| Thursday, 8th May 2025, 5:06 pm

പ്രതിഫലത്തിന്റെ കാര്യത്തിലും രജിനികാന്ത് തന്നെ സൂപ്പര്‍സ്റ്റാര്‍, ജയിലര്‍ 2വിനായി വാങ്ങുന്നത് റെക്കോഡ് തുക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

50 വര്‍ഷമായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന നടനാണ് രജിനികാന്ത്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജിനികാന്ത് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കമല്‍ ഹാസന്റെ വില്ലനായി കരിയറിന്റെ തുടക്കത്തില്‍ നിരവധി ചിത്രങ്ങള്‍ ചെയ്ത രജിനികാന്ത് പിന്നീട് നായകവേഷത്തിലും തിളങ്ങി.

തുടര്‍ന്ന് വളര വേഗത്തിലായിരുന്നു രജിനികാന്ത് എന്ന താരം ഇന്ത്യന്‍ സിനിമയില്‍ പടര്‍ന്ന് പന്തലിച്ചത്. മറ്റ് നടന്മാരില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ തന്റേതായ അഭിനയശൈലി കൊണ്ടുവന്ന രജിനി പ്രേക്ഷകര്‍ക്കിടയില്‍ സ്റ്റൈല്‍ മന്നനായി മാറി. രജിനിയുടെ ഓരോ സിനിമകളും തമിഴ്‌നാട്ടില്‍ ആഘോഷമായി മാറുകയും ചെയ്തു. അണ്ണാമലൈ എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ എന്ന ടൈറ്റിലും രജിനിയുടെ പേരിനൊപ്പം ചേര്‍ന്നു.

ഇന്നും രജിനിയുടെ സ്റ്റൈലിനും ആക്ഷനും പകരംവെക്കാന്‍ മറ്റൊരു നടനും സാധിച്ചിട്ടില്ല. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമുയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനായി രജിനികാന്ത് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലര്‍ 2വിനായി 260 കോടിയാണ് രജിനികാന്ത് പ്രതിഫലമായി വാങ്ങുന്നത്.

സ്റ്റാര്‍ഡത്തിന്റെ കാര്യത്തില്‍ നിലവില്‍ രജിനിയുടെ തുല്യനായി പലരും കണക്കാക്കുന്ന വിജയ് വാങ്ങുന്ന പ്രതിഫലത്തെക്കാള്‍ കൂടുതലാണ് ഇത്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് ഭാഗമാകുന്ന ജന നായകന്‍ എന്ന ചിത്രത്തിനായി 250 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. മുന്‍ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ 220 കോടിയായിരുന്നു വിജയ്‌യുടെ പ്രതിഫലം. ചിത്രം 400 കോടിക്കുമുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ സിനിമയിലെ മറ്റ് വമ്പന്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, പ്രഭാസ്, അല്ലു അര്‍ജുന്‍ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് രജിനിയും വിജയ്‌യും മുന്‍പന്തിയിലെത്തിയത്. എന്നാല്‍ അല്ലു അര്‍ജുന്‍, പ്രഭാസ് എന്നിവര്‍ തങ്ങളുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു. പുഷ്പ 2 എന്ന ചിത്രത്തില്‍ പ്രതിഫലത്തിന് പകരം ലാഭത്തിന്റെ ഷെയറാണ് അല്ലു അര്‍ജുന്‍ വാങ്ങിയത്. 2000 കോടി നേടിയ ചിത്രത്തില്‍ 320 കോടി അല്ലു അര്‍ജുന് ഷെയറായി ലഭിച്ചിരുന്നു.

അല്ലുവിന്റെ അടുത്ത ചിത്രത്തിലും ഇതേ രീതിയാണ് താരം പിന്തുടരുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാഭത്തിന്റെ 15 ശതമാനം തനിക്ക് വേണമെന്ന് അല്ലു ആവശ്യപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ അറ്റ്‌ലീയും 10 ശതമാനം അവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം രീതികള്‍ സിനിമയുടെ ബജറ്റ് കൃത്യമായി ഉപയോഗിക്കാന്‍ സഹായിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Rajnikanth become the highest paid Indian actor and he got remuneration of 260 crore for Jailer 2

We use cookies to give you the best possible experience. Learn more