രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം തുടര്‍ന്ന് മുംബൈയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മേഘാലയയ്‌ക്കെതിരായ തങ്ങളുടെ അവസാന മത്സരത്തില്‍ ഹാട്രിക് നേട്ടവുമായാണ് താക്കൂര്‍ തിളങ്ങിയത്. ജമ്മു കശ്മീരിനെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയടിച്ച താക്കൂര്‍ ഇപ്പോള്‍ ഹാട്രിക്കുമായാണ് ദേശീയ ജേഴ്‌സി ഒരിക്കല്‍ക്കൂടി ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് നോക്ക് ഔട്ട് ലക്ഷ്യമിട്ട് മുംബൈ പൊരുതുന്നത്.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ കളമറിഞ്ഞ് കളിച്ചതോടെ മേഘാലയ 86 റണ്‍സിന് പുറത്തായി.
ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റാണ് മേഘാലയ തുടങ്ങിയത്. ഓപ്പണര്‍ നിഷാന്ത ചക്രവര്‍ത്തിയെ പൂജ്യത്തിന് മടക്കി താക്കൂര്‍ വിക്കറ്റ് വേട്ട ആരംഭിച്ചു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ വണ്‍ ഡൗണായെത്തിയ കിഷന്‍ ലിംഗോധോയെ പുറത്താക്കി മോഹിത് അവസ്തി ടീമിനെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.
മൂന്നാം ഓവറിലെ നാലാം പന്തില്‍ താക്കൂര്‍ വീണ്ടും വിക്കറ്റ് നേടി. ബാലചന്ദര്‍ അനിരുദ്ധിനെ ക്ലീന്‍ ബൗള്‍ഡാക്കിയ താക്കൂര്‍ തൊട്ടടുത്ത പന്തില്‍ സുമിത് കുമാറിനെ ഷാംസ് മുലാനിയുടെ കൈകളിലെത്തിച്ചും മടക്കി. പിന്നാലെയെത്തിയ ജാസ്‌കിരാത് സിങ് സച്ച്‌ദേവയെ ക്ലീന്‍ ബൗള്‍ഡാക്കി താക്കൂര്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി.
ഹാട്രിക് അടക്കം നാല് വിക്കറ്റുകളാണ് താക്കൂര്‍ സ്വന്തമാക്കിയത്. മൂന്ന് മെയ്ഡനുകള്‍ അടക്കം 11 ഓവര്‍ പന്തെറിഞ്ഞ താരം 43 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റെടുത്തത്.
മോഹിത് അവസ്തി മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ സില്‍വെസ്റ്റര്‍ ഡിസൂസ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷാംസ് മുലാനിയാണ് ശേഷിച്ച താരത്തെ പവലിയനിലേക്ക് മടക്കിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ചായയ്ക്ക് പിരിടുമ്പോള്‍ ലീഡ് നേടിയിരിക്കുകയാണ്. ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 87ന് രണ്ട് എന്ന നിലയിലാണ് മുംബൈ. അഞ്ച് റണ്‍സടിച്ച ആയുഷ് മാത്രെയും 28 റണ്‍സ് നേടിയ അമോഘ് ജിതേന്ദ്ര ഭട്കലുമാണ് പുറത്തായത്.
Content Highlight: Ranji Trophy: Shardul Thakur completed hattrick against Meghalaya