റാം c/o ആനന്ദി പറയുന്നത്
Opinion
റാം c/o ആനന്ദി പറയുന്നത്
P.T. Rahesh
Monday, 1st April 2024, 1:55 pm

വായിച്ചോ ?

ഈ ചോദ്യം ഏതു പുസ്തകത്തെ കുറിച്ചായിരിക്കുമെന്ന് അറിയാലോ ! റാം c/o ആനന്ദി മുന്‍പൊരിക്കല്‍ കയ്യിലൂടെ പോയതാണ്. പക്ഷേ വായിച്ചില്ല ! പക്ഷേ ഇപ്പോള്‍ ആ പുസ്തകവും പുസ്തകത്തിന്റെ കവറും ഓരോ സ്‌ക്രോളിങ്ങിലും നിറയുകയാണ്. ഒരു പുസ്തകം ഇത്രയേറെ തരംഗമായി മാറുന്നത് ആദ്യമായിരിക്കും. വായിച്ചവരും വായിക്കാത്തവരുമെല്ലാം ഈ പുസ്തകം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ നിറക്കുകയാണ്. പുതിയ തലമുറ ഇത്രയേറെ ആഘോഷപൂര്‍വ്വം സ്വീകരിച്ച പുസ്തകം വായിക്കാതെ വയ്യല്ലോ ! ഞാനും വായിച്ചു.

റാം c/o ആനന്ദി ഒരു പ്രണയ നോവലാണെന്ന ധാരണയാണ് പൊതുവേ സൃഷ്ടിക്കപ്പെടുന്നത്. റാമും ആനന്ദിയുമെപ്പോഴാണ് പ്രണയം തുറന്നു പറയുകയെന്ന കൗതുകത്തെ അവസാനം വരെ കാത്തു സൂക്ഷിക്കാന്‍ നോവലിന് കഴിയുന്നുണ്ടെങ്കിലും ഇതൊരു പ്രണയ പുസ്തകം മാത്രമാണെന്ന് പറയുക വയ്യ !

അവസാന നിമിഷത്തില്‍ പ്രണയം തുറന്നു പറയുകയും, ഒരുമിക്കാനാവാതെ പോവുകയും ചെയ്ത എത്രയെത്ര നോവലുകള്‍ നാം വായിച്ചിരിക്കുന്നു, സിനിമകള്‍ മലയാളികള്‍ കണ്ടിരിക്കുന്നു. അക്കൂട്ടത്തിലൊന്നും പെടുത്താനാവാത്തതും, ലക്ഷണമൊത്തൊരു നോവലാണെന്ന് എഴുത്തുകാരന്‍ തന്നെ അവകാശപ്പെടാത്തതുമായ ഈ പുസ്തകം ഒരു സിനിമാറ്റിക് നോവലായി വേറിട്ടുനില്‍ക്കുകയാണ്.

പ്രണയവും സൗഹൃദവും അതിമനോഹരമായ അവതരിപ്പിക്കുന്നതില്‍ അഖില്‍ പി. ധര്‍മ്മജന്‍ എഴുത്തുകാരന് ലളിതമായ ഭാഷയില്‍ തന്നെ കഴിയുന്നുണ്ട് എന്നതാണ് ഏതൊരു വായനക്കാരനെയും മുഷിപ്പിക്കാതെ ഈ പുസ്തകം വായിപ്പിക്കുന്നത്. ആടുജീവിതം വായിച്ചു കൊണ്ട് ഒട്ടേറെ ആളുകള്‍ വായനാലോകത്തേക്ക് കടന്നു വന്നതായി നമുക്കറിയാം. അതുപോലെ പുതിയ തലമുറയെ വായനയിലേക്ക് അടുപ്പിക്കുന്നതില്‍ റാം c/o ആനന്ദി വഹിച്ച പങ്കിനെ ചെറുതാക്കി കാണാനാവില്ല.

ഈ പുസ്തകത്തിന്റെ ശൈലിയും അവതരണരീതിയും ന്യൂജന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് ഇത്രമാത്രം സ്വാധീനിച്ചതെന്ന് സാഹിത്യലോകം പഠനവിധേയമാക്കേണ്ടതാണ്. ഈയിടെ നമുക്കിടയിലേക്ക് കടന്നു വന്ന വാക്കുകളും പ്രയോഗങ്ങളുമെല്ലാം ഇടയ്ക്കിടെ നമുക്കിവിടെ വായിച്ചെടുക്കാനാവും. അതുകൊണ്ടുതന്നെ ഏറ്റവും പുതിയ മനുഷ്യരുടെ കഥ പറയുന്ന ഈ പുസ്തകം അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഈ കാലത്തിന്റെ വര്‍ത്തമാനം കൂടിയാണ് പറയുന്നത്.

ഒരു ചെന്നൈ പ്രണയകഥ പുതിയ തലമുറയെ ആകെ പിടിച്ചു കുലുക്കുന്നു എന്നാണ് പൊതുവേ പറയപ്പെടുന്നത്. സിനിമാറ്റിക് രീതിയില്‍ ഒരു പ്രണയകഥ പറഞ്ഞാല്‍ പുതിയ കാലത്ത് ചെറുപ്പക്കാരെയും വായനയിലേക്ക് അടുപ്പിക്കാന്‍ ആവുമെന്ന ഒരു തന്ത്രം കണ്ടുപിടിച്ച രീതിയിലാണ് ഈ വിലയിരുത്തല്‍.

ഒരു പ്രണയ നോവലായി മാത്രം ഇതിനെ വിലയിരുത്തുന്നത് നോവലിന് ചെറുതാക്കി കാണുന്നതിന് തുല്യമാണ്. പ്രണയ നോവല്‍ ആയതുകൊണ്ടാണ് ന്യൂജനറേഷന്‍ മുഴുവന്‍ പുസ്തകത്തിന് പിന്നാലെ പായുന്നതെന്ന് പറയുന്നത് അതിനേക്കാള്‍ വിരോധാഭാസവുമാണ്. സാഹോദര്യം, മാനവികത, തുല്യത തുടങ്ങിയ ആധുനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നു എന്നതാണ് ഈ നോവലിനെ ഇന്നത്തെ കാലത്ത് പ്രസക്തമാക്കുന്നത്.

പ്രണയത്തിനുമപ്പുറത്ത് ഇത്തരം ആധുനിക മൂല്യങ്ങളെ പുതിയ തലമുറ ഹൃദയംകൊണ്ട് സ്വീകരിക്കുന്നു എന്നതിനെ അടയാളപ്പെടുത്തലാണ് യഥാര്‍ത്ഥത്തില്‍ പുസ്തകത്തിന്റെ സ്വീകാര്യതയെ നാം കണക്കാക്കേണ്ടത്. പരസ്പരമുള്ള സ്‌നേഹം, കരുതല്‍ എന്നിവ നഷ്ടപ്പെട്ട കൂട്ടരായാണ് നാം പുതിയ തലമുറയെ വിശേഷിപ്പിക്കാറുള്ളത്.

പക്ഷേ പ്രളയത്തിന്റെയും കൊവിഡിന്റെയും ദുരന്തമുഖത്ത് വളണ്ടിയര്‍മാരായത് നമ്മുടെ നാട്ടിലെ ഇതേ ചെറുപ്പമാണ്. മലയാളത്തിന്റെ കൗമാരവും യൗവനവും ഈ പുസ്തകത്തെ സ്വീകരിക്കുന്നത് അവര്‍ക്കുള്ള ആധുനിക മൂല്യങ്ങളുടെ ഗുണം കൊണ്ടു കൂടിയാണെന്നാണ് കരുതേണ്ടത്. വെട്രിയും രേഷ്മയും റാമും ആനന്ദിയും തമ്മിലുള്ള സാഹോദര്യവും, പാട്ടിയോടുള്ള കരുതലുമെല്ലാം, മല്ലിയോടുള്ള സമഭാവനയുമെല്ലാമാണ് വായനയിലൂടെ പുതിയ തലമുറ സ്വീകരിക്കുന്നത്.

ജെന്‍ഡര്‍ സ്‌പെക്ട്രം എന്ന സത്യത്തെ ഉള്‍ക്കൊള്ളാനാവാതെ ഒരു സമൂഹത്തോട് വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തവരാണ് ഇപ്പോഴും നമ്മള്‍. അപ്പോഴാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ജീവിതത്തെ അതിമനോഹരമായ അവതരിപ്പിച്ചുകൊണ്ട് നോവലില്‍ തിരുനങ്കൈകള്‍ ഒരു മല്ലിപ്പൂവിന്റെ സുഗന്ധം പരത്തുന്നത്.

പിടിച്ചുപറിക്കാരായി നാം കണ്ട ഒരു കൂട്ടരെ പ്രിയപ്പെട്ടവരാക്കി മാറ്റാന്‍ കഴിയുന്ന ഒരു ജെന്‍ഡര്‍ രാഷ്ട്രീയത്തെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മാനവിക പക്ഷം. തന്റെ പേരിനൊപ്പം ചേര്‍ത്തെഴുതാന്‍ കഴിയുന്ന മനുഷ്യര്‍ തന്നെയാണ് അവരും എന്ന ചിന്ത ഓരോ വായനക്കാരനിലും സൃഷ്ടിക്കാന്‍ ആവുന്നു എന്നതാണ് നോവലില്‍ റാമും മല്ലിയും ചേര്‍ന്ന് നിര്‍വഹിക്കുന്ന ഏറ്റവും മഹത്തരമായ ദൗത്യം. നമുക്ക് ചുറ്റുമുള്ള മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ് മനുഷ്യന്‍ എന്ന പദം സുന്ദരമാവുന്നത് എന്ന് തിരിച്ചറിയാന്‍ പുതിയ തലമുറയെ സഹായിക്കുന്നു എന്നതു കൂടിയാണ് ഈ നോവല്‍ നിര്‍വഹിക്കുന്ന ഉത്തരവാദിത്വം.

മനുഷ്യനെ വിഭജിക്കാനും, വെറുപ്പോടെ മാറ്റിനിര്‍ത്താനും ശ്രമിക്കുന്ന പുതിയ കാലത്ത് ദേശത്തിന്റെയും, വംശത്തിന്റെയും ഭാഷയുടെയും പേരില്‍ ആരെയും മാറ്റിനിര്‍ത്തരുതെന്ന് പഠിപ്പിക്കാന്‍ കൂടിയാണ് നോവല്‍ ശ്രമിക്കുന്നത്. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കെതിരായ സിംഹള വിഭാഗക്കാര്‍ നടത്തിയ മനുഷ്യത്വ വിരുദ്ധമായ ആക്രമണം ഓര്‍മ്മിപ്പിച്ചുകൊണ്ട് പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ നാം എന്തു നിലപാട് എടുക്കണം എന്നുകൂടി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് ഈ പുസ്തകം നിര്‍വഹിക്കുന്ന ഒരു രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കപ്പെടുന്ന രാജ്യമായി നമ്മുടെ നാട് മാറുമ്പോള്‍ ശ്രീലങ്കയിലെ ഈ അനുഭവം നമുക്കൊരു പാഠപുസ്തകമായി മാറുകയാണ്. ഒരു രാജ്യം, ഒരു ഭാഷ എന്ന അതിമനോഹരമായ മുദ്രാവാക്യം പിന്നീട് എങ്ങനെയാണ് മറ്റു ഭാഷാ സംസാരിക്കുന്നവരെ ഇല്ലാതാക്കാനുള്ള ആയുധമായി മാറ്റാന്‍ സാധ്യതയുള്ളതെന്ന് മനസ്സിലാക്കാനും ഈ സന്ദര്‍ഭത്തിലൂടെ നമുക്കാവും.

സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ഒരു ജനതയെ ‘ആനന്ദി’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ നമുക്ക് കാണാനാവും. ലോകത്ത് ഇപ്പോഴും തുടരുന്ന വംശഹത്യകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പലസ്തീനില്‍ നടക്കുന്ന കൂട്ടക്കൊലകള്‍. എത്രയെത്ര കുട്ടികളെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്.

ആനന്ദിയുടെ സഹോദരന്‍ രാജയെക്കുറിച്ച് വായിക്കുമ്പോള്‍ ഇപ്പോള്‍ ഗാസയില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തുന്ന കുട്ടികളെ നമുക്ക് സ്വാഭാവികമായും ഓര്‍മ്മ വരും. ലോകത്ത് നടക്കുന്ന, നിലനില്‍ക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഇത്തരം അതിക്രമങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്നു എന്നതാണ് ഈ നോവലിന്റെ സമകാലിക പ്രസക്തി.

കൂട്ടപ്പലായനങ്ങളുടെയും, മനുഷ്യക്കടത്തിന്റെയും ഇരയായ ആനന്ദി എന്ന പെണ്‍കുട്ടി ലോകത്തെമ്പാടുമുള്ള നിരവധി മനുഷ്യരുടെ പ്രതീകമാണ്. അവളെ പ്രണയിക്കുന്ന റാമായി നാം ഓരോരുത്തരും മാറുമ്പോള്‍, നാം സ്‌നേഹിക്കുന്നത്, നാമറിയാതെ തന്നെ ഒറ്റപ്പെട്ടുപോയ ലോകത്തെമ്പാടുമുള്ള മനുഷ്യരേയുമാണ്.

മനസ്സിലാവാത്തതായി ഒന്നും നമുക്കിവിടെ വായിക്കേണ്ടതായി വരില്ല. എന്താണുദ്ദേശിച്ചതെന്നറിയാന്‍ വീണ്ടും പിന്നിലേക്കൊന്നു കൂടി വായിക്കേണ്ടതുമില്ല. അത്തരം വായനയാണ് ഇപ്പോള്‍ കൂടുതല്‍ ഇഷ്ടമെന്നു കൂടിയാണ് റാം c/o ആനന്ദി പറയുന്നത്. ഈ പുസ്തകം തേടി അലയുന്നതും, വാങ്ങുന്നതുമൊരു ട്രെന്‍ഡായി മാറിയെന്ന വസ്തുത നിലനില്‍ക്കുമ്പോഴും, വാങ്ങിയവരെല്ലാം വായിക്കുന്നുണ്ടോ എന്ന സംശയവും ഉണ്ട്.

പുസ്തകവുമായി ഒരു ഫോട്ടോ, ഒരു റീല്‍ മാത്രം ലക്ഷ്യമായുള്ള ചിരലെങ്കിലുമുണ്ടെന്ന് തോന്നുന്നു. എങ്കിലും നിരവധി പുതിയ വായനക്കാരെ സൃഷ്ടിക്കാനായതില്‍ പുസ്തകം വിജയിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഒരു സിനിമാറ്റിക് നോവല്‍ എന്ന നിലയില്‍ റാം c/o ആനന്ദി വായനക്കാര്‍ക്ക് നല്‍കുന്ന അനുഭവം മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കാന്‍ കഴിയുമോ എന്നത് സംശയം തന്നെയാണ്.

ഇതേ ശൈലിയും, രീതിയും മലയാള സാഹിത്യത്തില്‍ ഒറ്റപ്പെട്ടതു തന്നെയാണ്. ഒറ്റ വായനയായി അവസാനിപ്പിക്കാതെ വായനാ ലോകത്തേക്ക് കൊണ്ടുവരാന്‍ എന്തുചെയ്യാനാവുമെന്ന ഗൗരവമായ ചര്‍ച്ചയാണ് നമുക്കിനി ചെയ്യാനുള്ളത്. വായന മരിച്ചിട്ടില്ലെന്ന് നാം സമാധാനിക്കാറുള്ളത് എല്ലാവരും ഓണ്‍ലൈനില്‍ വായിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്. പക്ഷേ പുസ്തകം കയ്യിലെടുത്തു തന്നെ വായിക്കാന്‍ പുതിയ തലമുറയെ പഠിപ്പിച്ചു എന്നതാണ് അഖില്‍ പി ധര്‍മ്മജന് എഴുത്തുകാരന്‍ നിര്‍വഹിച്ച ചരിത്രപരമായ ദൗത്യം.

ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയകളിലാണിപ്പോള്‍ വായനയുടെ ആഘോഷം നടക്കുന്നത്. പുസ്തകങ്ങളിലെ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ പണ്ട് പ്രേമലേഖനങ്ങളില്‍ മാത്രമാണ് കണ്ടിരുന്നത്. ഇപ്പോളവയെല്ലാം നമ്മുടെ വാട്‌സാപ്പ് സ്റ്റാറ്റുകളിലും, ഇന്‍സ്റ്റഗ്രാം പേജുകളിലും നിറഞ്ഞു കാണാം.

വായന ഉണ്ടാക്കുന്ന സ്വാധീനം പ്രതിഫലിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ്. അതിനെ മോശമായി കാണേണ്ടതില്ല, കാലത്തിനനുസരിച്ചുള്ള മാറ്റമായാണ് നാം കാണേണ്ടത്. അതിനനുസരിച്ച് മാറുവാന്‍ നമ്മുടെ വായനശാലകള്‍ക്ക് കഴിയുന്നുണ്ടോ എന്നത് ഈ കാലത്ത് ചര്‍ച്ചക്ക് വിധേയമാക്കേണ്ട ഒരു കാര്യമാണ്.

നമ്മുടെ നാട്ടില്‍ എത്ര വായനശാലകള്‍ക്കാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉള്ളത്. ‘റാം c/o ആനന്ദി’ തേടി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് എവിടെയെങ്കിലും തങ്ങളുടെ വായനശാലയില്‍ ഈ പുസ്തകം ഉണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റര്‍ എവിടെയെങ്കിലും കാണാനാവുമോ! വായനശാലകള്‍ ഇപ്പോഴും ധാരാളം പുസ്തകങ്ങള്‍ അടിക്കിവെച്ച ഒരു സൂക്ഷിപ്പ് കേന്ദ്രം മാത്രമായി തുടരുകയാണ്.

വായനയുടെ ആഘോഷം നടക്കുന്ന ഓണ്‍ലൈന്‍ ഇടങ്ങളിലേക്ക് പുസ്തകങ്ങളുടെ വിവരമെത്തിക്കാന്‍ കഴിയാത്ത ലൈബ്രറേറിയന്മാര്‍ ഒറ്റയ്ക്കിരുന്നുകൊണ്ട് രജിസ്റ്റര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ‘റാം c/o ആനന്ദി ഈ വായനശാലയില്‍ ഉണ്ട്’ എന്ന പരസ്യം ചെയ്തുകൊണ്ട് പുതിയ സമൂഹത്തെ അവരവരുടെ നാട്ടിലെ വായനശാലകളിലേക്ക് അടുപ്പിക്കാനായാല്‍ ഇക്കാലത്ത് ചെയ്യുന്ന ഏറ്റവും ഫലപ്രദമായ ഒരിടപെടല്‍ ആയിരിക്കും.

ഒരു പൊതുവായ ഫോട്ടോസ് സോഫ്റ്റ്‌വെയറിലൂടെ കേരളത്തിലെ ലൈബ്രറികളിലെ പുസ്തകങ്ങളെ തിരയാനും എവിടെയാണുള്ളതെന്ന് കണ്ടെത്താനുമുള്ള സംവിധാനം അതിവേഗം യാഥാര്‍ത്ഥ്യമാവുമെന്നാണ് കരുതുന്നത്. ‘റാം c/o ആനന്ദി’ എന്ന നോവലിന് രൂപപ്പെടുത്താനായ ഒരു വായനാ സമൂഹത്തെ ഓരോ പ്രദേശത്തെ വായനശാലകളിലേക്കും, വായനയുടെ വിശാലമായ ലോകത്തിലേക്കും കൈപിടിച്ചു കൊണ്ടുപോകാനായി നമുക്ക് സ്വീകരിക്കാവുന്ന പുതിയ മാര്‍ഗങ്ങളെക്കുറിച്ച് കൂടിയുള്ള തുറന്ന ചര്‍ച്ചയാണ് ഇനി നടക്കേണ്ടത്.