ലഖ്‌നൗ: ആയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ സഹായി അടക്കം എട്ട് പേരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തു. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ് എന്നിവരാണ് മറ്റു പ്രതികള്‍. ഇതില്‍ രാംശങ്കര്‍ മിശ്ര ചമ്പത് റായിയുടെ സഹായിയും ഡ്രൈവറുമാണ്.
മോഷണം, വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പ്രതികളില്‍ ആറു പേര്‍ സംഭാവനയായി ലഭിച്ച പണം എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതലയിലുണ്ടായിരുന്നവരാണ്.
കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നത്.
ലഖ്‌നൗ ഡിവിഷനല്‍ കമ്മീഷണര്‍ വിജയ് വിശ്വാസ് പന്ത്, ലക്‌നൗ റേഞ്ച് ഐ.ജി കിരണ്‍ എസ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി നീല്‍ രതന്‍ എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിച്ചത്. മുഖ്യമന്ത്രിയുടെ അഡീഷനല്‍ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിനായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസില്‍ കഴിഞ്ഞ ഒരാഴ്ചയോളം എസ്.ഐ.ടി സംഘം അയോധ്യയിലെത്തി അന്വേഷണം നടത്തിയിരുന്നു. കേസില്‍ സംശയിക്കപ്പെടുന്നവര്‍ അയോധ്യ വിട്ടുപോകരുതെന്ന് എസ്.ഐ.ടി നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ 150 ഓളം പേരെ കേസില്‍ പ്രത്യേക അന്വേഷണ സംഘം സംശയിച്ചിരുന്നതായാണ് വിവരം. ഇവരെ കഴിഞ്ഞ വാരം ചോദ്യം ചെയ്തിരുന്നു.
രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ തിരിമറി നടത്തിയെന്ന കേസാണ് എസ്.ഐ.ടി അന്വേഷിക്കുന്നത്. സംഭാവനകളില്‍ നിന്ന് പണവും സ്വര്‍ണം, വെള്ളി, രത്ന ആഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം.
കോടിക്കണക്കിന് രൂപയുടെ പണവും ആഭരണവും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തട്ടിയെടുത്തതായാണ് വിവരം. ഫണ്ട് തട്ടിപ്പിന് പുറമെ അയോധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമന നടപടികളും അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയതായാണ് വിവരം. ഇത് സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ ആകെ 1500ഓളം ജീവനക്കാരാനുള്ളത്. ഇതില്‍ 90 ശതമാനവും ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ട്രസ്റ്റ് ഭാരവാഹികളിലും ആര്‍.എസ്.എസുകാരാണ് കൂടുതല്‍. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവുംവിശ്വ ഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസില്‍ എസ്.ഐ.ടിയുടെ നടപടിയുണ്ടാകുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേസില്‍ 25 പേര്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ നിലവില്‍ എഫ്.ഐ.ആറില്‍ പ്രതികളായി കാണിച്ചവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ ചമ്പത്ത് രാജ് പുറമെ ട്രസ്റ്റി ഡോ. അനില്‍ മിശ്ര, രാമക്ഷേത്ര നിര്‍മാണ ചുമതല വഹിച്ച ഗോപാല്‍ റാവു എന്നിവരടക്കമുള്ള ഉന്നതര്‍ക്കെതിരെയും കേസില്‍ നടപടിയുണ്ടാവുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.
ചമ്പത്ത് രാജും അനില്‍ മിശ്രയും ഗോപാല്‍ റാവുവും അടക്കമുള്ളവരെ കഴിഞ്ഞ വെള്ളിയാഴ്ച എസ്.ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഗോപാല്‍ റാവുവിന്റെ മരുമകന്‍ സോമേഷ് ആനന്ദിനെ പ്രത്യേക അന്വേഷണം ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഒളിവില്‍ പോയിരുന്നു.
രാമ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കോടിക്കും ഏഴര കോടിക്കും ഇടയിലുള്ള പണം മോഷണം പോയെന്ന യു.പി മുന്‍ മന്ത്രി പവന്‍ പാണ്ഡേയുടെ ആരോപണത്തെത്തുടര്‍ന്നാണ് സംഭാവന തിരിമറി സംബന്ധിച്ച ചര്‍ച്ചകളുയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് യു.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അഖിലേഷ് ചോദിച്ചിരുന്നു.
ഈ മാസം ഏഴിനായിരുന്നു ക്ഷേത്രത്തിലെ തിരിമറികളെക്കുറിച്ച് പവന്‍ പാണ്ഡേ ആരോപണങ്ങളുന്നയിച്ചത്. ഇതിന് പിന്നാലെ ജൂണ്‍ ഒമ്പതിന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. രജനീഷ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചിരുന്നു. കത്ത് ലഭിച്ച ശേഷം രാമ ജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ഫണ്ട് തിരിമറി ആരോപണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചിരുന്നു. വി.എച്ച്.പിയും ഈ ആരോപണങ്ങള്‍ തെറ്റാണെന്ന നിലപാട് സ്വീകരിച്ചു. ക്ഷേത്രത്തിനെതിരായ ആരോപണങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവയൊന്നും തെളിയിക്കാനായില്ലെന്നുമായിരുന്നു വി.എച്ച്.പി നേതാവ് സുരേന്ദ്ര ജയിന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ തുടര്‍ന്നു നടന്ന അന്വേഷണങ്ങളിലും ക്ഷേത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സംഭാവനകളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയായിരുന്നു.
Content highlight: Ram Temple donation row: FIR against 8 accused including Champat Rai aide