ഹരിപ്പാട്: ഫിലിം കോണ്‍ക്ലേവിന്റെ സമാപന ചടങ്ങില്‍ നടത്തിയ വിവാദ പ്രസ്താവന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
അടൂര്‍ ഗോപാലകൃഷ്ണനെ പോലെയുള്ള ഒരാളില്‍ നിന്ന് സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തിനും എതിരെ ഒരു പരാമര്‍ശമുണ്ടാവാന്‍ പാടില്ലാത്തതായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രതികരണം.
പിന്നോക്കക്കാരെയും സ്ത്രീകളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ വളര്‍ച്ചയെ ദുര്‍ബലപ്പെടുത്താനെ ഉതകൂ എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ രൂഢമൂലമായ ചില ജാതി, ആണധികാര ചിന്തകളെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണിത്. അത് അദ്ദേഹം മനപൂര്‍വം പറഞ്ഞതല്ല എന്ന് വിശ്വസിക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറിച്ചു. അവസരം കിട്ടാത്തത് മൂലം തഴയപ്പെടുന്നവരെ കൈപിടിച്ചു മുന്നോട്ട് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതല്ലാതെ അത്തരം ശ്രമങ്ങളെ തടയിടുന്ന തരത്തില്‍ കാര്യങ്ങളെ കാണാന്‍ ശ്രമിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ്ങിന് ശേഷമായിരിക്കണം പുതുമുഖങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ഒന്നരകോടിയുടെ സഹായം 50 ലക്ഷമായി വെട്ടിക്കുറയ്ക്കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.
ഇതിനെതിരെ വേദിയില്‍ നിന്ന് തന്നെ അടൂരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.ഗായികയും സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ പുഷ്പവതി പൊയ്പ്പാടത്ത്, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ അടൂരിനെതിരെ പ്രതിഷേധവും മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.
പുതുമുഖങ്ങള്‍ക്ക് ഒന്നരക്കോടി നല്‍കുന്നത് നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ലെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഏറ്റവും നല്ല സിനിമ തെരഞ്ഞെടുത്താല്‍, ആ സിനിമക്കെങ്കിലും നല്ല പ്രോത്സാഹനം നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള ഗ്രാന്റോ സബ്സിഡിയോ കൊടുക്കുക എന്ന നിലപാട് നമുക്ക് സ്വീകരിക്കാന്‍ കഴിയണം. കൂടുതല്‍ സഹായം കൊടുക്കേണ്ടി വന്നാല്‍ അതും കൊടുക്കണം. അതൊന്നും ഒരു നഷ്ടമായി താന്‍ കരുതുന്നില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: Adoor’s stance reinforces certain caste-based and authoritarian ideas: Ramesh Chennithala