2007ല്‍ പുറത്തിറങ്ങിയ ചിരുത എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് രാംചരണ്‍. തെലുങ്ക് സിനിമയിലെ കുലപതി മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകനാണെങ്കിലും സ്വന്തമായി ഒരു ഐഡിന്റിറ്റി ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. രാംചരണിന്റെ കരിയറില്‍ തന്നെ വലിയ ബൂസ്റ്റ് നല്‍കിയ രണ്ട് ചിത്രങ്ങളായിരുന്നു രാജമൗലി സംവിധാനം ചെയ്ത മഗധീരയും ആര്‍.ആര്‍.ആറും.
ബാഹുബലിയ്ക്ക് ശേഷം ജൂനിയര്‍ എന്‍.ടി.ആറിനെയും രാംചരണിനെയും പ്രധാനവേഷങ്ങളിലെത്തിച്ച് രാജമൗലി സംവിധാനം ചെയ്ത ചിത്രം 1300 കോടിയിലധികം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കുകയും താരത്തിനെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡത്തിലേക്ക് ഉയര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്തിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മുമ്പ് കൊവിഡ് ലോക്ക് ഡൗണിനിടെ രാജമൗലിയില്‍ നിന്നും തനിക്ക് ലഭിച്ച ഉപദേശത്തെ കുറിച്ച് പറയുകയാണ് രാംചരണ്‍. സംവിധായകന്റെ വാക്കുകള്‍ തന്റെ കരിയറില്‍ എത്രത്തോളം സഹായകരമായി എന്നും താരം തെലുങ്ക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു.
‘കൊവിഡ് ലോക്ക് ഡൗണിന് ശേഷം റീഓപ്പണ്‍ ചെയ്യാന്‍ ഒരുങ്ങിയ സമയത്ത് ഞാന്‍ വല്ലാത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ രാജമൗലി സാറിനെ ഒന്ന് കാണണം എന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹം എന്നെ തിരിച്ചുവിളിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ ഷൂട്ട് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ സമയമായിട്ടും എനിക്ക് പഴയ എനര്‍ജിയും മോട്ടിവേഷനും തിരിച്ചുകിട്ടുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത്രയും വലിയ സിനിമയാണ് ഇത്രയും വലിയ സംവിധായകനാണ് എന്ത് ചെയ്യുമെന്നറിയാതെ ഞാന്‍ ഇരിക്കുകയായിരുന്നു.
അന്ന് അദ്ദേഹം എനിക്ക് പറഞ്ഞുനല്‍കിയ കാര്യം ഞാന്‍ ഇപ്പോഴും മനസില്‍ വെച്ചിട്ടുണ്ട്. മോട്ടിവേഷന്‍ എന്ന് പറയുന്നത് വലിയ കാര്യങ്ങളില്‍ നിന്നുമല്ല വരുന്നത്, ലോക്ക് ഡൗണ്‍ മാറാന്‍ ഇനിയും 20 ദിവസം സമയമുണ്ട് ഈ സമയം കൊണ്ട് ചെറിയ എന്തെങ്കിലും ചെയ്ത് തുടങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ചെയ്യാന്‍ പറ്റിയ എന്തെങ്കിലും ഒരു ചെറിയ ജോലി ആദ്യം കണ്ടുപിടിക്കണമെന്നും ദിവസവും രാവിലെ അത് ചെയ്യാന്‍ വേണ്ടി എഴുന്നേല്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് എന്റെ വീടിനെ ജൂബിലി ഹില്‍സിലെ ഏറ്റവും വൃത്തിയുള്ള വീടാക്കി മാറ്റാന്‍ ഞാന്‍ തീരുമാനിക്കുന്നത്. ഓരോ ദിവസവും പിന്നീട് അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. വീട്ടിലെ ഓരോ മുക്കും മൂലയും ഞാന്‍ വൃത്തിയുള്ളതാക്കി മാറ്റാന്‍ തീരുമാനമെടുത്തു,’ രാംചരണ്‍ പറയുന്നു.
ജീവിതത്തില്‍ എപ്പോഴും ചെറുതെങ്കിലും ഒരു മോട്ടിവേഷന്‍ വേണമെന്നും അതെത്ര ചെറുതായാലും ഒരുപാട് ദൂരത്തേക്ക് നമ്മളെ കൊണ്ടുപോകാന്‍ ഈ മോട്ടിവേഷന്‍ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ സംഭവത്തിന് ശേഷം അവസാന മൂന്ന് നാല് വര്‍ഷമായി തന്റെ ജീവിതത്തില്‍ ഡീ മോട്ടിവേറ്റഡായ ഒരു ദിവസം പോലും ഉണ്ടായിരുന്നില്ലെന്നും രാംചരണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Ramcharan talks about the advice Rajamouli gave to him during covid lockdown
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.