ക്യൂബന്‍ വിപ്ലവകാരിയും രഹസ്യാന്വേഷണ ഏജന്‍സി സ്ഥാപകനുമായ റമീറോ വാല്‍ഡസ് മെനെന്‍ഡെസ് അന്തരിച്ചു
World
ക്യൂബന്‍ വിപ്ലവകാരിയും രഹസ്യാന്വേഷണ ഏജന്‍സി സ്ഥാപകനുമായ റമീറോ വാല്‍ഡസ് മെനെന്‍ഡെസ് അന്തരിച്ചു
സിജൊ
Monday, 22nd June 2026, 11:04 am

ഹവാന: ക്യൂബന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്ഥാപകനും ക്യബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലെ അവസാന കമാന്‍ഡര്‍മാരിലൊരാളുമായ റമീറോ വാല്‍ഡസ് മെനെന്‍ഡെസ് അന്തരിച്ചു. 94 വയസായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഹവാനയിലായിരുന്നു അന്ത്യം.

ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയോട് അടുത്ത നേതാക്കളിലൊരാളായിരുന്നു വാല്‍ഡസ്. 1956ല്‍ ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കാനായി മെക്‌സിക്കോയില്‍ നിന്നും ഗ്രന്മ പായ്ക്കപ്പലില്‍ ക്യൂബയിലേക്കു തിരിച്ച 82 വിമത പോരാളികളില്‍ ഒരാള്‍ കൂടിയായിരുന്നു മെനെന്‍ഡെസ്.

ചെ ഗുവേര നയിച്ച ക്യൂബന്‍ ഗറില്ലാ സൈന്യത്തില്‍ സെകന്‍ഡ് ഇന്‍ കമാന്‍ഡുമായിരുന്നു. സാന്താ ക്ലാര പോരാട്ടത്തില്‍ ചെ ഗുവേരയ്ക്കൊപ്പം സുപ്രധാന പങ്കുവഹിച്ചിരുന്നു.

മെനെന്‍ഡെസിന്റെ മരണത്തില്‍ ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡയസ് കാനല്‍ അടക്കമുള്ളവര്‍ അനുശോചിച്ചു. അദ്ദേഹത്തെ താന്‍ പിതാവിനെപ്പോലെയാണ് കാണുന്നതെന്നും മരണം അതീവ ദുഃഖമുണ്ടാക്കുന്നതാണെന്നും ഡയസ് കാനല്‍ അഭിപ്രായപ്പെട്ടു. ‘റമീറോ വാല്‍ഡസ് മെനെന്‍ഡെസിന്റ മടക്കം എന്നെ കടുത്ത ദുഃഖത്തിലാക്കി. എന്റെ പിതാവിന്റെ മരണം പോലെ,’ ക്യൂബന്‍ പ്രസിഡന്റ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഫിദല്‍ കാസ്‌ട്രോയുടെയും റൗള്‍ കാസ്‌ട്രോയുടെയും നേതൃത്വത്തോടും തന്റെ സഹ പോരാളികളോടും സമ്പൂര്‍ണമായ വിശ്വസ്ഥത പുലര്‍ത്തിക്കൊണ്ടായിരുന്നു കമാന്‍ഡര്‍ റമീറോയുടെ ജീവിതത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളുമെന്നും ഡയസ് കനാല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി സ്ഥാപകാംഗങ്ങളിലൊരാളാണ് റമീറോ. ദീര്‍ഘകാലം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. രണ്ട് തവണ ക്യൂബയില്‍ ആഭ്യന്തര മന്ത്രിയായി. ഒരു തവണ ക്യൂബന്‍ വൈസ് പ്രസിഡന്റുമായിരുന്നു.

1932 ഏപ്രില്‍ 28-ന് ആര്‍റ്റെമിസയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് റമീറോയുടെ ജനനം. 1960കളില്‍ ക്യൂബന്‍ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗമായ ജി2 സ്റ്റേറ്റ് സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിന് അദ്ദേഹം തുടക്കം കുറിച്ചത്. 2021 വരെ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. പിന്നീട് പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവായി ഒഴിവായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

2010ല്‍ കുറച്ചുകാലം റമീറോ വെനസ്വേലയിലുണ്ടായിരുന്നു. രാജ്യത്തെ ഊര്‍ജ സംരഭങ്ങളുടെ മുഖ്യഉപദേശകനാകാന്‍ വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡ്യൂറോയുടെ ആവശ്യപ്രകാരം റമീറോ വെനസ്വേലയില്‍ പോയി എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഒരു രഹസ്യാന്വേഷണ ദൗത്യത്തിനായാണ് അദ്ദേഹത്തെ വെനസ്വേലയിലേക്ക് ക്ഷണിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Content Highlight: Ramiro Valdes, one of Cuba’s last living revolutionary figures, dies at 94