ആലപ്പാട് സമരം ഒരു ഗൂഢാലോചനയല്ല; സമരത്തെ പിന്തുണയ്ക്കുന്ന ഒരു അഭ്യുദയകാംക്ഷിയുടെ സന്ദേഹങ്ങള്‍
FB Notification
ആലപ്പാട് സമരം ഒരു ഗൂഢാലോചനയല്ല; സമരത്തെ പിന്തുണയ്ക്കുന്ന ഒരു അഭ്യുദയകാംക്ഷിയുടെ സന്ദേഹങ്ങള്‍
റംസീന ഉമൈബ
Friday, 11th January 2019, 12:13 am

ആലപ്പാട് സമരം പൊതുമേഖലയെ തകര്‍ക്കാനും സ്വകാര്യമേഖലയെ ആനയിക്കാനാണെന്നും പറയുന്നവര്‍ കാണാതെ പോകുന്ന ചിലതുണ്ട്.
ഞങ്ങള്‍ പൊതുമേഖലയെ സംരക്ഷിക്കുന്നതിനാണ് ശ്രമിക്കുന്നത് എന്ന് പറയുന്ന ജനപ്രതിനിധികളും ഭരണവക്താക്കളും സി.എം.ആര്‍.എല്‍ എന്ന സ്വകാര്യകമ്പനി നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് നിശബ്ദമാകുന്നത്?

1995 മുതല്‍ സി.എം.ആര്‍.എല്‍ ഇതിനായി സ്വകാര്യമേഖലാ ഖനനത്തിനായി ശ്രമിക്കുന്നതിന് തെളിവുകള്‍ ലഭ്യമാണ്. കെ.ആര്‍.എം.എല്‍ എന്ന സ്വകാര്യ-പൊതു സംയുക്ത സംരംഭം ആരംഭിച്ച് ഖനനത്തിനുള്ള അനുമതി നേടുന്നതിനും 1997 അവര്‍ ശ്രമിച്ചിരുന്നു. അന്ന് കേന്ദ്രനയം മാറിയതും (ധാതുമണല്‍ വ്യവസായത്തില്‍ സംയുക്തമേഖലയില്‍ സ്വകാര്യവത്കരണം ആകാം എന്ന് നയം മാറി) ഇതിന് ഒരു കാരണമായി.

ആറാട്ടുപുഴ-തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ നിന്നെല്ലാം തീരദേശവാസികളുടെ ശക്തമായ പ്രക്ഷേഭം ഉണ്ടായതുകൊണ്ടാണ് അന്ന് അത് നടക്കാതെ പോയത്. അന്ന് കേരള രാഷട്രീയത്തില്‍ വി.എം. സുധീരന്‍ മാത്രമായിരുന്നു സമരത്തിനൊപ്പം ഉണ്ടായിരുന്നത്. ലോക്‌സഭാ അംഗമായിരുന്ന അദ്ദേഹം അക്കാരണത്താല്‍ അടുത്തതവണ ഇലക്ഷനില്‍ തോല്‍ക്കുകയും ചെയ്തു. വികസനാനുകൂലികള്‍ സുധീരനെ തോല്‍പ്പിച്ചു. ഇടത്-വലത് രാഷ്ട്രീയകക്ഷികളെല്ലാം സി.എം.ആര്‍.എല്ലിനൊപ്പം അന്ന് ഒരുമിച്ചുനിന്നു. എന്നിട്ടും ആ ജനകീയ സമരം വിജയിച്ചു. അന്ന് ആ സമരത്തിനൊപ്പം ഉണ്ടായിരുന്നവരില്‍ പലരുമാണ് ഇപ്പോള്‍ സേവ് ആലപ്പാട് സമരത്തിലുമുള്ള തദ്ദേശീയര്‍.

സ്വകാര്യമേഖല സംരംഭം ഖനനത്തിലേക്ക് വരാതിരിക്കാന്‍ ഒരിക്കല്‍ വിലകൊടുത്തവരാണ് ഇവര്‍. അത് അത്ര പഴയ ചരിത്രമൊന്നുമില്ല. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്ന സംഭവമാണ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധം കാരണം പിന്നീട് ആറാട്ടുപുഴ-തൃക്കുന്നപ്പുഴ പ്രദേശത്ത് സി.പി.ഐയും കോണ്‍ഗ്രസിന്റെ ചില ഗ്രൂപ്പുകളും അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ സ്വകാര്യമേഖല ഖനനത്തെ ഇപ്പോഴും എതിര്‍ക്കുന്നുണ്ട്. ഖനനം തുടരുന്ന ആലപ്പാടിന്റെ കാര്യത്തില്‍ അവര്‍ക്ക് നിലപാടില്ലെന്ന് മാത്രം. ആലപ്പാട് നടക്കുന്ന ഖനനത്തിലേക്ക് സ്വകാര്യകമ്പനിയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതും ഇതേ രാഷ്ട്രീയ നേതൃത്വങ്ങളാണ്. എല്ലാവരുമല്ല, സി.എം.ആര്‍.എല്‍ കമ്പനിയുമായി ബന്ധമുള്ള പലരും.

സംയുക്ത ട്രേഡ് യൂണിയനുകള്‍ (സി.ഐ.ടി.യു., എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി ഒരുമിച്ച്) അതിനുവേണ്ടി സമരം നടത്തിയിട്ടുണ്ട്. സി.എം.ആര്‍.എല്‍ന് ഖനനാനുമതി വേണമെന്ന് ആവശ്യപ്പെട്ട് 2013 നവംബര്‍ 6ന് ട്രേഡ് യൂണിയനുകള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് എളമരം കരീം ആണ്. ട്രേഡ് യൂണിയനുകളില്‍ ഒരു വിഭാഗം പൊതുവായി സി.എം.ആര്‍.എല്ലിന് വേണ്ടി നില്‍ക്കുന്നു.

ഏലൂരിലും സി.എം.ആര്‍.എല്‍ കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരായ നാട്ടുകാരുടെ സമരത്തില്‍ ട്രേഡ് യൂണിയനുകള്‍ കമ്പനിക്കൊപ്പമാണ്. അതിന്റെ പിന്നിലെ അഴിമതിക്കഥകള്‍ ഏറെയുണ്ട്. രേഖകളടക്കം പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ പലപ്പോഴായി പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. ആവശ്യമെങ്കില്‍ പങ്കുവയ്ക്കാം.

പത്രമാധ്യമങ്ങളെയും സി.എം.ആര്‍.എല്‍ വിലയ്‌ക്കെടുത്തിട്ടുണ്ട്. ഒരുപക്ഷെ പെയ്ഡ് ന്യൂസ് എന്ന സമ്പ്രദായം കേരളത്തില്‍ ഏറ്റവും വിജയകരമായി നടപ്പിലാക്കിയിട്ടുള്ളത് സി.എം.ആര്‍.എല്‍ കമ്പനിയുടെ മുതലാളി ശശിധരന്‍ കര്‍ത്തയാണ്. അതിനും നിരവധി തെളിവുകളുണ്ട്. ആവശ്യമെങ്കില്‍ ഇവിടെ കൊണ്ടുവരാം. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നതിനായി അദ്ദേഹം ഒരു പത്രം പോലും തുടങ്ങുകയുണ്ടായി.

ഇപ്പോള്‍ ആലപ്പാട് നടക്കുന്ന സമരം പൊതുഖനനത്തെ തകര്‍ക്കാനാണെന്ന് പറയുന്നവര്‍ ദയവായി ഈ വസ്തുതകള്‍ പരിശോധിക്കണം. ആലപ്പാട് സമരസമിതി സ്വകാര്യമേഖലയിലെ സമരത്തിന് തീര്‍ത്തും എതിരാണ് എന്നത് വ്യക്തമാണ്. മാത്രമല്ല, ഒരിക്കല്‍ ആലപ്പാടിനോട് ചേര്‍ന്നുള്ള ആറാട്ടുപുഴ-തൃക്കുന്നപ്പുഴ പ്രദേശത്ത് സ്വകാര്യഖനനം അനുവദിച്ചപ്പോള്‍ അതിനെ എതിര്‍ത്തുതോല്‍പ്പിച്ച ജനകീയ സമരത്തിനൊപ്പം നിന്നവരാണ്. ആ വസ്തുതകള്‍ പരിശോധിക്കുക.

ബഹുമാനപ്പെട്ട മന്ത്രി മെഴ്‌സിക്കുട്ടി അമ്മയോട് എളമരം കരീം അടക്കമുള്ളവര്‍ എടുത്തിരിക്കുന്ന നിലപാടിനെക്കുറിച്ചും ചോദിക്കും. ഔദ്യോഗിക പക്ഷത്തിന്റെ പ്രത്യേകിച്ച് ഭരണകൂടസംവിധാനത്തിന്റെ ഭാഗമായവരുടെ വാക്കുകളെ മാത്രം ആശ്രയിച്ച് ഏതുകാര്യത്തിലും തീരുമാനമെടുക്കാതിരിക്കുക. അത് ഗോരക്ഷകരെക്കുറിച്ച് നരേന്ദ്രമോദിയോട് ചോദിച്ച് നിലപാട് സ്വീകരിക്കുന്നതിന് തുല്യമാകും.

ഔദ്യോഗിക ശാസ്ത്രത്തിന്റെയോ ഭരണസംവിധാനങ്ങളുടെയോ പിന്തുണയില്ലാത്ത ഒരു വിഭാഗം ജനങ്ങള്‍ ഈ നാട്ടിലുണ്ട്. അവരുടെ ശബ്ദം കൂടി കേള്‍ക്കുക. അവരുടെ അനുഭവജ്ഞാനത്തിന് അല്‍പ്പം വിലകൊടുക്കുക, കേള്‍ക്കുക, ക്ഷമയോടെ പരിശോധിക്കുക. ഏത് നാടിന്റെയും സമ്പത്ത് വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കാവുന്ന പ്രകൃതിവിഭവങ്ങള്‍ മാത്രമല്ല. പ്രകൃതിതന്നെ നല്‍കിയ മറ്റ് ഉപജീവനമാര്‍ഗങ്ങളും പ്രധാനമാണ്. നഷ്ടമായിപ്പോയ മത്സ്യസമ്പത്തിനെക്കുറിച്ച് കരിമണലിലെ അസംസ്‌കൃത വസ്തുക്കളുടെ വ്യവസായ സാധ്യതയെക്കുറിച്ച് പറയുന്നവര്‍ എന്തുകൊണ്ടാണ് മൗനംപാലിക്കുന്നത്.

ആരോഗ്യമുള്ള ഒരു ജനതയായി കേരളീയരെ വാര്‍ത്തെടുത്തതില്‍ നമ്മുടെ ചാളയ്ക്കും കൊഞ്ചിനും എല്ലാം വലിയ പങ്കുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ പങ്കുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ അവര്‍ക്കും ഒരു നിര്‍ണ്ണായക സ്ഥാനമുണ്ട്. ഒരു ജനതയുടെ പോഷകലഭ്യതയ്ക്ക്/ഭക്ഷ്യസുരക്ഷയ്ക്ക് സമ്പദ്ഘടനയിലുള്ള പങ്കിനേക്കാള്‍ വലുതല്ല വ്യാവസായ അസംസ്‌കൃത വസ്തുവഴി വരുന്ന ലാഭക്കണക്കുകള്‍. നിങ്ങളും മൊബൈല്‍ ഫോണ്‍ തന്നെയല്ലേ ഉപയോഗിക്കുന്നത് എന്ന് പറഞ്ഞ് ലഘൂകരിക്കാന്‍ കഴിയുന്നതല്ല ആ നഷ്ടം.

ഒരു മീനും പിടിച്ചില്ലെങ്കിലും പ്രകൃതി തന്നെ നല്‍കുന്ന മറ്റുചില സമ്പത്തുണ്ട്, എക്കോസിസ്റ്റം സര്‍വ്വീസസ് ഉണ്ട്. സാമ്പത്തികമായി വിലയിടാന്‍ കഴിയാത്തതാണത്. ജൈവവൈവിധ്യത്തിന്റെ മൂല്യത്തെക്കൂടി പരിഗണിച്ചുകൊണ്ട് വികസനത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു കാലത്തെക്കുറിച്ചാണ് എല്ലാ പരിസ്ഥിതി-വിഭവ സംരക്ഷണ സമരങ്ങളും നാളുകളായി സംസാരിക്കുന്നത്. അല്ലാതെ കേവല പരിസ്ഥിതിവാദമല്ല മുന്നോട്ടുവയ്ക്കുന്നത് എന്ന് സൂക്ഷ്മമായി ഈ സമരങ്ങളെ വിലയിരുത്തിയാല്‍ മനസ്സിലാക്കാം. ഇവിടെയും തീരദേശ പരിസ്ഥിതി എന്നത് വളരെ പ്രധാനമാണ്.

ആലപ്പാടിന്റെയും സമീപ തീരദേശങ്ങളുടെയും ലോലമായ പാരിസ്ഥിതിക വ്യവസ്ഥയെക്കൂടി കണക്കിലെടുക്കുന്നതിനെയാണ് സമഗ്രമായ സമീപനമായി പറയാന്‍ കഴിയുന്നത്. ആലപ്പാടിന് കിഴക്ക് വട്ടക്കായലുമായി അതിരുടുന്ന പൊഴി മുറിഞ്ഞ് കടല്‍ കയറുന്ന സാഹചര്യമുണ്ടായാല്‍ അതിനും കിഴക്കുള്ള സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന ഓണാട്ടുകര, കുട്ടനാടന്‍ മേഖലകള്‍ ദുരിതത്തിലാകും എന്നത് കൂടി ആലോചിക്കുക പ്രധാനമാണ്. കേരളത്തിന്റെ പരിസ്ഥിതി ലോലതയേയും സൂക്ഷ്മമായ ജൈവബന്ധങ്ങളേയും പരിഗണിക്കാത്തതരത്തിലുള്ള വികസന-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച മഴക്കാല ദുരന്തങ്ങള്‍ സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം എത്ര കരിമണലെടുത്ത് വിറ്റാലും നികത്താന്‍ കഴിയുന്നതിലും വലുതാണ്.

അതുകൊണ്ടുതന്നെ ഏത് വികസനാവശ്യത്തെയും കേരളത്തിന്റെ മാറുന്ന പാരിസ്ഥിതിക വ്യവസ്ഥയുടെയും വിഭവപരിമിതികളുടെയും സാഹചര്യത്തെക്കൂടി കണക്കിലെടുത്ത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള സാഹചര്യങ്ങളെക്കൂടി പരിഗണിച്ച് പുനര്‍ചിന്തിക്കേണ്ട ഘട്ടത്തിലാണ് നമ്മളുള്ളത്. ആലപ്പാടുകാരും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതിനെ സ്വകാര്യലോബിയുടെ താത്പര്യങ്ങളായി മാത്രം വിലയിരുത്തി കാണുന്നത് പരിഷത്ത് അടക്കമുള്ള പ്രസ്ഥാനങ്ങളും ജനകീയ സമരങ്ങളും കേരളത്തില്‍ തുറന്നിട്ട ഇക്കോളജിക്കല്‍ സംവാദങ്ങളില്‍ നിന്നുള്ള മുഖം തിരിക്കലാണ്.

ഏറെക്കാലമായി സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് ഇത്തരം പല ക്യാമ്പയിനുകളും ഉയര്‍ത്തിക്കൊണ്ടുവന്നവരാണ് നമ്മളില്‍ പലരും. ഇതില്‍ മാത്രം അസ്വാഭാവികത തിരയുന്നത് എന്തുകൊണ്ടാണ്. സോഷ്യല്‍ മീഡിയയുടെ അത്തരത്തിലുള്ള ഒരു സാധ്യതയാണ് ക്യാമ്പയിനുകള്‍ക്ക് ലഭിക്കുന്ന ഈ ദൃശ്യപരത. പലഘടകങ്ങള്‍ ചേര്‍ന്നുവന്നപ്പോഴാണ് (പ്രത്യേകിച്ച് ട്രോളര്‍മാര്‍ അടക്കം) ആലപ്പാട് ക്യാമ്പയിനുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ഇത് പല ക്യാമ്പയിനുകള്‍ക്കും ലഭിച്ചിട്ടുണ്ട്. അതില്‍ അസ്വാഭാവികത ആരോപിക്കുന്നത് രാഷ്ട്രീയ പ്രചരണങ്ങളുടെ കാര്യത്തില്‍ നടപ്പുശീലങ്ങള്‍ മാത്രമേ പാടുള്ളൂ എന്നതരത്തിലുള്ള അടഞ്ഞ മനോനിലയാണ്. നടപ്പുരീതികളുടെ കാലം മാറിയെന്ന് തിരിച്ചറിഞ്ഞ് സോഷ്യല്‍ മീഡിയയെ രാഷ്ട്രീയ പ്രചരണത്തിനായി ആശ്രയിക്കുന്നവര്‍ തന്നെയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത് എന്നതാണ്
ഏറ്റവും ദയനീയം.

ആലപ്പാട്ടുകാരല്ലാത്ത പലരും ആലപ്പാടിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുന്നത് ഈ വിഷയത്തെ അറിയാനും അതിലൂടെ ഐക്യപ്പെടാനുമുള്ള അവരുടെ ശ്രമമായാണ് കാണേണ്ടത്. യാതന അനുഭവിക്കുന്ന ഒരു ജനതയോടുള്ള സഹാനുഭൂതിയായാണ് കാണേണ്ടത്. അപരന്റെ സുഖത്തിനായുള്ള ആ വരവാണ് രാഷ്ട്രീയത്തിന്റെ അടിത്തറ. അതിനെ സംശയത്തോടെ വീക്ഷിക്കുന്നവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ അപക്വമാണെന്ന് പറയേണ്ടിവരും. അറിവുനിര്‍മ്മാണത്തിന് ആവശ്യമായതരത്തിലുള്ള ആരോഗ്യകരമായ സംവാദങ്ങളാണ് അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവരുമായി ഉണ്ടാകേണ്ടത്.

നമ്മള്‍ നിലനില്‍ക്കുന്നത് ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുകൂടിയാണല്ലോ. വിസമ്മങ്ങളെയും കേള്‍ക്കുന്നതിനും അതിനോട് സംവദിക്കുന്നതിനുള്ള ഇടമുണ്ടാവുക എന്നത് ജനാധിപത്യത്തിന്റെ അന്തസത്തയാണ്. ജനങ്ങള്‍ക്ക് എതിര്‍പ്പുള്ള കാര്യം എന്ത് വിലകൊടുത്തും മുന്നോട്ടുകൊണ്ടുപോകും എന്നത് ധാര്‍ഷ്യമാണ്. ശാസ്ത്രീയമാണ് ഖനനം എന്നുപറഞ്ഞാലും തദ്ദേശീയരായ ജനങ്ങളുടെ എതിര്‍പ്പ് (prior informed consent ഇല്ലാത്ത പ്രശ്‌നം) എന്നത് പരിഗണിക്കപ്പെടുകതന്നെ വേണം. റൈട് ടു ലൈഫിനെക്കുറിച്ച് പറഞ്ഞിട്ടാണ് ഇന്ത്യന്‍ ഭരണഘടന സൈന്റിഫിക് ടെമ്പറിനെക്കുറിച്ച് പറയുന്നത് എന്നത് മറക്കരുത്.

സംഘപരിവാറിന്റെ സാന്നിധ്യം കണ്ടതിനാല്‍ ഞങ്ങളില്ല എന്നുപറയുന്നതും കേരളത്തിലെ ജനകീയ സമരങ്ങളുടെ ചരിത്രത്തെ വിലയിരുത്തുമ്പോള്‍ അപക്വമായ വാദഗതിയായി തോന്നും. കേരളത്തില്‍ നടന്ന/നടക്കുന്ന എല്ലാ ജനകീയ സമരങ്ങളിലും സമരങ്ങളുടെ പോപ്പുലാരിറ്റിയെ കണ്ട് ദൃശ്യതയ്ക്ക് വേണ്ടി പല സംഘപരിവാര്‍ പ്രസ്ഥാനങ്ങളും പങ്കുചേര്‍ന്നിട്ടുണ്ട്. അവരുടെ രാഷ്ട്രീയവും പ്രയോഗവുമായി ഒരു ബന്ധവും ആ സമരമുദ്രാവാക്യങ്ങള്‍ക്കുണ്ടാകില്ല. ഭരണപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ഇതിന് നേരെ വിരുദ്ധവുമാണ്. ആ അസംബന്ധം തുറന്നുകാണിക്കുകയാണ് വേണ്ടത്. ഇവിടെ ഒരു പ്രതിപക്ഷ കക്ഷി ആയിരിക്കുന്നിടത്തോളം കാലം അവരുടെ സാന്നിധ്യം സമരങ്ങളിലുണ്ടാകും.

സമരത്തിന്റെ പോപ്പുലാരിറ്റി അവസാനിക്കുന്നതോടെ അതും അവസാനിക്കും. അതിനപ്പുറം അത് നിലനില്‍ക്കാറില്ല. നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയാറുമില്ല. സമരങ്ങളിലെ ഇത്തരം സാന്നിധ്യത്തിലൂടെയാണ് കേരളത്തില്‍ കാവിവത്കരണം പടരുന്നതെന്ന് പറഞ്ഞാല്‍ അത് സമകാലിക കേരളത്തെക്കുറിച്ചുള്ള തീര്‍ത്തും തെറ്റായ വിലയിരുത്തലാകും. സംഘപരിവാര്‍ അടക്കമുള്ള എല്ലാ സ്ഥാപിതതാത്പര്യ സംഘങ്ങളോടും ജാഗ്രത പുലര്‍ത്തുക. സമരസമിതികള്‍ ആ ജാഗ്രതപുലര്‍ത്താറുണ്ട്.

കീഴാറ്റൂരുകാര്‍ക്ക് മാത്രമാണ് ആ ചതിക്കുഴി മനസ്സിലാകാതെ പോയത്. ഇപ്പോള്‍ അതും വ്യക്തമായി. അതുകൊണ്ട് അവരുടെ സാന്നിധ്യം ഒരു സമരത്തെ പിന്തുണയ്ക്കുന്നതിന് എതിരായി മാറേണ്ടതില്ല. ജാഗ്രതയാണ് വേണ്ടത്. പിന്നെ, കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളെയും കണ്ണടച്ച് എതിര്‍ക്കുന്ന ഇടത്-വലത് രാഷ്ട്രീയം ഒരുവശത്തുണ്ട് എന്നതും കാണാതെ പോകേണ്ട. ആരുടെ ഭാഗത്ത് നിന്നാണ് ആത്മാര്‍ത്ഥമായ പിന്തുണ ഏതെങ്കിലും സമരത്തിനൊപ്പം ഉണ്ടായിട്ടുള്ളത്, ഒറ്റപ്പെട്ട ചില പ്രദേശിക പിന്തുണകളല്ലാതെ.

ചെങ്ങറ സമരക്കാര്‍ ഹാരിസണിന്റെ സ്വത്ത് കട്ട്മുടിക്കുന്ന കള്ളന്മാരാണെന്ന് പറഞ്ഞത് കേരളം ഏറ്റവും ബഹുമാനിക്കുന്ന രാഷ്ട്രീയ നേതൃത്വമായ വി.എസ്. അച്യുതാനന്ദനാണ്. മൂലമ്പിള്ളിയില്‍ ജനങ്ങളെ ബലപ്രയോഗത്താല്‍ കുടിയിറക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശിഷ്ടസേവനത്തിനുള്ള മെഡല്‍ നല്‍കിയതും അദ്ദേഹം തന്നെയാണ്. എന്നിട്ടും പലപ്പോഴും പല ജനകീയ സമരപ്രവര്‍ത്തകരും അദ്ദേഹവുമായി യോജിച്ചിട്ടില്ലേ, ചിലപ്പോള്‍ വിയോജിച്ചിട്ടില്ലേ. അത്തരത്തിലുള്ള പ്രശ്‌നാധിഷ്ഠിത പിന്തുണ എവിടെയും ആകാവുന്നതാണ്. വിരുദ്ധങ്ങളായ പ്രത്യയശാസ്ത്രങ്ങള്‍ പേറുന്നവര്‍ ഒരുമിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രീയ മണ്ഡലത്തില്‍ അത് പ്രധാനമാണ്. ജാഗ്രത കൈവിടരുതെന്ന് മാത്രം.

ഈ ജനാധിപത്യത്തില്‍ നമ്മള്‍ ജനങ്ങള്‍ക്കൊപ്പമാണോ അതോ ജനാഭിപ്രായത്തെ മാനിക്കാന്‍ തയ്യാറല്ലാത്ത കേന്ദ്രീകൃത അധികാരവ്യവസ്ഥയുടെ ധാര്‍ഷ്ട്യങ്ങള്‍ക്കൊപ്പമാണോ എന്നതാണ് മര്‍മ്മ പ്രധാനചോദ്യം. എല്ലാ സമരങ്ങളും, ആലപ്പാടും ഉന്നയിക്കാന്‍ ശ്രമിക്കുന്നതും ഈ ചോദ്യമാണ്.