| Friday, 28th March 2025, 5:00 pm

എന്നേക്കാള്‍ ആ സ്വപ്നം അദ്ദേഹത്തിന് ഉണ്ടായിരുന്നു: ആന്റണി പെരുമ്പാവൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1987ല്‍ മോഹന്‍ലാലിന്റെ ഡ്രൈവറായി കരിയര്‍ ആരംഭിച്ച ആന്റണി പെരുമ്പാവൂര്‍ പിന്നീട് ഹ്രസ്വ വേഷങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 2000ല്‍ അദ്ദേഹം മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്ന ആശിര്‍വാദ് സിനിമാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആശിര്‍വാദ് സിനിപ്ലെക്‌സിന്റ ഉടമയായ ആന്റണി പെരുമ്പാവൂര്‍ നിർമിച്ച എമ്പുരാന്‍ ഇന്നലെ (വ്യാഴം) പ്രദർശനത്തിനെത്തി.

ഇപ്പോള്‍ നടനും സംവിധായകനുമായ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍.

സിനിമ നിര്‍മിക്കുന്ന കാലം മുതലുള്ള സ്വപ്നമായിരുന്നു ബിഗ് ബജറ്റ് സിനിമകളെന്നും എന്നെങ്കിലും അത്തരത്തിലൊരു സിനിമ നിര്‍മിക്കാന്‍ സാധിക്കണമെന്നുണ്ടായിരുന്നുവെന്നും ആന്റണി പറഞ്ഞു. ആ സ്വപ്നം സാധ്യമായത് പൃഥ്വിരാജുമായിട്ടുള്ള സൗഹൃദമാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് തന്നെ വിശ്വസിച്ചുവെന്നും താന്‍ അതിന്റെ കൂടെ നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

എമ്പുരാൻ്റെ പ്രമോഷൻ പരിപാടിയിലാണ് ആൻ്റണി ഇക്കാര്യം പറഞ്ഞത്.

‘സിനിമ നിര്‍മിക്കുന്ന കാലം മുതലുള്ള സ്വപ്നമായിരുന്നു ബിഗ് ബജറ്റ് സിനിമ എന്നെങ്കിലും ജീവിതത്തില്‍ നിര്‍മിക്കാന്‍ സാധിക്കണമേ എന്ന്. അങ്ങനെയൊരു അസോസിയേഷന്‍ ഏതെങ്കിലും കാലത്ത് സാധിക്കണമെ എന്നൊക്കെ സ്വപ്നം കണ്ട് ജീവിച്ചവനാണ് ഞാന്‍.

ആ സ്വപ്നം എനിക്ക് യാഥാര്‍ത്ഥ്യമായത് പൃഥ്വിരാജുമായിട്ടുളള്ള സൗഹൃദമാണ്. അപ്പോള്‍ മുതല്‍ എന്റെ സ്വപ്നത്തിലേക്ക് കൂടുതല്‍ ചിന്തിക്കുകയും അത് യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി ആദ്യ സിനിമയില്‍ ശ്രമിച്ചു.

പക്ഷെ ഞാന്‍ മനസിലാക്കുന്നത് എന്നേക്കാള്‍ ആ സ്വപ്നം രാജുവിന് ഉണ്ടായിരുന്നു. എന്നെ രാജു വിശ്വസിച്ചു. ഞാന്‍ അതിന്റെ കൂടെ നില്‍ക്കുക മാത്രമാണ് ചെയ്തത്.

പൃഥ്വിരാജ് എന്താണോ ആഗ്രഹിച്ച് എന്നോട് ചോദിച്ചത് ഞാന്‍ അതിന്റെ കൂടെ നില്‍ക്കുകയല്ലാതെ ഞാന്‍ ഒരു രീതിയിലും മാറി നില്‍ക്കുകയോ ചിന്തിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

അപ്പോള്‍ എന്റെ സ്വപ്നങ്ങളെ നിറവേറ്റി തരാന്‍ ആ സൗഹൃദം ഒരു ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്,’ ആന്റണി പറഞ്ഞു.

Content Highlight: Raju had that dream more than me says Antony Perumbavoor

We use cookies to give you the best possible experience. Learn more