മലയാളികൾക്ക് സുപരിചിതയായ നടി രജിഷ വിജയൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും ഇരയായിരുന്നു. മസ്‌തിഷ്‌ക മരണം എന്ന സിനിമയിലെ ഐറ്റം ഡാൻസ് രംഗമാണ് വിവാദങ്ങൾക്ക് കാരണമായത്. വർഷങ്ങൾക്ക് മുൻപ് ‘ഐറ്റം ഡാൻസ് ചെയ്യില്ല’ എന്ന് താരം പറഞ്ഞ വീഡിയോയും പുതിയ ഡാൻസ് രംഗവും ചേർത്ത ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായത്.
ഇതിന് മറുപടിയുമായി രജിഷ വിജയൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അഞ്ജലി പിള്ളയുടെ ‘ദ ഫോർത്ത് വാൾ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് പറഞ്ഞത്.
‘ആളുകളെ ഞാൻ കുറ്റം പറയുന്നില്ല. ഒരു സമയത്ത് ഒരു കാര്യം പറഞ്ഞിട്ട് പിന്നീടത് മാറ്റുമ്പോൾ ആളുകൾക്ക് സംശയം തോന്നും. അത് സ്വാഭാവികമാണ്. പക്ഷേ മനുഷ്യർ എപ്പോഴും മാറിക്കൊണ്ടിരിക്കും. സംവിധായകൻ കൃഷാന്ത് എന്നെ ഇത് ചെയ്യാൻ കൺവിൻസ് ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മസ്‌തിഷ്‌ക മരണം കണ്ടാൽ മനസിലാകും. ഞാൻ അന്ന് പറഞ്ഞത് മറന്നിട്ടില്ല. പക്ഷേ ഇതിന് തക്കതായ കാരണമുണ്ട്,’ രജിഷ പറഞ്ഞു.
രജിഷ വിജയൻ, Photo: YouTube/ Screen grab
തന്റെ കരിയറുമായി ബന്ധപ്പെട്ട ആശങ്കകളെയും താരം തുറന്നുപറഞ്ഞു. ‘സിനിമയുണ്ടാകുമോ എന്നതിലുപരി വർക്ക് ഉണ്ടാകുമോ എന്ന ചിന്ത എല്ലാ മനുഷ്യർക്കുമുണ്ട്. പ്രത്യേകിച്ച് പാഷനുള്ള മേഖലയിലായാൽ ആ ഭയം കൂടുതലാകും. മറ്റുജോലികൾ ചെയ്യാൻ എനിക്ക് കഴിയും. പക്ഷേ സിനിമയിൽ നിന്നുള്ള സന്തോഷവും തൃപ്തിയും അറിഞ്ഞതിനാൽ അത് നഷ്ടപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നു,’ രജിഷ പറഞ്ഞു.
ഒരു ഘട്ടത്തിൽ സ്ത്രീകഥാപാത്രങ്ങൾ കുറഞ്ഞപ്പോൾ യഥാർത്ഥത്തിൽ ഭയപ്പെട്ടിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ ലോക എന്ന സിനിമ സംഭവിച്ചതോടെ ആത്മവിശ്വാസം വീണ്ടെടുത്തുവെന്നും ആ വിജയം വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ളതായിരുന്നുവെന്നും രജിഷ കൂട്ടിച്ചേർത്തു.
അത്തരം സിനിമകൾ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് വഴി തുറക്കും. അഭിനേതാക്കൾ ഒരിക്കലും ഡെസ്പറേറ്റ് ആകരുത്. അങ്ങനെ ആകുമ്പോൾ മോശം തീരുമാനങ്ങൾ എടുക്കുമെന്നും താരം പറഞ്ഞു.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് മസ്തിഷ്ക മരണം നിർമിക്കുന്നത്. ‘മസ്‌തിഷ്‌ക മരണം: എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ വൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.