ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറാണ് രജിനികാന്ത്. തമിഴും കടന്ന് തന്റെ പ്രശസ്തി ലോകമെങ്ങും എത്തിക്കാന്‍ രജിനിക്ക് സാധിച്ചിട്ടുണ്ട്. രജിനികാന്തും തമിഴിനാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും തമ്മിലുള്ള ഈഗോ ക്ലാഷ് സിനിമാപ്രേമികള്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ജയലളിതയുമായി ഉണ്ടായ പഴയൊരു അനുഭവം പങ്കുവെക്കുകയാണ് രജിനികാന്ത്.
രജിനികാന്ത് Photo: Screen grab/ Galatta Tamil
ശിവാജി ഗണേശന് ഷെവലിയാര്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ അദ്ദേഹത്തെ ആദരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചെന്നും അതിനായി വലിയൊരു ഫങ്ഷന്‍ സംഘടിപ്പിച്ചിരുന്നെന്നും രജിനി പറഞ്ഞു. തമിഴിലെ വമ്പന്‍ താരങ്ങളും രാഷ്ട്രീയ പ്രമുഖരും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ പിറന്നാളിന് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രജിനികാന്ത്.
’95ലായിരുന്നു ഈ പരിപാടി. ചെപ്പോക്കിലായിരുന്നു നടത്തിയത്. ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം പ്രത്യേക ബസ് ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. അതില്‍ കയറി ചെപ്പോക്കിലെത്തുന്നു, പരിപാടി കഴിഞ്ഞ് തിരിച്ച് അതേ ബസില്‍ തിരിക്കുന്നു എന്നായിരുന്നു പ്ലാന്‍. എല്ലാവരും സംസാരിച്ചതിന് ശേഷം നന്ദി പറയാന്‍ എന്നെയായിരുന്നു ഏല്‍പിച്ചത്. അന്ന് ജയലളിതയായിരുന്നു മുഖ്യമന്ത്രി.
രജിനികാന്ത്, ജയലളിത Photo: Reddit
നന്ദി പറയുന്നതിന്റെ കൂടെ ആവേശത്തില്‍ ഞാന്‍ ജയലളിതയെ വിമര്‍ശിച്ച് ഒരുപാട് സംസാരിച്ചു. അന്നത്തെ ദേഷ്യത്തില്‍ ഞാന്‍ എന്തൊക്കെയോ സംസാരിച്ചു. അന്ന് പറഞ്ഞ വാക്കുകള്‍ പലരെയും പ്രകോപിപ്പിച്ചു. സി.എമ്മിന് ഞാന്‍ പറഞ്ഞ വാക്കുകള്‍ വല്ലാതെ കൊണ്ടു. ശിവാജി സാറിനെ അനുമോദിക്കുന്ന ചടങ്ങായിരുന്നെങ്കിലും എ.ഐ.എ.ഡി.എം.കെയുടെ അണികളായിരുന്നു അവിടെ കൂടുതലും. അവര്‍ക്കെല്ലാം എന്നോട് വലിയ ദേഷ്യം തോന്നി.
പരിപാടി കഴിഞ്ഞതിന് ശേഷം അവിടെ കൂടിയിരുന്ന ആരാധകരെ ഹാപ്പിയാക്കാന്‍ ഓപ്പണ്‍ ജീപ്പില്‍ ഒരു റൗണ്ട് പോകൂ എന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ഞാന്‍ അതിന് ഓക്കെ പറഞ്ഞു. ജീപ്പില് കയറി അവിടെ കൂടിയിരുന്ന ആളുകളുടെ അടുത്തേക്ക് ചെന്നപ്പോള്‍ എല്ലാവരും എന്നെ പൊതിഞ്ഞു. ബാഷ റിലീസായി നില്‍ക്കുന്ന സമയമായതിനാല്‍ എല്ലാവരും ആവേശത്തിലായിരുന്നു,’ രജിനികാന്ത് പറഞ്ഞു.
ഭാഗ്യരാജ് Photo: Screen grab/ Galatta Tamil
എന്നാല്‍ അതിന്റെ ഇടയില്‍ തന്നോട് ദേഷ്യമുള്ള ആളുകളുമുണ്ടായിരുന്നെന്ന് താരം പറയുന്നു. അവരില്‍ ചിലര്‍ തന്നെ തല്ലുകയും നുള്ളുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നെന്നും രജിനി കൂട്ടിച്ചേര്‍ത്തു. പൊലീസാണെങ്കില്‍ ഇതില്‍ ഇടപെട്ടില്ലെന്നും സി.എമ്മിനെതിരെ സംസാരിച്ചയാളാണെന്നു അവര്‍ ഇടപെട്ടാല്‍ എങ്ങാനും വല്ല പ്രശ്‌നമാകുമോ എന്ന് പേടിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടെയുള്ള ആര്‍ട്ടിസ്റ്റുകളെല്ലാം ബസില്‍ കയറി പോയിരുന്നെന്നും താന്‍ ഒറ്റക്കായിരുന്നെന്നും രജിനി പറയുന്നു.
‘എന്നാല്‍ ഇതെല്ലാം കണ്ടുകൊണ്ട് വന്ന ഭാഗ്യരാജ് പൊലീസുകാരോട് ദേഷ്യപ്പെട്ടു. ‘നിങ്ങള്‍ ചെയ്യുന്നതിന്റെ കോണ്‍സിക്വന്‍സ് എന്താകുമെന്ന് അറിയുമോ? നാളെ ഇത് വലിയ പ്രശ്‌നമാകും. അദ്ദേഹത്തെ ഇപ്പോള്‍ തന്നെ നിങ്ങളുടെ ജീപ്പില്‍ കയറ്റി വീട്ടില്‍ കൊണ്ടാക്കൂ. ഇല്ലെങ്കില്‍ നിങ്ങള്‍ ഈ ചെയ്തത് നാളെ മീഡിയക്ക് മുമ്പില്‍ ഞാന്‍ പറയും’ എന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. അന്ന് അദ്ദേഹം ചെയ്ത കാര്യത്തിന് ഞാന്‍ ആയുസ് മുഴുവന്‍ നന്ദിയുള്ളവനായിരിക്കും,’ രജിനികാന്ത് പറയുന്നു.
Content Highlight: Rajnikanth shares an old incident happened between him and Jayalalitha