| Tuesday, 24th February 2026, 10:15 am

'തന്ത വൈബ്' എന്നൊക്കെ നമ്മൾ വിളിക്കുമെങ്കിലും അതിനെ ഒരു അലങ്കാരമായിട്ട് കാണരുത്; അതിൽ നിന്ന് മാറി ചിന്തിക്കു: രമേശ് പിഷാരടി

നന്ദന എം.സി

മലയാളികളുടെ പ്രിയ താരമാണ് രമേശ് പിഷാരടി. അഭിനയത്തിനൊപ്പം സംവിധാന രംഗത്തും ആങ്കറിങ് രംഗത്തും എന്നും മുന്നിട്ട് നിൽക്കുന്ന ഒരാളാണ് അദ്ദേഹം. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരം പിന്നീട് അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ‘നല്ലവനായ ഉണ്ണി’ എന്ന കഥാപാത്രത്തിലൂടെയും മലയാളി പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്.

ഇപ്പോഴിതാ പിഷാരടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്ത വൈബ് എന്ന് പറഞ്ഞ് നടക്കുന്നത് ഒരു അലങ്കാരമായി കാണാതെ അതിൽ നിന്നും മാറി ചിന്തിക്കു എന്നാണ് പിഷാരടി പറയുന്നത്.

രമേശ് പിഷാരടി, Photo: Ramesh Pisharody/Facebook

‘ഞാൻ ഒരിടത്ത് പറഞ്ഞിട്ടുണ്ട്.. അതായത്, നമ്മൾക്ക് വയസാകുന്നതിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിൽ ഒന്ന് ചെറുപ്പത്തോട് തോന്നുന്ന അരിശമാണ്. ഇവരെന്താ ഈ കാണിക്കുന്നത് ഇങ്ങനെയൊക്കെയാണോ എന്നൊക്കെ നമുക്ക് ആ സമയത്ത് തോന്നും. പിന്നെ ഇപ്പോഴത്തെ കാലമൊക്കെയാണോ കാലം, ഞാൻ പഠിക്കുമ്പോൾ ആയിരുന്നു കോളേജ്, തുടങ്ങിയ സാധനമൊക്കെ വരും. അത് നമുക്ക് പ്രസക്തി നഷ്ടപ്പെടുമ്പോൾ നമുക്ക് പ്രസക്തി ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ കുറിച്ച് വെറുതെ പറഞ്ഞ് അഭിരമിക്കുന്നതാണ്.

കോളേജൊക്കെ ഇന്ന് പണ്ടത്തേതിന്റെ അപ്പുറം സൂപ്പറാ.. നമ്മൾ പേപ്പറും പേനയും ആയിട്ട് മരച്ചുവട്ടിൽ ഇരുന്ന് കവിത എഴുതുമായിരുന്നെങ്കിൽ ഇന്നത്തെ തലമുറ ഷോർട്ട് ഫിലിം എടുത്തോണ്ടിരിക്കുവാണ് 4K റെസൊല്യൂഷനിൽ. ഈ അപ്ഡേറ്റ് ആകുക എന്നതിന് സാധനം മാറുക എന്നൊന്നുമല്ല അർത്ഥം, പരിണാമത്തിന്റെ പ്രോസസിന്റെ ഒപ്പം ഏറ്റവും പെട്ടെന്ന് മാറുക എന്നുള്ളതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തം,’ പിഷാരടി പറഞ്ഞു.

രമേശ് പിഷാരടി, Photo: Ramesh Pisharody/Facebook

സിനിമകൾ മുതൽ യഥാർത്ഥ ജീവിതത്തിൽ വരെ കാണുന്ന ഒന്നാണ് പ്രായം കൂടിയതുകൊണ്ട് വലിയ സംഭവമാണെന്നും പ്രായം കുറഞ്ഞവർ വളർന്നിട്ടില്ല എന്നുമുള്ള ചിന്താഗതികൾ. ‘തന്ത വൈബ്’ എന്നൊക്കെ നമ്മൾ വിളിക്കുമെങ്കിലും അതിനെ ഒരു അലങ്കാരമായി കാണാതെ അതിൽ നിന്ന് മാറി പുതുതലമുറയെയും തുല്യ ബഹുമാനത്തോടെ കാണാൻ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിഷാരടി പങ്കുവെച്ച ഈ അഭിപ്രായങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ പോയിന്റും നൂറു ശതമാനം യോജിക്കാൻ തോന്നുന്നതാണെന്നാണ് നിരവധി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്.

Content Highlight: Ramesh Pisharody talk about the term ‘Thantha vibe’

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more