അനശ്വര രാജന്‍ നായികയായെത്തുന്ന ആദ്യ തെലുങ്ക് ചിത്രം ചാമ്പ്യന്റെ ട്രെയിലര്‍ പുറത്തുവിട്ട് സൂപ്പര്‍ താരം രാംചരണ്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, നേര് തുടങ്ങി ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയയായ യുവനടിയാണ് അനശ്വര രാജന്‍. റോഷന്‍ മെക്കയെ നായകനാക്കി പ്രദീപ് അദ്വൈതം സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തും.
ബ്രിട്ടീഷ് ആധിപത്യ ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഫുട്‌ബോള്‍ കളിക്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ മെക്കയുടെ നായികയായാണ് ചിത്രത്തില്‍ അനശ്വര വേഷമിടുന്നത്. കഴിഞ്ഞ മാസം പുറത്തുവിട്ട ചിത്രത്തിലെ ഗിര ഗിര എന്ന ഗാനവും അനശ്വരയുടെ നൃത്ത ചുവടുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വൈജയന്തി നെറ്റ് വര്‍ക്ക് പുറത്തുവിട്ട ട്രെയിലര്‍ ഹൈദരാബാദ് ചുറ്റിപ്പറ്റി നടക്കുന്ന സ്വാതന്ത്ര്യ സമരങ്ങളാലും റോഷന്‍ മെക്കയുടെ മികവുറ്റ ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് നടക്കുന്ന പിരിയോഡിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ കാലഘട്ടത്തിന് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കുന്നതിന് പിന്നണി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് കമന്റുകള്‍.
ചിത്രത്തിലെ ഗാനത്തിന്റെ പ്രൊമോ സോങ്ങില്‍ തെലുങ്ക് സംസാരിക്കുന്ന അനശ്വരയുടെ രംഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ചിത്രമായിരുന്നിട്ട് കൂടി മികച്ച രീതിയില്‍ ഭാഷ കൈകാര്യം ചെയ്ത താരത്തിനെ അഭിനന്ദിച്ച് ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമിറങ്ങിയ ട്രെയിലറിലും റോഷനൊപ്പമുള്ള രംഗങ്ങളില്‍ മികച്ച കെമിസ്ട്രി ഉണ്ടാക്കിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ടെന്നും ആരാധകര്‍ കുറിച്ചു.
മിക്കി.ജെ.മെയര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗിര ഗിര എന്ന ഗാനത്തിന് കുറഞ്ഞ സമയം കൊണ്ടുതന്നെ ഒരുകോടിയിലധികം കാഴ്ച്ചക്കാരെയാണ് യൂട്യൂബ് വഴി ലഭിച്ചത്. 2015 ല്‍ പുറത്തിറങ്ങിയ രുദ്രമാദേവിയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച റോഷന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും ചാമ്പ്യന്‍ എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
2016 ല്‍ പുറത്തിറങ്ങിയ നിര്‍മല കോണ്‍വെന്റാണ് താരം നായകനായെത്തുന്ന ആദ്യ ചിത്രം, ശേഷം 2021 ല്‍ പുറത്തിറങ്ങിയ പെല്ലി സാന്‍ഡഡും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയങ്ക ദത്ത് നിര്‍മിക്കുന്ന ചാമ്പ്യനില്‍ കോവൈ സരള, സന്തോഷ് പ്രതാപ്, മുരളി ശര്‍മ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: ramcharan releases roshan meka new film champion trailer
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.