| Friday, 26th May 2023, 9:54 pm

മനസ്സിനക്കരെ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഞാൻ വിളിച്ച് പറഞ്ഞു ഷൂട്ട് ചെയ്യല്ലേയെന്ന്: രഞ്ജൻ പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മനസ്സിനക്കരെ എന്ന ചിത്രത്തിന്റെ തിരക്കഥ, ഷൂട്ടിങ്ങിന് മുൻപാണ് തിരുത്തിയതെന്ന് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്. കാറിലിരുന്നാണ് താൻ തിരക്കഥ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മനസ്സിനക്കരയുടെ ഒരു സീൻ ഞാൻ എഴുതി കൊടുത്തതിൽ തിരുത്തുണ്ടായിട്ടുണ്ട്. തിരക്കഥ എഴുതിയത് രാവിലെ തന്നെ ഷൂട്ടിങ്ങിനായി കൊണ്ടുപോയി. രാത്രിയിലാണ് അതിന്റെ തിരക്കഥ എഴുതിയത്. കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ എഴുതിയതിൽ ഒരു തെറ്റുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നത്. പക്ഷെ എന്താണ് അതിലെ തെറ്റെന്ന് എനിക്ക് മനസ്സിലായില്ല. അത് ശരിയല്ലെന്ന് മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളൂ.

ചിത്രം ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിലേക്ക് ഞാൻ വിളിച്ചിട്ട് സത്യേട്ടനോട് (സത്യൻ അന്തിക്കാട്) സംസാരിച്ചു. ഞാൻ പറഞ്ഞു അത് ഷൂട്ട് ചെയ്യല്ലേ, തിരക്കഥയിൽ തിരുത്തുണ്ടെന്നും പറഞ്ഞു. എന്താണ് തിരുത്തെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. എന്താണ് തിരുത്തെന്ന് എനിക്കറിയില്ല, ഞാൻ വന്നിട്ട് പറഞ്ഞുതരാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് വരാൻ അദ്ദേഹം കാർ പറഞ്ഞുവിട്ടു. അവിടുന്ന് ലൊക്കേഷനിലേക്ക് കാറിൽ പോകുന്ന വഴിക്കാണ് ആ സീൻ എഴുതിയത്.

‘ശരിയായത് വരുമ്പോഴാണ് മറ്റേത് തെറ്റായിരുന്നെന്ന് നമുക്ക് തോന്നൂ’ എന്ന് ആ സ്ക്രിപ്റ്റ് ഞാൻ സത്യേട്ടന് കൊടുക്കുമ്പോൾ അദ്ദേഹം പറഞ്ഞു. ആ സ്ക്രിപ്റ്റ് തെറ്റായിരുന്നെന്ന് എനിക്ക് തോന്നിയിട്ടില്ല. ശരിയായത് വന്നപ്പോഴാണ് തെറ്റെനിക്ക് മനസിലായത്.

2018 എന്ന ചിത്രത്തിന്റെ തിരക്കഥയെ സംബന്ധിച്ച് ജൂഡ് ആന്തണി ജോസഫും തിരുത്തുകൾ വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകൾ മനസിലാകുന്നത് ശരിയായത് വന്ന് രുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

‘ജൂഡ് 2018നെ സംബന്ധിച്ചും ആദ്യം കുറെ മണ്ടത്തരങ്ങളാണ്‌ പ്ലാൻ ചെയ്തിരുന്നതെന്ന് കേട്ടിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. അതാണ്‌ എനിക്കും സംഭവിച്ചത്. അതായത് മണ്ടത്തരം ആയിരുന്നു എന്ന് നമുക്ക് മനസിലാകുന്നത് ശരിയായത് എത്തിച്ചേരുമ്പോഴാണ്. ചിലപ്പോൾ പ്രകൃതി നമ്മളെ ഒരുക്കുന്നതാവാം, രഞ്ജൻ പ്രമോദ് പറഞ്ഞു.

Content Highlights: Ranjan Pramod on Manassinakkare

We use cookies to give you the best possible experience. Learn more