തമിഴ് സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു തഗ് ലൈഫ്. കമല്‍ ഹാസന്‍- മണിരത്‌നം കോമ്പോയുടെ റീയൂണിയനും വമ്പന്‍ താരനിരയും പ്രേക്ഷകര്‍ക്ക് അമിതപ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ പഴകിത്തേഞ്ഞ തിരക്കഥ സിനിമക്ക് തിരിച്ചടിയായി. ആദ്യ ഷോയ്ക്ക് പിന്നാലെ തഗ് ലൈഫിനെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു.
ഇതിന് പിന്നാലെ ചിത്രത്തെ തലങ്ങും വിലങ്ങും സോഷ്യല്‍ മീഡിയയില്‍ ട്രോളുകയാണ്. ചിത്രത്തിലെ പല കഥാഗതികളുമായും ബന്ധമുള്ള വീഡിയോകളാണ് പലരും പങ്കുവെക്കുന്നത്. ഇത്രയും താരങ്ങളെ കൈയില്‍ കിട്ടിയിട്ടും അത് ശരിക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ പോയ സംവിധായകന്‍ മണിരത്‌നത്തെയും പലരും വെറുതെ വിട്ടില്ല.
എന്നാല്‍ ഇതിനിടയില്‍ ട്രോളന്മാരുടെ കൈയില്‍ പെടാതെ പോയ സിനിമയാണ് ലാല്‍ സലാം. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരോടൊപ്പം രജിനികാന്ത് സ്‌പെഷ്യല്‍ അപ്പിയറന്‍സിലെത്തിയ ലാല്‍ സലാമാണ് ആ ചിത്രം. രജിനിയുടെ മകള്‍ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.
ഒരു മണിക്കൂറോളം രജിനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടും സിനിമയെ രക്ഷിക്കാന്‍ സാധിച്ചില്ല. 50 കോടി പോലും നേടാന്‍ സാധിക്കാതെയാണ് ചിത്രം തിയേറ്റര്‍ വിട്ടത്. പിന്നാലെ, സിനിമയുടെ പ്രധാന ഭാഗങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ലാതായി എന്ന് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞതും വലിയ ചര്‍ച്ചാവിഷയമായി.
ഹാര്‍ഡ് ഡിസ്‌ക് ഇല്ലാത്തതിനാല്‍ ചിത്രം ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഏറ്റെടുത്തിരുന്നില്ല. ഇതും ട്രോളന്മാര്‍ ചര്‍ച്ചയാക്കി മാറ്റി. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എക്സ്റ്റന്‍ഡഡ് വേര്‍ഷനാണ് ഒ.ടി.ടിയിലെത്തിയിരിക്കുന്നത്.
തഗ് ലൈഫ് കാരണം ലാല്‍ സലാമിന് ട്രോളന്മാരുടെ കണ്ണില്‍ പെടാത്തതതും ചര്‍ച്ചയാകുന്നുണ്ട്. അതോടൊപ്പം സിനിമയിലെ മോശം രംഗങ്ങളും പ്രചരിക്കുന്നുണ്ട്. മൊയ്ദീന്‍ ഭായ് എന്ന അധോലോക നായകനായാണ് രജിനി ലാല്‍ സലാമില്‍ വേഷമിട്ടത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Rajnikanth’s Lal Salaam movie escaped from troll pages after OTT release because of Thug Life saying social media