ചെറിയ വേഷങ്ങളിലൂടെയെങ്കിലും കുറഞ്ഞ കാലം കൊണ്ട് മലയാളികള്‍ക്ക് പരിചിതയായ അഭിനേത്രിയാണ് രഞ്ജിനി ജോര്‍ജ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ദൃശ്യം 2വിലൂടെ ഡോക്ടര്‍ രഞ്ജിനി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട താരം പ്രേമലുവില്‍ മമിതയുടെ അമ്മയായും കളങ്കാവലില്‍ മമ്മൂട്ടിയുടെ 22 നായികമാരില്‍ ഒരാളായും വേഷമിട്ടതിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തി ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയ ദൃശ്യം 3യിലും രഞ്ജിനി ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കളങ്കാവല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ഞാന്‍ വര്‍ക്ക് ചെയ്ത ഒരു ചിത്രത്തിലെ അസോസിയേറ്റ് ആണ് ജിതിന്‍ സാറിന്റെ നമ്പര്‍ തന്നത്. അദ്ദേഹം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞ് എന്റെ പ്രൊഫൈല്‍ ഞാനയച്ച് കൊടുത്തു. പ്രേമലുവിലെ എന്റെ ഭാഗങ്ങളും അദ്ദേഹത്തിന് അയച്ചിരുന്നു. ചിത്രം ഇത്ര വലിയ സംഭവമാണെന്നോ ഇത്ര പേരുണ്ടെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. എല്ലാവരോടും പറഞ്ഞത് മമ്മൂക്കയുടെ ഹീറോയിന്‍ ആണെന്നായിരുന്നു. ചിത്രത്തിലെ 22 നായികമാരോടും പറഞ്ഞത് അങ്ങനെയാണ്. ചിത്രത്തിന്റെ ഒരു സീന്‍ ഷൂട്ട് ചെയ്തത് കാക്കനാടും ഒരെണ്ണം ചോറ്റാനിക്കരയിലുമായിരുന്നു.
ദൃശ്യത്തില്‍ ലാലേട്ടന്‍ നമ്മുടെ സെറ്റിലേക്ക് കയറി വരുമ്പോള്‍ സെറ്റെല്ലാം ഭയങ്കര ഹാപ്പിയായി വൈബ്രന്റായിട്ടായിരിക്കും. എന്നാല്‍ മമ്മൂക്ക വരുമ്പോള്‍ ഭയങ്കര റെസ്‌പെക്ടായിരിക്കും. ഒരാളും അനാവശ്യമായി സംസാരിക്കുകയൊന്നും ചെയ്യില്ല. പിന്‍ ഡ്രോപ് സൈലന്റാണ്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. കാണുമ്പോള്‍ അദ്ദേഹത്തിനും അറിയാം നമ്മള്‍ക്കൊരു ടെന്‍ഷനുണ്ടാകും എന്നെല്ലാം.
എന്തോ ഒരു സംഭവത്തിന്റെ പേരില്‍ മമ്മൂക്ക സെറ്റിലുള്ളവവരെയെല്ലാം ചീത്ത പറഞ്ഞു. അതു കണ്ടിട്ട് എനിക്ക് ടെന്‍ഷനായിട്ട് ഞാന്‍ കേറി മമ്മൂക്കയുടെ ഡയലോഗ് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക് എന്നോട് ചോദിച്ചത് എടോ താനെന്റെ ഡയലോഗ് പറഞ്ഞാല്‍ ഞാന്‍ പിന്നെ എന്ത് പറയും എന്നായിരുന്നു,’ രഞ്ജിനി പറഞ്ഞു.
മമ്മൂട്ടിക്കമ്പനിയുടെ പ്രൊഡക്ഷനില്‍ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കളങ്കാവല്‍. സയനൈഡ് മോഹന്‍ എന്ന കൊടുംകുറ്റവാളിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസില്‍ നിന്നും 81 കോടിയിലധികം നേടിയ ചിത്രം വലിയ വിജയമായി മാറിയിരുന്നു.
Content Highlight: Ranjini George talks about her experience of acting with mammootty in Kalamkaaval
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.