റായ്പൂര്‍: ഛത്തീസ്ഗഡില്‍ ചോദ്യപേപ്പറില്‍ നായയ്ക്ക് പേരിടാന്‍ ‘രാമന്‍’ എന്ന് ഓപ്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം. മഹാസമുണ്ട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഇംഗ്ലീഷ് പരീക്ഷാ പേപ്പറിലാണ് രാമനെ ഓപ്ഷനായി നല്‍കിയത്.
നായയുടെ പേരിനെ കുറിച്ചുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യമാണ് വിവാദത്തിലായത്. ബാല, ഷെരു, നോ വണ്‍, റാം എന്നീ നാല് ഓപ്ഷനുകളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്.
ഇന്ന് (ജനുവരി ഏഴ്) നടന്ന അര്‍ധവാര്‍ഷിക പരീക്ഷക്കിടെയാണ് സംഭവം. മോനയുടെ നായയുടെ പേര് എന്താണെന്നായിരുന്നു ചോദ്യം. നാലാം ക്ലാസുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
വിവാദ ചോദ്യമുള്ള പരീക്ഷാ പേപ്പർ Photo: Ejaz Kaiser x.com
ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെ അറസ്റ്റ് ചെയ്യണമെന്നും അവരെ പിരിച്ചുവിടണമെന്നും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ജില്ലാ മേധാവി ഹര്‍ഷവര്‍ധന്‍ ചന്ദ്രകാര്‍ ആവശ്യപ്പെട്ടു. ഇതുപോലുള്ള ചോദ്യങ്ങള്‍ മതവികാരം വ്രണപ്പെടുന്നതാണെന്നും ചന്ദ്രകാര്‍ പറഞ്ഞു.
വിഷയത്തില്‍ പ്രിന്റിങ് സ്ഥാപനത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചോദ്യപേപ്പറില്‍ ഉണ്ടായ പിഴവില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഡി.ഇ.ഒ വിജയ് കുമാര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡി.ഇ.ഒ ഓഫീസിലേക്കുള്ള ഹിന്ദുത്വവാദികളുടെ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്നായിരുന്നു വിജയ് കുമാറിന്റെ പ്രതികരണം.
Content Highlight: ‘Ram’ made an option to name a dog in exam paper; Protest in Chhattisgarh