'ആദ്യം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം, സിനിമാ നടൻ എന്ന വിലാസം രാഷ്ട്രീയത്തിൽ ഉപയോഗിക്കരുത്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്: രമേശ് പിഷാരടി
Malayalam Cinema
'ആദ്യം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം, സിനിമാ നടൻ എന്ന വിലാസം രാഷ്ട്രീയത്തിൽ ഉപയോഗിക്കരുത്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്: രമേശ് പിഷാരടി
നന്ദന എം.സി
Saturday, 6th June 2026, 9:36 am

മലയാളികൾക്ക് ഏറെ സുപരിചിതനാണ് രമേശ് പിഷാരടി. സലീം കുമാറിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിൻ സ്റ്റാലിയൻ എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് രമേശ് പിഷാരടി അഭിനയരംഗത്തേക്ക് എത്തുന്നത്.

പിന്നീട് ഏഷ്യാനെറ്റിലെ സിനിമാല, കോമഡി കസിൻസ്, ഫൈവ് സ്റ്റാർ തട്ടുകട തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മലയാളികൾക്ക് സുപരിചിതനായി. 2008ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പിഷാരടിക്ക് സാധിച്ചു.

അഭിനയത്തിനൊപ്പം സംവിധാനരംഗത്തും തന്റെ കഴിവ് തെളിയിച്ച താരം, ജയറാമിനെയും കുഞ്ചാക്കോ ബോബനെയും പ്രധാന കഥാപാത്രങ്ങളാക്കി 2018ൽ പഞ്ചവർണ്ണത്തത്ത സംവിധാനം ചെയ്തിരുന്നു. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച പിഷാരടി സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു.

രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തിന് മുമ്പ് മമ്മൂട്ടിയിൽ നിന്ന് ലഭിച്ച നിർണായക ഉപദേശത്തെക്കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിഷാരടി.

‘നാലഞ്ച്‌ വർഷം മുമ്പാണ്. കെ.കെ. ശൈലജ ടീച്ചർക്ക് മനോരമ ന്യൂസിന്റെ ന്യൂസ്മേക്കർ അവാർഡ് സമ്മാനിക്കുന്ന ദിവസം, ആ ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂക്കയ്ക്ക് ഒപ്പം ഞാനും പോയി. അന്ന് ഞാൻ രാഷ്ട്രീയത്തിൽ എത്തുമെന്ന വാർത്ത അന്തരീക്ഷത്തിലുണ്ട്,’ രമേശ് പിഷാരടി പറഞ്ഞു.

ആ യാത്രയ്ക്കിടെയാണ് മമ്മൂട്ടി നൽകിയ ഉപദേശം ഇന്നും ഓർമയിൽ നിൽക്കുന്നതെന്ന് താരം വ്യക്തമാക്കി. ‘ആ യാത്രയിൽ മമ്മൂക്ക പറഞ്ഞു, ‘നാളെ നേരേ സിനിമയിൽ നിന്നിറങ്ങി തെരഞ്ഞെടുപ്പിൽ നിൽക്കരുത്.

ആദ്യം ജനങ്ങൾക്കിടിയിൽ പ്രവർത്തിക്കണം. പിന്നെ, സിനിമാ നടൻ എന്ന വിലാസം രാഷ്ട്രീയത്തിൽ ഉപയോഗിക്കരുത്. രണ്ടും രണ്ടാണ്’. അതു ഞാൻ പാലിച്ചു,’ രമേശ് പിഷാരടി പറഞ്ഞു.

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ മമ്മൂട്ടിയുടെ ഈ ഉപദേശം തന്റെ രാഷ്ട്രീയ യാത്രയിൽ വലിയ സ്വാധീനം ചെലുത്തിയെന്നാണ് പിഷാരടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ വിശ്വാസം നേടേണ്ടതിന്റെ പ്രാധാന്യവും സിനിമയുടെയും രാഷ്ട്രീയത്തിന്റെയും വ്യത്യസ്ത സ്വഭാവവും മമ്മൂട്ടി അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് താരം പറയുന്നത്.

Content Highlight: Ramesh Pisharody talks about the advice Mammootty gave him before entering politics

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.