ഒരൊറ്റ സിനിമയിലൂടെ വൈറലാവുക എന്നത് നമ്മൾ കേട്ടിട്ടുള്ള കാര്യമാണ്. എന്നാൽ ഒരൊറ്റ പാട്ട് പാടി എയറിലായ ആളാണ് നമ്മുടെ മമിത ബൈജു. ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ ‘ഒരു കുട്ടി കഥ പറയട്ടുമാ’ എന്ന് പറഞ്ഞ് സ്റ്റേജിൽ കയറിയ മമിത, പിന്നാലെ ‘നാളെ നാളെ’ എന്ന് പാടിയ നിമിഷം തന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ വാരിക്കൂട്ടി.
സ്റ്റിക്കറുകളും മീംസുകളും റീലുകളും നിറഞ്ഞപ്പോൾ, ഇത്രയൊക്കെ വൈറലാവുമെന്ന് മമിത പോലും കരുതികാണില്ലെന്നാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി പറയുന്നത്. റെഡ്എ.ഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രമേഷ് പിഷാരടി വൈറൽ ഫാക്ടറിനെ കുറിച്ച് പറഞ്ഞത്.
മമിത ബൈജു, Photo: Mamitha baiju/ Facebook
‘എന്ത് വൈറലാവും, എന്ത് വൈറലാകില്ലെന്ന് നമ്മൾക്ക് ഒരിക്കലും പറയാൻ കഴിയില്ല. വൈറലാവാൻ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകും.
എന്നോട് പലരും ‘ഇത് ഒന്ന് ഷെയർ ചെയ്യൂ, വൈറലാകും’ എന്ന് പറഞ്ഞ് വീഡിയോകൾ അയക്കാറുണ്ട് , പക്ഷേ ഞാൻ ഷെയർ ചെയ്തതൊന്നും വൈറലായിട്ടുമില്ല, വൈറൽ ആയ ഒന്നും ഞാൻ ഷെയർ ചെയ്തിട്ടുമില്ല.
ഭീഷ്മ പർവ്വം മൂവി , Photo: IMDb
‘ഭീഷ്മ പർവ്വം’ സിനിമയുടെ ഷൂട്ടിങ് സമയത്ത് ‘ചാമ്പിക്കോ’ എന്ന ഡയലോഗ് വൈറലാകും എന്ന് ആരും കരുതിയിരുന്നില്ല.
എല്ലാവരും കൂടെ ഇരുന്ന് ‘ചാമ്പിക്കോ’ എന്നൊന്ന് പറഞ്ഞതാണ് പിന്നീട് വൈറലായി മാറിയത്. അതുപോലെ തന്നെയാണ് മമിത സ്റ്റേജിൽ കയറി ‘നാളെ നാളെ’ എന്ന് പാടിയത്. കുറെ വലിയ സിനിമയുടെ ഭാഗമായൊരാൾ, ഒരു ചെറിയ നിമിഷത്തിൽ ഇങ്ങനെ എയറിലാകും എന്ന് ആരും കരുതിയിട്ടുണ്ടാകില്ല,’ പിഷാരടി പറഞ്ഞു.
പുതുതായി തിയേറ്ററിലെത്തിയ ‘പെണ്ണ് കേസ്’ സിനിമയിലെ തന്റെ ചില എക്സ്പ്രെഷനുകൾ ഭാവിയിൽ സ്റ്റിക്കറുകളായി മാറിയാലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘അമർ അക്ബർ ആന്റണി’യിലെ ‘നല്ലവനായ ഉണ്ണി’ എന്ന കഥാപാത്രം പിഷാരടിയുടെ കരിയറിലെ ഏറ്റവും വലിയ വൈറൽ ഇമേജായിരുന്നെന്നും താരം ഓർമിപ്പിച്ചു. ആ കഥാപാത്രത്തിനായി വെറും രണ്ട് ദിവസം മാത്രമാണ് ഷൂട്ട് ചെയ്തതെന്നും, അതിന് ശേഷം തന്റെ ആ ഒരു ഇമേജ് കാരണം ഷർവാണി പോലും ഇടാൻ പറ്റാത്ത അവസ്ഥയിലായെന്നും പിഷാരടി ചിരിച്ചുകൊണ്ട് പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.