രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളവും ജമ്മു കശ്മീരും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 280 റണ്‍സ് നേടി ഓള്‍ ഔട്ട് ആകുകയായിരുന്നു കശ്മീര്‍. മറുപടി ബാറ്റിങ്ങില്‍ കേരള 281 റണ്‍സിനും ഓള്‍ ഔട്ട് ആയി.
സൂപ്പര്‍ താരം സല്‍മാന്‍ നിസാറിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് കേരളം സ്‌കോര്‍ ഉയര്‍ത്തിയത്. മിന്നും സെഞ്ച്വറി നേടി പുറത്താകാതെയാണ് സല്‍മാന്‍ ടീമിന്റെ നെടും തൂണായത്. 172 പന്തില്‍ നിന്ന് 12 ഫറും നാല് സിക്‌സും ഉള്‍പ്പെടെ 112* റണ്‍സാണ് താരം നേടിയത്.
നിര്‍ണായക മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങിയ അക്ഷയ് ചന്ദ്രന്‍ 124 പന്ത് നേരിട്ട് 29 റണ്‍സിനാണ് പുറത്തായത്. തുടക്കത്തില്‍ കശ്മീരിന്റെ ബൗളിങ് അറ്റാക്ക് നേരിടുന്നതില്‍ അക്ഷയ് മികവ് പുലര്‍ത്തിയിരുന്നു.
എന്നാല്‍ മറുഭാഗത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുന്നതിനനുസരിച്ച് കേരളം സമ്മര്‍ദത്തിലായിരുന്നു. രോഹന്‍ കുന്നുമ്മല്‍ ഒരു റണ്‍സിന് പുറത്തായപ്പോഴും ഷോണ്‍ റോജര്‍ പൂജ്യത്തിന് കൂടാരം കയറിയപ്പോഴും കേരളം തിരിച്ചുവരുമോ എന്ന ചോദ്യമുണ്ടായിരുന്നു.
എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ട് റണ്‍സിനും മടങ്ങിയതോടെ ജലജ് സക്‌സേനയുടെ മിന്നും പ്രകടനമാണ് കേരളത്തെ താങ്ങി നിര്‍ത്തിയത്. 78 പന്തില്‍ 67 റണ്‍സാണ് താരം നേടിയത്. അവസാന ഘട്ടത്തില്‍ 36 പന്തില്‍ നിന്ന് 30 റണ്‍സ് നേടി എം.ഡി. നിധീഷും മികവ് പുലര്‍ത്തി. ബേസില്‍ തമ്പി 15 റണ്‍സും നേടിയിരുന്നു.
കശ്മീരിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ആക്കിബ് നബിയാണ്. കേരളത്തിന്റെ ആറ് വിക്കറ്റുകളാണ് താരം പിഴിതെടുത്തത്. യുദ്‌വീര്‍ സിങ്, സഹ്‌ലി ലോട്ര എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന കശ്മീര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ശുഭം കജൂറിയയെ രണ്ട് റണ്‍സിന് പുറത്താക്കി നിതീഷ് വിക്കറ്റ് നേടിയപ്പോള്‍ യാവേര്‍ ഹസന്‍ ഖാന്‍ 36 പന്ത് നേരിട്ട് 16 റണ്‍സ് നേടിയാണ് മടങ്ങിയത്. നിലവില്‍ 19 റണ്‍സ് നേടി വിവ്രാന്ത് ഷര്‍മയും നാല് റണ്‍സ് നേടി പരാസ് ദോഗ്രയുമാണ് ക്രീസില്‍.
Content Highlight: Ranji Trophy Update; Kerala VS Jammu & Kashmir