തുടര്‍ച്ചയായി എട്ട് പന്തില്‍ എട്ട് സിക്‌സര്‍, 11 പന്തില്‍ 50; തിരുത്തിയത് ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം
Sports News
തുടര്‍ച്ചയായി എട്ട് പന്തില്‍ എട്ട് സിക്‌സര്‍, 11 പന്തില്‍ 50; തിരുത്തിയത് ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th November 2025, 6:50 pm

രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പില്‍ അരുണാചല്‍ പ്രദേശിനെതിരെ ഐതിഹാസിക നേട്ടവുമായി മേഘാലയ താരം ആകാശ് ചൗധരി. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടത്തോടെയാണ് ആകാശ് ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.

സൂറത്തിലെ സി.കെ. പിത്തവാല സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ചൗധരി ഈ നേട്ടം സ്വന്തമാക്കിയത്.

നേരിട്ട ആദ്യ പന്തില്‍ റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചില്ല. അടുത്ത രണ്ട് പന്തിലും താരം സിംഗിള്‍ നേടി. ശേഷം ആകാശ് ചൗധരിയുടെ മാജിക്കിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

അടുത്ത എട്ട് പന്തില്‍ പിറവിയെടുത്തത് എട്ട് സിക്‌സറുകളാണ്! ഇതോടെ നേരിട്ട 11ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും താരത്തിന് സാധിച്ചു.

ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റ് ചരിത്രത്തിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ നേട്ടത്തിനൊപ്പം മറ്റ് പണ്ട് റെക്കോഡുകളും താരം സ്വന്തമാക്കി.

ഒരു ഓവറിലെ ആറ് പന്തില്‍ ആറ് സിക്‌സറുകള്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ഇതിലാദ്യം. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം താരമാണ് ചൗധരി.

ഇതിനൊപ്പം തുടര്‍ച്ചയായ എട്ട് പന്തിലും സിക്‌സര്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും ആകാശ് ചൗധരി തന്റെ പേരിലെഴുതിച്ചേര്‍ത്തു.

മത്സരത്തില്‍ ആകാശിന്റെ അര്‍ധ സെഞ്ച്വറിക്ക് പുറമെ വിക്കറ്റ് കീപ്പര്‍ അര്‍പ്പിത് ഭട്ടേവരയുടെ ഇരട്ട സെഞ്ച്വറിയും രാഹുല്‍ ദലാല്‍, ക്യാപ്റ്റന്‍ കിഷന്‍ ലിങ്‌ധോ എന്നിവരുടെ സെഞ്ച്വറിയും മേഘാലയ ടോട്ടലില്‍ നിര്‍ണായകമായി.

273 പന്ത് നേരിട്ട് 207 റണ്‍സാണ് ഭട്ടേവര സ്വന്തമാക്കിയത്. 23 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. രാഹുല്‍ ദലാല്‍ 102 പന്തില്‍ 144 റണ്‍സടിച്ചപ്പോള്‍ 187 പന്തില്‍ 119 റണ്‍സാണ് ലിങ്‌ധോ സ്വന്തമാക്കിയത്.

ഇവര്‍ക്കൊപ്പം 50 പന്തില്‍ 53 റണ്‍സടിച്ച അജസ് ദുഹാനും തന്റെ സംഭാവന ഇന്നിങ്‌സിലേക്ക് ചേര്‍ത്തുവെച്ചു.

ഇവരുടെ കരുത്തില്‍ മേഘാലയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 628 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ലീഡ് നേടാനുറച്ച് ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ അരുണാചല്‍ പ്രദേശ് 73ന് പുറത്തായി. 16 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ അമിത് യാദവാണ് ടോപ് സ്‌കോറര്‍.

നാല് വിക്കറ്റ് വീഴ്ത്തിയ ആര്യന്‍ ബോറയാണ് അരുണാചല്‍ ഇന്നിങ്‌സിന്റെ അടിത്തറയിളക്കിയത്. ദിപു സാങ്മ ആരോണ്‍ ആദര്‍ശ് റോയ് നോങ്ഗ്രും എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആകാശ് ചൗധരിയും സ്വാസ്തിക് ഛേത്രിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

555 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ അരുണാചല്‍പ്രദേശ് ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ അരുണാചല്‍പ്രദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 29 എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.

 

Content Highlight: Ranji Trophy: Akash Chaudhary becomes the first ever batter to hit 8 consecutive sixes in First Class history