| Saturday, 28th June 2025, 1:51 pm

മോശം അനുഭവങ്ങളും മാറ്റിനിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്; അതൊക്കെ മറികടക്കാൻ സാധിച്ചു: രമ്യ നമ്പീശൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചലച്ചിത്ര നടി, ഗായിക, ടെലിവിഷൻ അവതാരക, നർത്തകി എന്നീ നിലകളിൽ പ്രശസ്തയാണ് രമ്യ നമ്പീശൻ. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് കടന്നുവന്ന നടി നിരവധി സിനിമകളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നിറത്തിൻ്റെ പേരിൽ മാറ്റിനിർത്തലുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് രമ്യപറയുന്നു.

പതിനഞ്ച് വയസുള്ള രമ്യയോട് ഇപ്പോഴത്തെ രമ്യക്ക് കുറച്ചധികം കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് ഒരുദിവസം കൊണ്ട് മതിയാകില്ലെന്നും രമ്യ നമ്പീശന്‍ പറയുന്നു. താന്‍ അന്നങ്ങനെ ജീവിച്ചതുകൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാന്‍ സാധിച്ചതെന്നും അവര്‍ പറഞ്ഞു.

താന്‍ സ്വയം വരുത്തിവെച്ച പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സമൂഹത്തില്‍നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലും മാറ്റിനിര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ അതൊക്കെ തനിക്ക് മറികടക്കാനായെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു രമ്യ നമ്പീശന്‍.

‘പതിനഞ്ച് വയസുകാരി രമ്യയോട് കുറച്ചധികം കാര്യങ്ങള്‍ പറയാനുണ്ട്, ചിലപ്പോള്‍ ഒരുദിവസം മതിയാകില്ല (ചിരിക്കുന്നു)… ഞാന്‍ അന്നങ്ങനെ ജീവിച്ചതുകൊണ്ടാണ് ഇന്ന് കാണുന്ന രമ്യയാകാന്‍ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു, അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.

ഞാനായിട്ട് ഉണ്ടാക്കിവെച്ച പ്രശ്നങ്ങള്‍ മാത്രമേയുണ്ടായിട്ടുള്ളൂ. സമൂഹത്തില്‍നിന്ന് ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ സ്‌കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നുമൊക്കെ ഒരുപാട് മോശം അനുഭവങ്ങളും മാറ്റിനിര്‍ത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ, പലരും അത്തരം പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടാകും. പക്ഷേ അതെല്ലാം മറികടക്കാന്‍ പറ്റി എന്നതാണ് എന്റെ വിജയം,’ രമ്യ നമ്പീശൻ പറയുന്നു.

Content Highlight: Ramya Nambeesan talking about Her Childhood

We use cookies to give you the best possible experience. Learn more