പരുഷ പ്രേതം, ആവാസവ്യൂഹം എന്നീ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ കൃഷന്ദ് അണിയിച്ചൊരുക്കിയ മസ്തിഷ്‌ക മരണം ഒ.ടി.ടിയിലേക്ക്. രജിഷ വിജയന്‍, ദിവ്യ പ്രഭ, നിരഞ്ച് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഫെബ്രുവരി 27നാണ് തിയേറ്ററുകളിലെത്തിയത്.
2046ലെ ഫ്യൂച്ചറിസ്റ്റിക് കൊച്ചി പശ്ചാത്തലമായെത്തിയ ഈ ചിത്രം മലയാളത്തില്‍ ഇതുവരെ കാണാത്ത സൈബര്‍പങ്ക് ഴോണറിലാണ് ഒരുങ്ങിയത്. മനുഷ്യരുടെ സ്വകാര്യ ഓര്‍മകളെ ചിപ്പുകളിലാക്കി വില്‍ക്കുന്ന ഒരു വിചിത്ര കാലഘട്ടത്തെയാണ് സിനിമ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന ചിത്രം കൂടിയായിരുന്നു മസ്തിഷ്‌ക മരണം.
കൃഷന്ദിന്റെ ആദ്യ ഔദ്യോഗിക തിയേറ്റര്‍ റിലീസായെത്തിയ മസ്തിഷ്‌ക മരണം മികച്ച പ്രതികരണങ്ങള്‍ നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഒരു മാസത്തിനിപ്പുറം ചിത്രം ഒടി.ടി റിലീസിന് എത്തുകയാണ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫിളിക്‌സാണ് സിനിമ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ചിത്രം എന്ന് ഒ.ടി.ടിയിലെത്തുമെന്നതിനെ പറ്റി വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
പുരുഷ പ്രേതം എന്ന സിനിമയ്ക്ക് ശേഷം കൃഷന്ദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത് ചിത്രമാണ് മസ്തിഷ്‌ക മരണം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിച്ചത്. സിനിമയില്‍ ആന്‍ ജമീല സലീം, ശാന്തി ബാലചന്ദ്രന്‍, വിഷ്ണു അഗസ്ത്യ എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.