ഒരു ഷോട്ടിന് വേണ്ടി മമ്മൂക്കയുടെ പുറകെ നടന്നു: അന്ന് കുട്ടിയെ പോലെ അത് ആസ്വദിച്ചു: രജിഷ വിജയന്‍
Malayalam Cinema
ഒരു ഷോട്ടിന് വേണ്ടി മമ്മൂക്കയുടെ പുറകെ നടന്നു: അന്ന് കുട്ടിയെ പോലെ അത് ആസ്വദിച്ചു: രജിഷ വിജയന്‍
ഐറിന്‍ മരിയ ആന്റണി
Wednesday, 28th January 2026, 2:52 pm

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് രജിഷാ വിജയന്‍. പിന്നീട് ജൂണ്‍, ലവ്, മലയന്‍കുഞ്ഞ് തുടങ്ങി മികച്ച സിനിമകളില്‍ അഭിനയിച്ച നടി തമിഴിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കളങ്കാവലാണ് രജീഷയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ദിവ്യ എന്ന കഥാപാത്രമായാണ് രജിഷ എത്തിയത്.

Photo: രജിഷ വിജയന്‍ screengrab/youtube.com

ഇപ്പോള്‍ ഫോര്‍ത്ത് വാളിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ചും കളങ്കാവാല്‍ സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് നടി.

‘ഒരു പാസിങ് ഷോട്ട് ആണെങ്കിലും എന്നെ വിളിക്കണേ എന്ന് ഞാന്‍ മമ്മൂക്കയുടെ അടുത്ത് എത്രയോ കാലം മുമ്പ് പറഞ്ഞതാണ്. മമ്മൂക്ക ഒരു ലെജന്ററി ആക്ടറാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു.

അങ്ങനെയുള്ളവരുടെ കൂടെ ഒരു ഷോട്ട് എങ്കിലും നില്‍ക്കാന്‍ കഴിഞ്ഞാല്‍ അതെനിക്ക് വല്ലാതെ സംതൃപ്തി തരാറുണ്ട്. ഞാന്‍ കണ്ടു വളര്‍ന്ന ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് നേരിട്ട് കാണാന്‍ എനിക്കിഷ്ടമാണ്. അവരില്‍ നിന്ന് ആ കഥാപാത്രത്തിലേക്ക് മാറുമ്പോള്‍ ഉള്ള മാജിക് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു.

സ്‌ക്രീനില്‍ എന്താണ് നടക്കുന്നതെന്ന് വളരെ എക്‌സൈറ്റ്‌മെന്റോടെ ഒരു കുട്ടിയെ പോലെ ഞാന്‍ ഇരുന്ന് കാണും. ഒരു ഫ്രെയ്മില്‍ ഒന്നിച്ച് എത്രപേര്‍ക്ക് അവരോടൊപ്പം നില്‍ക്കാനുള്ള അവസരം ലഭിക്കും,’ രജിഷ വിജയന്‍ പറഞ്ഞു.

ഒരുപാട് പേര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടെന്നും അത്തരം ഒരു അവസരത്തിനായി കാത്തിരുന്നയാളാണ് താനെന്നും രജിഷ കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി തന്റെ അടുത്ത് സിനിമയുടെ കാര്യം പറഞ്ഞപ്പോഴേക്കും താന്‍ ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ഒരുപാട് കഥാപാത്രങ്ങളുണ്ട് നിന്റെ കഥാപാത്രത്തിന് സ്‌ക്രീന്‍ ടൈം കുറവാണ്, ചെയ്യുന്നോ എന്ന് മമ്മൂക്ക ചോദിച്ചു. അപ്പാള്‍ തന്നെ ഞാന്‍ ഓക്കെ പറഞ്ഞു. പിന്നീട് ജിതിന്‍ വന്ന് കഥ പറഞ്ഞുതന്നു. ഇതിലേത് കഥാപാത്രമാണ് വേണ്ടതെന്ന് ചോദിച്ചു. പിന്നെ എന്റെ ക്യാരക്ടറിനെ ഞാന്‍ ചൂസ് ചെയ്തു,’ രജിഷ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇറങ്ങി ഹിറ്റായ ചിത്രങ്ങളിലൊന്നായിരുന്നു കളങ്കാവല്‍. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയായിരുന്നു.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാന്‍ലി ദാസ് സ്ത്രീകളെ വശീകരിച്ച് പ്രണയത്തിലാഴ്ത്തുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സൈക്കാ കഥാപാത്രമായാണ് എത്തിയത്.

Content Highlight: Rajisha vijayan talks about Mammootty and the movie kalamkaval

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.