ഒരു ബ്രേക്ക് എടുത്ത് പ്രിപ്പയര്‍ ചെയ്തത് ആ സിനിമക്ക് വേണ്ടി; അതൊന്നും അറിയാതെ തുടങ്ങിയ യാത്ര: രജിഷ വിജയന്‍
Malayalam Cinema
ഒരു ബ്രേക്ക് എടുത്ത് പ്രിപ്പയര്‍ ചെയ്തത് ആ സിനിമക്ക് വേണ്ടി; അതൊന്നും അറിയാതെ തുടങ്ങിയ യാത്ര: രജിഷ വിജയന്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 14th April 2026, 9:07 pm

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലിസബത്തായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് രജിഷ വിജയന്‍. ജൂണ്‍, ഫൈനല്‍സ്, ലൗവ് തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമായ രജിഷ തമിഴ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

സ്റ്റെഫി സേവ്യറിന്റെ സംവിധാനത്തില്‍ എത്തിയ മധുര മനോഹര മോഹത്തിന് ശേഷം മലയാളത്തില്‍ അത്ര സജീവമാകാതിരുന്ന താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം മസ്തിഷ മരണമാണ്. കൃഷന്ദിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ ഫ്രിഡ സോമനെന്ന കഥാപാത്രമായി നടി കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താന്‍ ചെയ്ത സിനിമകളെ കുറിച്ച് രജിഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താന്‍ ചെയ്യുന്ന ഓരോ സിനിമയും തനിക്ക് സ്‌പെഷലാണെന്നും എന്നാല്‍ ആദ്യ സിനിമ എന്നും എക്‌സ്ട്രാ സ്‌പെഷല്‍ ആയിരിക്കുമെന്നും രജിഷ പറയുന്നു. മനോരാമ ആഴ്ച്ച പതിപ്പുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒന്നും അറിയാതെ തുടങ്ങുന്ന ഒരു യാത്രയാണത്. അതുകൊണ്ട്, ആദ്യസിനിമയായ ‘അനുരാഗ കരിക്കിന്‍വെള്ളം’ എനിക്ക് വളരെ സ്‌പെഷല്‍ ആണ്. ‘ജൂണ്‍’ ആണ് പ്രിയപ്പെട്ട മറ്റൊരു സിനിമ. ഒരു ബ്രേക്ക് എടുത്ത് ശരിക്കും പ്രിപ്പയര്‍ ചെയ്തത് ജൂണിന് വേണ്ടിയാണ്. പത്തു വര്‍ഷമായി എന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ പറ്റുന്നില്ല.

അഭിനയിക്കാന്‍ വരുമ്പോള്‍ ഈ രംഗത്തെ പലരും ഉപദേശിച്ചത്, അഭിനയത്തിന് ഒരു ഷെല്‍ഫ് ലൈഫ് ഉണ്ട്. അധികകാലം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട്, പറ്റാവുന്ന റോളൊക്കെ ചെയ്ത് നിറഞ്ഞുനിന്നോളൂ എന്നായിരുന്നു. എനിക്കു മാത്രമല്ല, സിനിമയില്‍ വരുന്ന എല്ലാ നടിമാര്‍ക്കും ഈ ഉപദേശം കിട്ടാറുണ്ട്. ആ ഉപദേശം കേള്‍ക്കാതെ, ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്ത്, ഇപ്പോഴും ഇവിടെ നില്‍ക്കാന്‍ പറ്റുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ, ഇതെല്ലാം സംഭവിക്കുന്നത് പ്രേക്ഷകര്‍ കാരണമാണ്,’ രജിഷ പറയുന്നു.

മസ്തിഷ്‌ക മരണം സിനിമയ്ക്ക് വേണ്ടി 15 കിലോ കുറച്ചിരുന്നുവെന്നും ആറു മാസം എടുത്താണ് മാറ്റം കൊണ്ടുവന്നതെന്നും രജിഷ വിജയന്‍ പറയുന്നു. തന്റെ ട്രെയിനര്‍ ഷിഫാസാണ് ഇതിന്റെ പിന്നിലെന്നും പട്ടിണി കിടന്നും ക്രാഷ് ഡയറ്റ് ചെയ്തുമല്ല ഈ മാറ്റം വരുത്തിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധിച്ചുള്ള ന്യൂട്രിഷന്‍, ഹൈപ്രോട്ടീന്‍ ഡയറ്റായിരുന്നു പ്രധാനമെന്നും ഇതുകൂടാതെ ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ടും ഒരു മണിക്കൂര്‍ ബോക്സിങ്ങും ഉണ്ടായിരുന്നുവെന്നും രജിഷ കൂട്ടിച്ചേര്‍ത്തു. ഭാരം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോ വൈറല്‍ ആയിരുന്നുവെന്നും താരം പറഞ്ഞു.

മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സൈബര്‍ പങ്ക് സയന്‍സ്ഫിക്ഷന്‍ ഴോണറിലൊരുങ്ങിയ സിനിമയാണ് രജിഷയുടേതായി ഒടുവില്‍ വന്ന മസ്തിഷ്‌ക മരണം. 2046ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചി നഗരത്തില്‍ മനുഷ്യരുടെ സ്വകാര്യ ഓര്‍മകളെ ചിപ്പുകളിലാക്കി വില്‍ക്കുന്ന ഒരു കാലഘട്ടത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ ദിവ്യ പ്രഭ, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Rajisha Vijayan talks about the films she has done and the advice she has received in the industry

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.