വീര്‍ ചെയ്തത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, പൊതുജനങ്ങളില്‍ വലിയ സ്വാധീനമുള്ള വ്യക്തികള്‍ കുറച്ച് കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പറഞ്ഞു.

തന്റെ പ്രവൃത്തികള്‍ക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് രണ്‍വീര്‍ സിങ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിര്‍ദേശങ്ങള്‍ക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Ranveer should apologize; visit Chamundi temple; Karnataka High Court on Kantara 2 controversy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more