ഒരു മാസം സിനിമ തിയേറ്ററില്‍ ഓടി; പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രതികരണം ലഭിച്ചിരുന്നു: രജിഷ വിജയന്‍
Malayalam Cinema
ഒരു മാസം സിനിമ തിയേറ്ററില്‍ ഓടി; പ്രതീക്ഷിച്ചതിലും അപ്പുറമുള്ള പ്രതികരണം ലഭിച്ചിരുന്നു: രജിഷ വിജയന്‍
ഐറിന്‍ മരിയ ആന്റണി
Tuesday, 14th April 2026, 11:16 pm

മലയാളത്തിന് പുറമെ തമിഴിലും തന്റേതായ ഇടം നേടിയ അഭിനയത്രിയാണ് രജിഷ വിജയന്‍. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ കരിയര്‍ ആരംഭിച്ച താരം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്‍ഡസ്ട്രയില്‍ സജീവമാണ്. രജിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മസ്തിഷ്‌ക മരണം റിലീസിന് മുമ്പും ശേഷവും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയില്‍ നിറഞ്ഞിരുന്നു.

2046 കാലത്തിലെ കൊച്ചി നഗരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഫ്രിഡ സോമനെന്ന കഥാപാത്രമായാണ് രജിഷ എത്തിയത്. ഇതുവരെ ചെയ്യാത്ത വളരെ വ്യത്യസ്തമായ ലുക്കിലായിരുന്നു മസ്തിഷ്‌ക മരണത്തില്‍ രജിഷ പ്രത്യക്ഷപ്പെട്ടത്.

മികച്ച പ്രതികരണം നേടിയ സിനിമ എന്നാല്‍ തിയേറ്ററില്‍ വേണ്ടത്ര വിജയം നേടിയില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞു. ഇപ്പോഴിതാ മസ്തിഷ്‌ക മരണത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് രജിഷ വിജയന്‍.

‘ഇതുവരെ ചെയ്യാത്ത വിധത്തിലുള്ള പല ലുക്കും മസ്തിഷക മരണത്തിന് വേണ്ടി പരീക്ഷിച്ചിട്ടുണ്ട്. സിനിമ ഒരു മാസം തിയറ്ററില്‍ ഓടി. നെറ്റ്ഫ്‌ളിക്‌സില്‍ ഇറങ്ങിയതിനുശേഷം വീണ്ടും കണ്ട് അഭിപ്രായം അറിയിച്ചവരുണ്ട്.

തിയറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ ഇപ്പോള്‍ കാണുകയും സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഞാന്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള നല്ല പ്രതികരണങ്ങളാണ് കിട്ടിയത്. ഈ സിനിമക്ക് വേണ്ടിയും ഞാന്‍ ഭാരം കുറച്ചിരുന്നു. ഭാരം കുറയ്ക്കുന്നതിന് മുന്‍പും ശേഷവുമുള്ള ഫോട്ടോ വൈറല്‍ ആയിരുന്നു,’ രജിഷയുടെ വാക്കുകള്‍.

ആദ്യം മുതല്‍ക്കേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നുവെന്നും ചെറുപ്പത്തില്‍ സ്റ്റേജ് ഷോകളിലൊക്കെ പങ്കെടുക്കുമായിരുന്നുവെന്നും നടി പറയുന്നു. തന്റെ അമ്മ ഷീല ആര്‍മി സ്‌കൂളില്‍ ടീച്ചര്‍ ആയിരുന്നുവെന്നും അതുകൊണ്ട് എല്ലാ പരിപാടികളിലും പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നും രജിഷ പറഞ്ഞു. പ്രസംഗം, ഡിബേറ്റ്, കവിതാപാരായണം, ഡാന്‍സ്, സ്‌പോര്‍ട്‌സ് തുടങ്ങി എല്ലാ മത്സരങ്ങളിലും താന്‍ പങ്കെടുക്കുമായിരുന്നുവെന്നും പാട്ടു മാത്രമാണ് എനിക്ക് പറ്റാതിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

പരുഷ പ്രേതം, ആവാസവ്യൂഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ കൃഷന്ദ് അണിയിച്ചൊരുക്കിയ മസ്തിഷ്‌ക മരണം ഫെബ്രുവരി 27നാണ് തിയേറ്ററുകളിലെത്തിയത്. 2046ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചി പശ്ചാത്തലമായെത്തിയ ഈ ചിത്രം മലയാളത്തില്‍ ഇതുവരെ കാണാത്ത സൈബര്‍പങ്ക് ഴോണറിലാണ് ഒരുങ്ങിയത്. സിനിമയില്‍ രജിഷക്ക് പുറമെ ദിവ്യ പ്രഭ, നിരഞ്ച് മണിയന്‍പിള്ള രാജു എന്നിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Rajisha Vijayan says the movie masthishka maranam  received a better response than expected

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.