| Thursday, 20th February 2025, 6:00 pm

മമ്മൂക്കയുടെ കൂടെ വലിഞ്ഞ് കേറി പോകുന്നതാണോ എന്ന് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ: രമേശ് പിഷാരടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് രമേശ് പിഷാരടി. കോമഡി നടനായി ഒരുപാട് ചിത്രങ്ങളില്‍ ചിരിപ്പിച്ച രമേശ് പിഷാരടി പിന്നീട് നായകനായും തിളങ്ങി. അഭിനയത്തിന് പുറമെ സംവിധാനത്തിലും പിഷാരടി തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് മറ്റ് ചില കാര്യങ്ങള്‍ കൊണ്ടാണ്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ മമ്മൂട്ടിയുടെ സന്തത സഹചാരിയാണ് രമേശ് പിഷാരടി ഇപ്പോള്‍. മമ്മൂട്ടി പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും പിഷാരടിയുടെ സാന്നിധ്യവും ഉണ്ടാകാറുണ്ട്. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വനില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. മമ്മൂട്ടിയുടെ കൂടെ എല്ലാ ചടങ്ങിലും പങ്കെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് രേമേശ് പിഷാരടി.

മമ്മൂട്ടിയുടെ കൂടെ വലിഞ്ഞുകയറി പോകുന്നതാണോ എന്ന് പലരും ചോദിക്കാറുള്ളത് താന്‍ കേട്ടിട്ടുണ്ടെന്ന് രമേശ് പിഷാരടി പറഞ്ഞു. എന്നാല്‍ അങ്ങനെ ആര്‍ക്കെങ്കിലും വലിഞ്ഞുകയറി പോകാന്‍ പറ്റുന്ന സ്ഥലമാണോ അതെന്നാണ് തനിക്ക് തിരിച്ച് ചോദിക്കാനുള്ളതെന്ന് പിഷാരടി കൂട്ടിച്ചേര്‍ത്തു. ഒരാള്‍ മറ്റൊരാളുമായി കുറച്ച് അടുപ്പം കാണിച്ചാല്‍ അതിനെ സംശയത്തോടെ നോക്കിക്കാണുന്ന ചിന്താഗതിയാണ് സമൂഹത്തിന്റേതെന്നും പിഷാരടി പറഞ്ഞു.

15 വര്‍ഷം മുമ്പ് തനിക്ക് ഇതുപോലെയൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിട്ടില്ലെന്നും അതെല്ലാം ഇപ്പോള്‍ നടക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിക്ക് തന്നെ കൂടെക്കൂട്ടാന്‍ തോന്നിയതുകൊണ്ടാകാം താന്‍ ചെല്ലുമ്പോള്‍ ഒന്നും പറയാത്തതെന്നും അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പിഷാരടി പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

‘മമ്മൂക്ക പോകുന്ന എല്ലാ ചടങ്ങിലും എന്നെയും കാണുമ്പോള്‍ പലര്‍ക്കും സംശയമുണ്ട്. ഞാന്‍ പുള്ളിയുടെ കൂടെ വലിഞ്ഞ് കയറി പോകുന്നതാണോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. അങ്ങനെ ആര്‍ക്കും വലിഞ്ഞുകയറി പോകാന്‍ പറ്റിയ സ്ഥലമാണോ എന്നേ അവരോട് ചോദിക്കാനുള്ളൂ. ഇന്നത്തെ കാലത്ത് ഒരാള്‍ മറ്റൊരാളോട് അടുപ്പം കാണിക്കുമ്പോള്‍ അതിനെ സംശയത്തോടെ നോക്കിക്കാണുന്ന സമൂഹമാണ് ഇപ്പോള്‍ ഉള്ളത്.

15 വര്‍ഷം മുമ്പ് എനിക്ക് ഇതുപോലെ പോകാനൊക്കെ സാധിക്കുമെന്ന് ചിന്തിച്ചിട്ടുകൂടിയില്ല. ഇപ്പോള്‍ അദ്ദേഹത്തിനെ അടുത്ത് കാണുമ്പോഴും ഒരുപാട് നേരം സംസാരിക്കുമ്പോഴും അതെല്ലാം പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തരുന്നത്. എന്തുകൊണ്ട് അദ്ദേഹം എന്നെ കൂടെക്കൂട്ടുന്നു എന്ന ചോദ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല,’ രമേശ് പിഷാരടി പറയുന്നു.

Content Highlight: Ramesh Pisharody shares about his bond with Mammootty

We use cookies to give you the best possible experience. Learn more