| Saturday, 18th January 2025, 3:47 pm

ഒരു പെണ്ണിനെ എങ്ങനെ കാണിക്കണം എന്ന പുരുഷന്റെ ചിന്തയിലൂടെയാണ് മിക്ക സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നത്: രമ്യാ നമ്പീശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് രമ്യ നമ്പീശന്‍. 2006ല്‍ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് രമ്യ നായികയായി അരങ്ങേറിയത്. പിന്നീട് മലയാളത്തിലും തമിഴിലും തിരക്കുള്ള നടിയായി മാറാന്‍ രമ്യ നമ്പീശന് സാധിച്ചു. സിനിമകളെക്കാള്‍ തന്റെ നിലപാടുകള്‍ കൊണ്ട് രമ്യ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്.

മലയാളസിനിമയില്‍ കാലങ്ങളായി സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്ന രീതിയെക്കുറിച്ച് സംസാരിക്കുകയാണ് രമ്യ നമ്പീശന്‍. സ്ത്രീകളെ മിതമായ രീതിയില്‍ ചിത്രീകരിക്കുന്നതില്‍ സിനിമ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് രമ്യ പറഞ്ഞു. എഴുത്തുകള്‍ എപ്പോഴും ആണുങ്ങളുടെ കാഴ്ചപ്പാടില്‍ വരുമ്പോഴാണ് ഇങ്ങനെയുണ്ടാകുന്നതെന്നും സ്ത്രീകളെ എങ്ങനെ കാണിക്കണമെന്ന അവരുടെ ചിന്തയില്‍ നിന്നാണ് പലപ്പോഴും പല കഥാപാത്രങ്ങളും പിറക്കുന്നതെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

അവര്‍ എങ്ങനെ ഒരു പെണ്ണിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും സമൂഹത്തില്‍ അവരെ എങ്ങനെ പ്ലെയ്‌സ് ചെയ്യുന്നുവെന്നുമാണ് ആ എഴുത്തുകളിലൂടെ കാണാന്‍ സാധിക്കുന്നതെന്ന് രമ്യ പറഞ്ഞു. ഹെര്‍ എന്ന സിനിമയിലെ തന്റെ കഥാപാത്രം ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്നാണ് ഉണ്ടായതെന്നും അതിന്റേതായ വ്യത്യസ്തത സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും രമ്യ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

കുറച്ച് തലക്കനമുള്ള കഥാപാത്രമാണ് ഹെര്‍ എന്ന സിനിമയില്‍ തനിക്ക് കിട്ടിയതെന്നും ആ കഥാപാത്രത്തിന് അതിന്റേതായ ന്യായങ്ങളുണ്ടെന്നും രമ്യ പറഞ്ഞു. തന്റെ കഥാപാത്രം പണ്ടുകാലത്തെ സിനിമയിലായിരുന്നെങ്കില്‍ സിനിമയുടെ അവസാനം തെറ്റുകള്‍ മനസിലാക്കി ക്ഷമ ചോദിക്കുന്ന ഒന്നായി മാറിയേനെയെന്നും ഈ സിനിമയില്‍ അങ്ങനെയില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു രമ്യ നമ്പീശന്‍.

‘സ്ത്രീകളെ മിതമായ രീതിയില്‍ ചിത്രീകരിക്കുന്നതില്‍ സിനിമ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാരണം, മിക്ക സിനിമകളും പുരുഷന്മാരുടെ പെര്‍സ്‌പെക്ടീവിലൂടെയാണ് ഉണ്ടാകുന്നത്. അവരുടെ കണ്ണിലൂടെ ഒരു സ്ത്രീ കഥാപാത്രത്തെ എങ്ങനെ കാണിക്കണം എന്ന ചിന്തയാണ് പല സിനിമകളിലും കാണാന്‍ സാധിക്കുന്നത്.

സ്ത്രീകളെ എങ്ങനെ കാണണമെന്നും അവരെ സമൂഹത്തില്‍ എങ്ങനെ പ്ലെയ്‌സ് ചെയ്യണമെന്നുമൊക്കെ ആണുങ്ങളാണ് തീരുമാനിക്കുന്നത്. ഹെര്‍ എന്ന സിനിമയിലെ എന്റെ കഥാപാത്രം സ്വല്പം തലക്കനമുള്ള ഒരാളാണ്. ഒരു സ്ത്രീയാണ് ആ ക്യാരക്ടറിന്റെ സൃഷ്ടിക്ക് പിന്നില്‍. അതേ കഥാപാത്രം പണ്ടുകാലത്തെ സിനിമകളിലാണെങ്കില്‍ ക്ലൈമാക്‌സില്‍ സ്വന്തം തെറ്റ് മനസിലാക്കി നന്നാകുന്ന ഒന്നാക്കി അവതരിപ്പിച്ചേനെ,’ രമ്യ നമ്പീശന്‍ പറയുന്നു.

Content Highlight: Ramya Nambeesan about portrayal of women characters in cinema

We use cookies to give you the best possible experience. Learn more