| Monday, 2nd June 2025, 6:52 pm

തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് അര്‍ത്ഥം വരുന്ന ഡയലോഗ് കുമ്പളങ്ങി നൈറ്റ്‌സില്‍ നിന്ന് ഞാന്‍ ഇടപെട്ട് ഒഴിവാക്കിയിട്ടുണ്ട്: രമേശ് തിലക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ നടനാണ് രമേശ് തിലക്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെയാണ് രമേശ് തിലക് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ രമേശിന് സാധിച്ചു. ഈ വര്‍ഷത്തെ ഗംഭീരവിജയമായ ടൂറിസ്റ്റ് ഫാമിലിയിലും രമേശ് തിലകിന്റെ സാന്നിധ്യമുണ്ടായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളികള്‍ക്കിടയിലും താരം ശ്രദ്ധേയനായി.

കുമ്പളങ്ങി നൈറ്റ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് രമേശ് തിലക്. ചിത്രത്തിലേക്ക് തന്നെ വിളിച്ചത് എഴുത്തുകാരന്‍ ശ്യാം പുഷ്‌കറായിരുന്നെന്ന് രമേശ് തിലക് പറഞ്ഞു. സെറ്റില്‍ എഴുത്തുകാരനും പ്രൊഡ്യൂസറും എല്ലാം ഒരേ വൈബിലുള്ളവരായിരുന്നെന്നും തനിക്ക് അത് പുതിയൊരു അനുഭവമായിരുന്നെന്നും താരം പറയുന്നു.

ചിത്രത്തില്‍ സൗബിന്‍ തന്നോട് പറയുന്ന ഒരു ഡയലോഗുണ്ടായിരുന്നെന്നും അത് താന്‍ ഇടപെട്ട് ഒഴിവാക്കിയെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. തന്നെപ്പോലെ ചെറിയൊരു ആര്‍ട്ടിസ്റ്റ് പറഞ്ഞത് അവര്‍ക്ക് തള്ളിക്കളയാമായിരുന്നെന്നും എന്നാല്‍ അവര്‍ അങ്ങനെ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു രമേശ് തിലക്.

‘കുമ്പളങ്ങി നൈറ്റ്‌സിലേക്ക് എന്നെ വിളിച്ചത് അതിന്റെ റൈറ്റര്‍ ശ്യാം പുഷ്‌കരനായിരുന്നു. സെറ്റിലെത്തിയപ്പോള്‍ ആദ്യം കണ്ടതും അദ്ദേഹത്തെ തന്നെയാണ്. ആ സെറ്റില്‍ റൈറ്റര്‍ വേറെ, ഡയറക്ടര്‍ വേറെ എന്ന വേര്‍തിരിവൊന്നും ഇല്ലായിരുന്നു. എല്ലാവരും ഒരൊറ്റ ടീമായിട്ടായിരുന്നു പെരുമാറിയത്. നല്ല വൈബായിരുന്നു അവര്‍ തമ്മില്‍.

ആ സിനിമയില്‍ സൗബിന്‍ എന്നോട് പറയുന്ന ഒരു ഡയലോഗുണ്ടായിരുന്നു. പടത്തില്‍ അത് കാണാന്‍ സാധിക്കില്ല. സൗബിന്റെ ക്യാരക്ടര്‍ എന്നോട് ‘തമിഴനാണെങ്കിലും നിന്നെ ഞാന്‍ അനിയനെപ്പോലെയല്ലേ കണ്ടത്?’ എന്ന് ചോദിക്കുന്നുണ്ട്. ആ ഡയലോഗ് ആദ്യം കേട്ടപ്പോള്‍ എനിക്ക് എന്തോ പന്തികേട് തോന്നി. അത് വീണ്ടും കേട്ടപ്പോള്‍ തമിഴനാണെങ്കില്‍ എന്തോ പ്രശ്‌നമുണ്ടെന്നുള്ള മീനിങ് ആ ഡയലോഗിലുണ്ടെന്ന് തോന്നി.

ഇത് ഞാന്‍ ഡയറക്ടറോടും റൈറ്ററോടും പറഞ്ഞു. അവര്‍ ഇരുന്ന് ആലോചിച്ചപ്പോള്‍ അവര്‍ക്കും അത് ശരിയാണെന്ന് തിരിച്ചറിവുണ്ടായി. അവര്‍ അപ്പോള്‍ തന്നെ ആ ഡയലോഗ് മാറ്റി. എന്നെപ്പോലെ ചെറിയൊരു ആര്‍ട്ടിസ്റ്റ് പറഞ്ഞത് കേള്‍ക്കേണ്ട ആവശ്യം അവര്‍ക്കില്ലായിരുന്നു. പക്ഷേ, പറഞ്ഞതില്‍ കാര്യമുണ്ടെന്ന് മനസിലായപ്പോള്‍ അവരത് മാറ്റി,’ രമേശ് തിലക് പറഞ്ഞു.

Content Highlight: Ramesh Thilak shares the shooting experience of Kumbalangi Nights

We use cookies to give you the best possible experience. Learn more