ന്യൂദൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ഉത്തർപ്രദേശ് സർക്കാരിലെ അഴിമതിയും റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ ഗാസിയാബാദ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരുൾപ്പെട്ട ബെഞ്ചിലാണ് വിഷയം അടിയന്തരമായി ഉന്നയിച്ചത്. സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് ഹർജി പരിഗണിക്കാൻ കോടതി സമ്മതിക്കുകയായിരുന്നു.
തന്റെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തോടുള്ള പ്രതികാരമായിട്ടാണ് വ്യാജ പരാതികളും റോഡിൽ പ്രകോപനപരമായി ഇടപെട്ടു എന്ന് പറഞ്ഞു കേസും ഉന്നയിച്ച് യു.പി പോലീസ് വേട്ടയാടുന്നതെന്ന് അഭിഷേക് ആരോപിക്കുന്നു. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിലെ കടുത്ത വകുപ്പുകൾ ഉൾപ്പെടെ ചുമത്തി തനിക്കെതിരെ പല കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 20നും അതിനുശേഷവും പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയതായും താൻ ഏതുനിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അഭിഷേക് നൽകിയ ഹരജിയിൽ വ്യക്തമാക്കുന്നു.
യു.പി പൊലീസിൽ നിന്നും ഭരണകൂടത്തിന്റെ ആളുകളിൽ നിന്നും അക്രമവും അടിയന്തര അറസ്റ്റും ഭയക്കുന്നതിനാൽ തനിക്ക് അലാഹബാദ് ഹൈക്കോടതിയെ സുരക്ഷിതമായി സമീപിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എഫ്.ഐ.ആറിന്റെ പകർപ്പ് ഇതുവരെ നൽകിയിട്ടില്ലെന്നും, സംഭവദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ മായ്ച്ചുകളയാൻ പോലീസ് സമീപത്തെ കടക്കാരെ നിർബന്ധിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
യൂട്യൂബ് ചാനൽ നടത്തുന്ന അഭിഷേക്, ഓഗസ്റ്റ് 18ന് ഗാസിയാബാദിലെ ഷിപ്പ്‌റ മാളിന് സമീപം തന്റെ കാറിൽ ബൈക്ക് തട്ടിയതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി. തനിക്കെതിരെയുള്ള എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്നും, അല്ലെങ്കിൽ അന്വേഷണം ഉത്തർപ്രദേശ് പോലീസിൽ നിന്ന് മാറ്റി ഡൽഹി പോലീസിനോ സി.ബി.ഐക്കോ കൈമാറണമെന്നുമാണ് അഭിഷേക്, ഹരജിയിലൂടെ ആവശ്യപ്പെടുന്നത്.
Content Highlight : Ram Temple Donation Row: SC to Hear Journalist’s Plea Against FIR