| Sunday, 6th July 2025, 1:33 pm

ഹിന്ദിയിലെ ആ നടന് ഇന്നസെൻ്റ് ചേട്ടനോട് ബഹുമാനം ആണ്; പാർലമെൻ്റിലും നടക്കുന്നത് സിനിമയിലെ സന്ദർഭങ്ങൾ: രമേഷ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രി രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട പിഷാരടി 2018ൽ ജയറാമിനെ നായകനാക്കിക്കൊണ്ട് പുറത്തിറങ്ങിയ പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തൻ്റെ സാന്നിധ്യമറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവനും ഒരുക്കി. ഇപ്പോൾ മൺമറഞ്ഞുപോയ കലാകാരൻ ഇന്നസെൻ്റിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

സംവിധായകൻ പ്രിയദർശൻ മലയാളത്തിൽ നിന്നും ഒരുപാട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ടെന്നും റീമേക്ക് ചെയ്യുന്നതിന് മുമ്പ് ഹിന്ദി നടൻമാർ മലയാളത്തിലെ സിനിമ കാണാറുണ്ടെന്നും പിഷാരടി പറയുന്നു.

മാന്നാർ മത്തായി സിനിമയുടെ ഹിന്ദിയിൽ ഇന്നസെന്റ് ചെയ്ത റോള്‍ ചെയ്തത് പരേഷ് റാവൽ ആണെന്നും രണ്ടുപേരും എം.പിയായെന്നും അദ്ദേഹം പറഞ്ഞു. പരേഷ് റാവറിന് ഇന്നസെൻ്റിനോട് ബഹുമാനമാണെന്നും പാര്‍ലമെന്റില്‍ എത്തുമ്പോള്‍ പോലും മാന്നാർ മത്തായി സിനിമയിലെ ചില സന്ദര്‍ഭങ്ങളാണ് അവിടെ നടക്കുന്നത് എന്ന് ഇന്നസെൻ്റ് എപ്പോഴും പറയാറുണ്ടെന്നും പിഷാരടി കൂട്ടിച്ചേർത്തു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്.

‘പ്രിയന്‍ സാറ് അവിടെ മലയാളത്തിൽ നിന്നുള്ള ഒരുപാട് സിനിമകള്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അതിന്റെ റീമേക്കിന് മുമ്പ് അവിടെയുള്ള ഹിന്ദി നടന്‍മാര്‍ ഇതിട്ട് കണ്ടിട്ടുണ്ട്. മാന്നാര്‍ മത്തായിയോ മറ്റോ അവിടെ അക്ഷയ് കുമാറും സംഘവും റീമേക്ക് ചെയ്തിട്ടുണ്ട്. പരേഷ് റാവല്‍ ആണ് ഇന്നസെന്റ് ചെയ്ത റോള്‍ ചെയ്തത്.

പിന്നെ പരേഷ് റാവലും വേറെ എവിടെനിന്നോ ജയിച്ചിട്ട് എം.പിയായി. എം.പിയായിട്ട് വന്നശേഷം പരേഷിന് വലിയ ബഹുമാനം ആണ് ഇന്നസെൻ്റ് ചേട്ടനെ കാണുമ്പോള്‍. പാര്‍ലമെന്റില്‍ എത്തുമ്പോള്‍ പോലും മാന്നാര്‍ മത്തായിയുടെ ചില സന്ദര്‍ഭങ്ങളാണ് അവിടെ ഉണ്ടാകുന്നതെന്ന് ചേട്ടന്‍ എപ്പോഴും പറയും,’ പിഷാരടി പറയുന്നു.

Content Highlight: Ramesh Pisharody Talking about Innocent

We use cookies to give you the best possible experience. Learn more